- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിമൻ ബസു പതാക ഉയർത്തി; സിപിഐ(എം) പ്ലീനത്തിന് കൊൽക്കത്തയിൽ തുടക്കമായി; ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെ റാലിയിൽ അണിനിരന്നത് പത്ത് ലക്ഷത്തോളം പേർ; കേരളത്തിൽ പാർട്ടി അധികാരത്തിൽ വരുമെന്ന് കോടിയേരി; മോദിയെയും മമതയെയും നീക്കി ഇന്ത്യയെ രക്ഷിക്കണമെന്ന് യെച്ചൂരി
കൊൽക്കത്ത: സിപിഐ(എം) രാഷ്ട്രീയത്തിന്റെ ഭാവി തന്നെ നിശ്ചയിക്കുന്ന വിധത്തിൽ മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന അഖിലേന്ത്യാ പ്ലീനത്തിന് കൊൽക്കത്തയിൽ തുടക്കമായി. പത്ത് ലക്ഷത്തോളം പേർ അണിനിരന്ന പടകൂറ്റൻ റാലിയോടെയാണ് പ്ലീനത്തിന് തുടക്കമായത്. ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് സിപിഐ(എം) റാലി. സംഘാടകസമിതി അധ്യക്ഷനും പി ബി അം

കൊൽക്കത്ത: സിപിഐ(എം) രാഷ്ട്രീയത്തിന്റെ ഭാവി തന്നെ നിശ്ചയിക്കുന്ന വിധത്തിൽ മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന അഖിലേന്ത്യാ പ്ലീനത്തിന് കൊൽക്കത്തയിൽ തുടക്കമായി. പത്ത് ലക്ഷത്തോളം പേർ അണിനിരന്ന പടകൂറ്റൻ റാലിയോടെയാണ് പ്ലീനത്തിന് തുടക്കമായത്. ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് സിപിഐ(എം) റാലി. സംഘാടകസമിതി അധ്യക്ഷനും പി ബി അംഗവുമായ ബിമൻ ബസു പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾക്ക് തുടക്കമാകും. പോളിറ്റ് ബ്യൂറോ അംഗങ്ങളും കേന്ദ്ര കമ്മിറ്റിയംഗങ്ങളും പ്രതിനിധികളും സമ്മേളനവേദിയിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പങ്ങൾ അർപ്പിച്ചു.
തൃണമൂൽ കോൺഗ്രസിനെ മാറ്റി ബംഗാളിനെയും നരേന്ദ്ര മോദിയെ നീക്കി ഇന്ത്യയെയും രക്ഷിക്കണെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. രാജ്യത്ത് വർഗീയ വിഷം വിതറാനുള്ള തീവ്രശ്രമത്തിലാണ് വർഗീയ വാദികൾ എന്നും അങ്ങനെ സഹോദരങ്ങളെ തമ്മിൽതല്ലിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. യെച്ചൂരിക്ക് പുറമേ സിപിഐ(എം) നേതാക്കളും വിമർശനം ഉന്നയിച്ചു.
രാജ്യത്തെ കർഷക ആത്മഹത്യകൾ അവസാനിപ്പിക്കണമെന്ന് ബിമൻ ബോസ് പ്രസംഗത്തിൽ ആവശ്യപ്പെട്ടു. തൊഴിലാളികളുടെയും കർഷകരുടയെും കൂടെ നിൽക്കാത്ത സർക്കാറിനെ പുറത്താക്കണമെന്നും ബോസ് പറഞ്ഞു. ഹിന്ദു മൗലികവാദത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുസ്‌ലിം മൗലികവാദത്തെക്കുറിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സൂര്യകാന്ത മിശ്ര, മണിക് സർക്കാർ, വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണൻ, മുഹമ്മദ് സലീം എന്നിവർ അഭിസംബോധന ചെയ്തു. ഉദ്ഘാടന വേദിയിൽ പ്രസംഗിച്ച നേതാക്കളിൽ ബംഗാളിൽ നിന്നുള്ളവരാരും കോൺഗ്രസിനെ വിമർശിച്ചില്ല എന്നത് ശ്രദ്ധേയമായി. അതേസമയം കോടിയേരി ബാലകൃഷ്ണൻ കേരളത്തിലെ അഴിമതികളെ കുറിച്ച് എടുത്തുപറഞ്ഞു. മുഖ്യമന്ത്രി ആരോപണ വിധേയനായ സോളാർ കേസും ബാർകോഴ കേസുമൊക്കെ കോടിയേരി പ്രസംഗത്തിൽ സൂചിപ്പിച്ചു. കേരളത്തിൽ വർഗീയത വളർത്താൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

