പത്തനംതിട്ട: അടൂർ സിപിഐഎംലോക്കൽ കമ്മറ്റി യോഗത്തിൽ സോഷ്യലിസം. ജില്ലാ സെക്രട്ടറി നോക്കി നിൽക്കേ ലോക്കൽ സെക്രട്ടറിയെ കമ്മറ്റിയംഗം തല്ലി. നേരത്തേ ഇതേ ആൾക്കാർ തമ്മിൽ തെരുവിൽ നടന്ന തല്ല് ലോക്കൽ കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് വീണ്ടും അടിയുണ്ടായത്. ശനിയാഴ്ച വൈകിട്ട് സിപിഐഎം അടൂർ ഏരിയാ കമ്മിറ്റി ഓഫീസിലാണ് സംഭവം. സിപിഐഎം ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടന്ന അടൂർ ലോക്കൽ കമ്മിറ്റി യോഗത്തിലാണ് സെക്രട്ടറി കെജി വാസുദേവനെ ലോക്കൽ കമ്മിറ്റിയംഗം സുനിൽ ബാബു മർദ്ദിച്ചത്.

കഴിഞ്ഞ ഹർത്താൽ ദിവസം വൈകിട്ട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള നഗര സഭാധ്യക്ഷയുടെ വ്യാപാര സ്ഥാപനത്തിന് സമീപമുണ്ടായ മർദ്ദനമാണ് ലോക്കൽ കമ്മിറ്റി വിളിച്ചു ചേർക്കാൻ ഇടയാക്കിയത്.ഏരിയാ കമ്മിറ്റിയംഗം റോഷൻ ജേക്കബ്, മുന്നാളം ബ്രാഞ്ച് സെക്രട്ടറി രാജേഷ്, എന്നിവർ സുനിൽ ബാബുവുമായി സംസാരിക്കുന്നത് ലോക്കൽ സെക്രട്ടറി മൊബൈലിൽ പകർത്താൻ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെ സുനിൽ ബാബു ചോദ്യം ചെയ്യുകയും ഒടുവിൽ കൈയേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. മർദ്ദിച്ച ശേഷം ലോക്കൽ സെക്രട്ടറിയുടെ ഫോണും അടിച്ചു തകർത്തതായി പറയപ്പെടുന്നു.

മർദ്ദനം കണ്ട് ആളുകൾ ഓടിക്കൂടിയെങ്കിലും ഒരേ പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നമായതിനാൽ ആരും വിഷയത്തിൽ ഇടപെട്ടില്ല. നഗരമധ്യത്തിലുണ്ടായ വിഷയം ചർച്ച ചെയ്യാനാണ് ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ലോക്കൽ കമ്മിറ്റി വിളിച്ചു ചേർത്തത്. യോഗത്തിനിടെ ലോക്കൽ സെക്രട്ടറി സുനിൽ ബാബുവിനെതിരെ വ്യക്തിപരമായ പരാമർശം നടത്തിയതാണ് വീണ്ടും മർദ്ദിക്കാനിടയാക്കിയതെന്നറിയുന്നു. ലോക്കൽ കമ്മിറ്റി പിടിച്ചെടുക്കാൻ ഇരു വിഭാഗങ്ങൾ തമ്മിൽ നടക്കുന്ന വിഭാഗീയതയാണ് മർദ്ദനത്തിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു.

സിപിഐഎം ഏരിയാ കമ്മിറ്റിയംഗം കുടിയായ കെജി വാസുദേവൻ പന്നിവിഴ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം കൂടിയാണ്. ഇതേ ബാങ്കിലെ ജീവനക്കാരനാണ് സുനിൽ ബാബു. ലോക്കൽ സെക്രട്ടറിയെ പരസ്യമായും പാർട്ടി ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിലും മർദ്ദിച്ച കമ്മിറ്റിയംഗത്തിനെതിരെ ലോക്കൽ സമ്മേളനത്തിന് ശേഷം നടപടിയെടുക്കുമെന്നാണറിയുന്നത്.