തിരുവനന്തപുരം: ആക്ഷേപഹാസ്യം ഏറ്റവും അധികം ആസ്വദിക്കുന്നവരാണ് മലയാളികൾ. കളിയാക്കുന്നത് നരേന്ദ്ര മോദിയെയോ കുമ്മനം രാജശേഖരനെയോ പിണറായി വിജയനോ എന്ന വ്യത്യാസം ഇക്കാര്യത്തിൽ ഉണ്ടാകാറില്ല. പലപ്പോഴും വിമർശനത്തിന്റെ തോത് കൂടിയും കുറഞ്ഞുമിരിക്കും. എന്തുതന്നെ ആയാലും ആക്ഷേപഹാസ്യവും ട്രോളുകളെയും അതിന് സ്വാഭാവികമായി ചിരിച്ചു തള്ളാറേയൂള്ളു. എന്നാൽ, ഇടയ്‌ക്കെങ്കിലും ഇത് വിവാദങ്ങൾക്ക് ഇടയാക്കാറുണ്ട്. അത്തരമൊരു വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയിയൽ കൊഴുക്കുന്നത്.

ഇന്നലെ പനിയെ പ്രതിരോധിക്കാൻ ശുചീകരണ പ്രവർത്തനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ആക്ഷേപഹാസ്യത്തിലൂടെ പരിഹസിച്ചു എന്നതാണ് ഇപ്പോഴത്തെ ആരോപണം. മാതൃഭൂമി ചാനലിലെ വക്രദൃഷ്ടിയെ ഇക്കാര്യത്തിൽ പ്രതിക്കൂട്ടിൽ നിർത്തിയത് സി.പി.എം സൈബർ പോരാളികളാണ്. മുഖ്യമന്ത്രിയെ ട്രോളാൻ വേണ്ടി കൂലിപ്പണി വിജയൻ എന്ന പ്രയോഗം നടത്തിയതാണ് വിവാദത്തിന് ആധാരമായത്.

കണ്ണൂരിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് മാതൃഭൂമി ചാനലിലെ വക്രദൃഷ്ടി എന്ന ആക്ഷേപഹാസ്യ പരിപാടി ഇന്നലെ തയ്യാറാക്കിയത്. കൂലിപ്പണി വിജയൻ എന്ന തലക്കെട്ടിലായിരുന്നു മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ അവതരിപ്പിച്ചത്.കൂലിപ്പണി എടുക്കുന്നത് പരിഹാസ്യമായ കാര്യമാണെന്ന തരത്തിൽ അവതരിപ്പിച്ചു എന്നതാണ് സൈബർ പോരാളികൾ ചാനലിന്റെ പരിപാടിക്കെതിരെ ഉന്നയിക്കുന്ന ആരോപണം.

ചവറു വാരുന്നത് കളിയാക്കപ്പെടേണ്ട തൊഴിൽ ആണെന്ന വംശീയ മുൻവിധിയാണ് പരിപാടി മുന്നോട്ട് വെക്കുന്നത് എന്നാണ് ആരോപണം. കൂലിപ്പണി വിജയൻ എന്നത് ആക്ഷേപിക്കാനായി ഉപയോഗിക്കുമ്പോൾ കൂലിപ്പണിയെടുത്ത് ജീവിക്കുന്ന ഈ നാട്ടിലെ ഭൂരിപക്ഷം സാധാരണക്കാരെയാണ് അപമാനിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഒരുപാട് പേർ കൂലിപ്പണിയും തോട്ടിപ്പണിയും ചെയ്യുന്നതുകൊണ്ടാണ് കൂലിപ്പണിയെ അപഹസിക്കുന്നവർ നാറാതെ അന്തസായി നടക്കുന്നതെന്നും സോഷ്യൽമീഡിയ ഓർമ്മിപ്പിക്കുന്നു. ജാതി ചിന്ത ഇനിയും വിട്ടുമാറാത്ത ബ്രാഹ്മണിക്കൽ തലച്ചോറുകളാണ് ആക്ഷേപഹാസ്യത്തിന്റെ പേരിലുള്ള ഇത്തരം കോപ്രായങ്ങൾക്ക് പിന്നിലെന്ന വിമർശനവും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

അതേസമയം ആക്ഷേപഹാസ്യം മാത്രമാണ് ഉദ്ദേശിച്ചതെന്ന് വിമർശനങ്ങൾക്ക് മറുപടിയായി അവതാരകൻ പ്രമേഷ് കുമാർ പ്രതികരിച്ചു. താനുമൊരു കൂലിപ്പണിക്കാരനാണെന്നും മുഖ്യമന്ത്രിയെ അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് പ്രമേഷ് വിശദീകരിച്ചത്. സൈബർ സഖാക്കളോട് താൻ ഇനിയും ഈ പണി തുടരുമെന്ന് പറയാനും അദ്ദേഹം മറന്നില്ല.