കേരളത്തിലും പശ്ചിമ ബംഗാളിലും ഇടതുപക്ഷം അധികാരത്തിൽ വരുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 1978ൽ ബംഗാളിലെ സാൽക്കിയയിൽ പ്ലീനം കഴിഞ്ഞപ്പോൾ കേരളത്തിൽ നായനാർ സർക്കാർ അധികാരത്തിൽ വന്നു. ഇത്തവണയും അത് സംഭവിക്കുമെന്നും കോടിയേരി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അഴിമതി ഭരണത്തെയും ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തെയും തോൽപിക്കാൻ ഇടതുമുന്നണിക്ക് സാധിച്ചെന്നും കോടിയേരി വ്യക്തമാക്കി.
വൈകിട്ട് ആറിന് കൊൽക്കത്ത ജില്ലാ കമ്മിറ്റി ആസ്ഥാനമായ പ്രമോദ്ദാസ് ഗുപ്ത ഭവനിലാണ് പഌനം. കരടുസംഘടനാ റിപ്പോർട്ടും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രമേയവും അവതരിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്ന് 443 പ്രതിനിധികളാണ് പ്ലീനത്തിൽ പങ്കെടുക്കുന്നത്. കേരളത്തിൽനിന്ന് 88 പ്രതിനിധികളുണ്ട്.

ബംഗാളിലും കേരളത്തിലും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സിപിഐ(എം) പ്ലീനം സംഘടിപ്പിച്ചിരുക്കുന്നത്. മമതാ ബാനർജിയെയും ബിജെപിയെയും നേരിടാൻ കോൺഗ്രസുമായി ഉപധികളോടെ സഖ്യമാകാം എന്നതാണ് ബംഗാൾ ഘടകത്തിലെ ഒരു വിഭാഗം നേതാക്കൾക്കുള്ള അഭിപ്രായം. എന്നാൽ ഈ നീക്കത്തെ കേരളത്തിൽ നിന്നുള്ള നേതാക്കൾ എതിർത്തേക്കും. ഈ സാഹചര്യത്തിലാണ് ബംഗാൾ നേതാക്കൾ കോൺഗ്രസിനെ ആക്രമിക്കാതെ പ്രസംഗിച്ചതും ശ്രദ്ധേയമാകുന്നത്.

സിപിഐ എമ്മിന്റെ സംഘടനാശേഷി വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളാണ് പ്ലീനം ചർച്ചചെയ്യുകയെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. സംഘടനാശേഷി വർധിപ്പിച്ച് ജനപിന്തുണ ഉറപ്പിച്ചല്ലാതെ നവലിബറൽ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ ഫലപ്രദമായ പോരാട്ടം സാധ്യമാകില്ല. മോദിഭരണത്തിനു കീഴിൽ നവലിബറൽ നയങ്ങളും വർഗീയതയും ചേർന്നുള്ള ഇരട്ടഭീഷണിയാണ് രാജ്യം നേരിടുന്നത്. യുപിഎ സർക്കാരുകളേക്കാൾ തീവ്രമായാണ് മോദി സർക്കാർ നവലിബറൽ നയങ്ങൾ രാജ്യത്ത് നടപ്പാക്കുന്നത്. പഌനം പൂർത്തിയാകുന്നതോടെ കേരളവും ബംഗാളും ഉൾപ്പെടെയുള്ള നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള ഒരുക്കങ്ങളുടെ ആരംഭമാകും യെച്ചൂരി പറഞ്ഞു.


