തിരുവനന്തപുരം: കണ്ണൂർ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ മുഖ്യശത്രു കോൺഗ്രസിലെ സുധാകരൻ വിഭാഗമാണ്. കെ സുധാകരന്റെ കരുത്തിലാണ് കണ്ണൂരിൽ കോൺഗ്രസിനൊപ്പം അണികൾ നിൽക്കുന്നത്. സിപിഎമ്മിനെ നേരിടാൻ കെൽപ്പുള്ള ആൺകുട്ടിയെന്ന ഇമേജാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. സിപിഎമ്മിൽ നിന്നും എപി അബ്ദുള്ളക്കുട്ടിയെ രാജിവെപ്പിച്ച് കണ്ണൂർ മണ്ഡലത്തിൽ നിർത്തി വിജയിപ്പിച്ചതും, കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ പിണറായി വിജയന്റെ വീട് നിൽക്കുന്ന ബൂത്തിൽ അടക്കം ഭൂരിപക്ഷം നേടി എംപിയായതുമൊക്കെ സുധാകരന്റെ വീരകഥകളുടെ കൂട്ടത്തിൽ പെടുന്നതാണ്.

ഇടക്കാലം കൊണ്ട് കണ്ണൂർ രാഷ്ട്രീയത്തിൽ മങ്ങിയ സുധാകര പ്രഭാവം ഇപ്പോൾ വീണ്ടും ശക്തമായിരിക്കയാണ്. ഷുഹൈബ് വധത്തിൽ ഗ്രൂപ്പ് വൈരം മറന്ന് കോൺഗ്രസ് നേതാക്കളെ ഒരുമിപ്പിച്ചതും സിപിഎമ്മിലെ വെല്ലുന്ന വിധത്തിൽ കണ്ണൂരിൽ നിരാഹാര സമരം സംഘടിപ്പിച്ചതുമൊക്കെ സുധാകരന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നതായി. എന്തായാലും സുധാകരൻ കണ്ണൂർ കോൺഗ്രസിൽ കരുത്തനാകുന്നത് സിപിഎമ്മിനെ ശരിക്കും അലോസരപ്പെടുത്തുന്നുണ്ട്. സൈബർ ലോകത്ത് അടക്കം സുധാകരൻ താരമായപ്പോൾ അദ്ദേഹത്തെ അധിക്ഷേപിച്ചൊതുക്കാൻ രംഗത്തെത്തിയിരിക്കയാണ് സിപിഎം സൈബർ പോരാളികൾ. അതിനായി സിപിഎം സൈബർ ഗ്രൂപ്പുകളിൽ നിന്നും ട്രോളുകൾ നിരത്തി പൊതുസമൂഹത്തിന്റെ അഭിപ്രായമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് ശക്തമായി നടക്കുന്നത്.

കെ സുധാകരന്റെ ഉയർത്തെഴുന്നേൽപ്പിന് തടയിടാൻ ക്യാമ്പയിന്റെ ഭാഗമായാണ് ഈ നീക്കം. സുധാകരൻ കരുത്തുറ്റ എതിരാളിയായി മാറുമെന്ന തിരിച്ചറിവിലാണ് സിപിഐഎം പൊതു ഇടത്തിലും സൈബറിടത്തിലും സുധാകരനെതിരേ നീങ്ങുന്നത്. ശുഹൈബ് വധക്കേസിൽ നിരാഹാരമവസാനിപ്പിച്ച സുധാകരന് ട്രോളുകളുടെ പെരുമഴയായിരുന്നു. സുധാകരന്റെ നിരാഹാരം വെറുതേയായിരുന്നു എന്നും അദ്ദേഹം നിരാഹാര വേളയിൽ ഹോർലിക്‌സ് കഴിച്ചു എന്ന വിധത്തിലൊക്കെ പ്രചരണങ്ങളായി.

ഇതിന് പിന്നാലെ സുധാകരനെതിരായ നിരവധി ആരോപണങ്ങളുടെ വീഡിയോകൾ സൈബറിടത്തിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഗ്രൂപ്പ് വഴക്ക് കൊടികൊണ്ട കാലത്ത് പി രാമകൃഷ്ണൻ നടത്തിയ ആരോപണങ്ങളുടെ വീഡിയോയും നാൽപ്പാടി വാസുവിനെ കൊലപ്പെടുത്തിയതിനു പിന്നിൽ സുധാകരനാണെന്ന ആരോപണമുള്ള വീഡിയോകളും അടുത്തിടെ പുറത്തുവന്നിരുന്നു. അതിനു ശേഷം വന്ന വീഡിയോയാണ് ഇപ്പോൾ സജീവ ചർച്ചയാകുന്നത്.