പ്രമേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കൂലിപ്പണി പ്രമേഷ് ( മാധ്യമപ്രവർത്തനവും ഒരു കൂലിപ്പണിയാണല്ലോ)

'വക്രദൃഷ്ടി' കൂലിപ്പണിയെ അധിക്ഷേപിച്ചു എന്നാരോപിച്ച് സൈബർ സുഹൃത്തുക്കൾ എന്ന തെറി കൊണ്ട് അഭിഷേകം ചെയ്യുന്നുണ്ട്. ജൂൺ അവസാനം മഴ കനത്തപ്പോൾ മഴക്കാലപൂർവ്വ ശുചീകരണത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും ഇറങ്ങിയതിനെ കളിയാക്കുകയായിരുന്നു ഉദ്ദേശം . ബെറ്റർ ലെയ്റ്റ് ദാൻ നെവർ എന്ന് പറയുകയും ചെയ്തിരുന്നു. ഒരു കോമഡി സ്‌കിറ്റിൽ വന്ന കൂലിപ്പണി രാജൻ എന്ന തമാശഓഡിയോ പരിപാടിയിൽ ചേർത്തതാണല്ലോ പ്രശ്നം... അത്യാവശ്യം കൂലിപ്പണി ചെയ്യുന്ന ചില കലാകാരന്മാർ തന്നെയാണ് ഈ സ്‌കിറ്റ് ഒർജിനലായി അവതിരിപ്പിച്ചതും.. സ്വയം കളിയാക്കുന്നത് കൂടിയാണല്ലോ മലയാളിയുടെ നർമ്മബോധം. കൂലിപ്പണിയോട് മാത്രമല്ല കൂലി തേടുന്ന ഒരു പണിയോടും എനിക്ക് അധിക്ഷേപമില്ല എന്ന് അറിയിക്കട്ടെ. കൂലിക്കല്ലെങ്കിലും ഈ പണികളെല്ലാം വീട്ടിലും നാട്ടിലും ചെയ്തിട്ടുള്ള ഒരു ഗ്രാമീണനായ എനിക്ക് പ്രത്യേകിച്ചും. ശാരീരികാധ്വാനമുള്ള ഏതു ജോലി ചെയ്യുന്നവരോടും ( ക്വട്ടേഷൻ പണി ഒഴികെ ) ഇപ്പോൾ വിയർപ്പിന്റെ അസുഖമുള്ള എനിക്ക് അങ്ങേയറ്റം ബഹുമാനമാണ് . .വിയോജിപ്പുകളും വിമർശനങ്ങളും നല്ല ഭാഷയിൽ പ്രകടിപ്പിക്കാൻ അറിയാത്തവരോട് കൊമ്പുകോർക്കാൻ ഞാനില്ല. സുഹൃത്ത് കെ.ജെ.ജേക്കബും സമാനമായ സംശയം ഉന്നയിച്ചതുകൊണ്ട് മാത്രമാണ് ഈ കുറിപ്പ്... വളരെ കുറച്ച് കാലം കേരള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇഗ്ലീഷിലും കാര്യവട്ടം ക്യമ്പസിലും ഒരുമിച്ച് ചായ കുടിച്ചപ്പോൾ എപ്പോഴെങ്കിലും ഞാൻ കാശ് കൊടുക്കാതെ മുങ്ങിയിട്ടുണ്ടോ ജേക്കബേ.

പിൻകുറിപ്പ് : പിണറായി സഖാവിനോട് ഒരു ബഹുമാനക്കുറവുമില്ലെന്ന് സൈബർ സഖാക്കളോട് പറയട്ടെ.. എല്ലാ രാഷ്ട്രീയ നേതാക്കളോടും ആദരവാണ്.... വക്രദൃഷ്ടി പക്ഷെ, പണി തുടരും ..... കുരു പൊട്ടുന്നവർ ക്ഷമിക്കുക.