ആർഎസ്എസ് അക്രമത്തിൽ കൊല്ലപ്പെട്ട കാഞ്ഞിലേരിയിലെ കോൺഗ്രസ് പ്രവർത്തകനും ദേശീയ കായികതാരവുമായ സത്യന്റെ മാതാവ് ജാനു കോൺഗ്രസ് നേതാക്കൾക്കെതിരേ ഉയർത്തുന്ന ആരോപണമാണ് വീഡിയോയിലുള്ളത്. രക്തസാക്ഷിയായ മകന്റെ മൃതദേഹം കോഴിക്കോടുനിന്ന് കണ്ണൂരിലെ വീട്ടിലെത്തിക്കാനുള്ള പണം കോൺഗ്രസ് നേതാക്കൾ പിടിച്ചുവാങ്ങിയെന്നാണ് ജാനു പറയുന്നത്. അന്ന് കെ സുധാകരനായിരുന്നു ഡിസിസി പ്രസിഡന്റ്. ഈ ആരോപണങ്ങൾക്കെല്ലാം സുധാകരൻ മറുപടി പറയണമെന്ന ആവശ്യമാണ് ക്യാമ്പയിനുകളിലെ മുഖ്യ ആവശ്യം.

എന്തായാലും സുധാകരനെതിരെ സിപിഎം രംഗത്തിറങ്ങിയതോടെ കണ്ണൂരിലെ കോൺഗ്രസുകാരും ആവേശത്തിലാണ്. കാരണം മറ്റൊന്നുമല്ല, കണ്ണൂരിൽ കോൺഗ്രസിന്റെ സ്വാധീനം വർദ്ധിച്ചു എന്നതിന്റെ തെളിവാണ് ഇതെന്നാണ് നേതാക്കൾ പറയുന്നത്. മാർച്ച് ആറാം തീയ്യതി കണ്ണൂരിൽ രാഹുൽ ഗാന്ധി കൂടി എത്തിമ്പോൾ കോൺഗ്രസുകാരുടെ ആവേശം ഇരട്ടിയാകുമെന്നും നേതാക്കൾ പറയുന്നു. യൂത്ത് കോൺഗ്രസ്സ് നേതാവും സുധാകരന്റെ അടുത്ത അനുയായിയുമായ ഷുഹൈബിന്റെ കൊലപാതകമാണ് അദ്ദേഹത്തെ വീണ്ടും രാഷ്ട്രീയത്തിലെ അമരക്കാരനായി മാറ്റിയത്.

ഷുഹൈബിന്റെ കൊല കെ.സുധാകരനെ സംബന്ധിച്ച് വ്യക്തിപരമായ ദുഃഖം കൂടിയായിരുന്നു. അതുകൊണ്ടു തന്നെ സമരമുഖത്ത് വികാരവും പ്രതിഷേധവും പ്രകടിപ്പിച്ചു കൊണ്ടാണ് അദ്ദേഹം എടുത്തു ചാടിയത്. കലക്ട്രേറ്റ് പടിക്കൽ എട്ട് ദിവസം പൂർത്തിയാക്കിയ ഉപവാസ സമരം കൊണ്ട് കോൺഗ്രസ്സിലെ ഗ്രൂപ്പുകളുടെ ഭിന്നത പോലും മാറ്റാനായി. ഒപ്പം പിണങ്ങി നിൽക്കുന്ന അണികളെ മുഴുവൻ സത്യാഗ്രഹ പന്തലിലേക്ക് എത്തിക്കാനും കഴിഞ്ഞു. സത്യഗ്രഹം സുധാകരൻ അവസാനിപ്പിക്കുമ്പോൾ കണ്ണൂരിലെ കോൺഗ്രസിലെ അനിഷേധ്യ നേതാവായി സുധാകരൻ മാറുകയാണ്.

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം സിപിഐ.(എം). ന് ഇത്രയേറെ പ്രതിരോധമുണ്ടാക്കിയ മറ്റൊരു കൊലപാതകമുണ്ടായിട്ടില്ല. 51 വെട്ടിന് പകരം 37 വെട്ടേറ്റ് മരിച്ച ഷുഹൈബിന്റെ കൊല അത്രയേറെ ചർച്ച ചെയ്യപ്പെട്ടു. സിപിഐ.(എം). നെതിരെ ശക്തമായി പ്രതിരോധം നടത്തുന്ന പാർട്ടി ബിജെപി. എന്നതിനു പകരം കോൺഗ്രസ്സ് എന്നായി മാറി.

കോൺഗ്രസ്സിന്റെ ഈ സമരത്തിനു മുന്നിൽ ബിജെപി. പ്രതിരോധം ഒന്നുമല്ലാതായി. കോൺഗ്രസ്സ് സമരത്തെ കണ്ടു പഠിക്കണമെന്ന് ബിജെപി. അണികൾ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ഉപവാസ പന്തലിൽ കോൺഗ്രസ്സിന്റേയും പോഷക സംഘടനകളുടേയും 80 ലേറെ പ്രകടനങ്ങളാണ് അഭിവാദ്യമർപ്പിക്കാനെത്തിയത്. സിപിഐ.(എം). ന്റെ അതേ ശൈലിയിൽ കോൺഗ്രസ്സിന്റെ സമരവും ശ്രദ്ധേയമായി. കവിത പാടിയും കഥ പറഞ്ഞും അക്രമ രാഷ്ട്രീയത്തെ എതിർക്കാൻ സമര പന്തൽ, അണികൾക്ക് ആവേശമായി.