തിരുവനന്തപുരം: സിപിഎം ആരോപണ വിധേയരായ ഓരോ രാഷ്ട്രീയ കൊലപാതകങ്ങൾ കഴിയുമ്പോഴും നേതാക്കൾ പറയുന്ന പതിവ് ഡയലോഗുണ്ട്. അക്രമ രാഷ്ട്രീയം പാർട്ടിയുടെ ശൈലി അല്ലെന്നും, പ്രതികൾക്ക് പാർട്ടി ബന്ധമുണ്ടെങ്കിൽ നടപടി എടുക്കുമെന്നും. ഇക്കാര്യത്തിൽ കേവലം വാക്കുകൾക്ക് അപ്പുറത്തേക്ക് ഒന്നും നടക്കാറില്ലെന്നതാണ് വാസ്തവം. ടി പി വധക്കേസിലെ പ്രതികളെ തുടക്കത്തിൽ സംരക്ഷിക്കുകയും സിപിഎം ഗൂഢാലോചന നടത്തിയ ടി പി കുഞ്ഞനന്തനെ അടക്കം പിന്നീട് പാർട്ടി ഘടകങ്ങളിൽ നിലനിർത്തിയതു തന്നെയാണ് ഈ വിഷയത്തിൽ പാർട്ടി നിലപാടിലെ വൈരുദ്ധ്യം മനസിലാകാൻ.

കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകം ഭരണപ്പാർട്ടിയായ സിപിഎമ്മിനെ ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുന്നു. പാർട്ടിയുമായി നേരിട്ട് ബന്ധമുള്ളവരാണ് കൊലയാളികൾ എന്നതാണ് പൊതുസമൂഹത്തിൽ പ്രതിരോധത്തിലാകാൻ പ്രധാന കാരണം. പ്രതിയായ ആകാശ് തില്ലങ്കേരിയുടെ മൊഴിയും സിപിഎം നേതാക്കൾക്കെതിരെയാണ്. ഇതോടെ ചുരുക്കത്തിൽ ആകാശിനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് പാർട്ടി. ആകാശിനെ സംരക്ഷിക്കുന്ന വിധത്തിലാണ് പി ജയരാജന്റെ പ്രസ്താവന. പൊലീസ് അന്വേഷണത്തേക്കാൾ പാർട്ടി അന്വേഷണത്തിലാണ് വിശ്വാസമെന്ന് പറയുകയും ചെയ്തു.

കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ഈ നിലപാടിനെ തള്ളിപ്പറഞ്ഞു കൊണ്ട് കോടിയേരിയും പിണറായിയും രംഗത്തുണ്ട്. ആകാശിനെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന സൂചന ലഭിച്ചതോടെ സൈബർ പോരാളികൾ ശരിക്കും ഇടഞ്ഞ മട്ടാണ്. പി ജയരാജനെ ഉന്നം വെച്ചുള്ള നീക്കങ്ങളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്ന് സൈബർ പോരാളികളും ശരിക്കും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പാർട്ടി ചട്ടക്കുടുകൾ മറികടന്ന് ജയരാജനെയും ആകാശ് തില്ലങ്കേരിയെയും പിന്തുണച്ച് രംഗത്തുണ്ട്. സൈബർ പോരാളികളുടെ രോഷപ്രകടനം സിപിഎം സംസ്ഥാന സെക്രട്ടറിയും അറിയുന്നുണ്ട്.

കണ്ണൂരിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പി ജയരാജൻ മാത്രം എങ്ങനെ ഉത്തരവാദികളാകും എന്നതാണ് ചോദ്യം. ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇതിലൊന്നും ഒരു ഉത്തരവാദിത്തവുമില്ലേ? അണികളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ഒരുപോരെ ഈ ചോദ്യം ഉയരുന്നുണ്ട്. സിപിഐഎം സംസ്ഥാന സമ്മേളന നഗരിയിൽ വെച്ച് പ്രധാന നേതാക്കൾ കൂടിക്കാഴ്ച നടത്തിയപ്പോൾ കോടിയേരിയും പിണറായി വിജയനും രൂക്ഷമായ വിമർശനങ്ങൾ കണ്ണൂർ ജില്ലാ ഘടകത്തിനു നേരെ ഉന്നയിച്ചിരുന്നു. ശുഹൈബ് വധക്കേസിൽ പിടിയിലായ ആകാശ് തില്ലങ്കേരിയെയും റിജിനെയും പുറത്താക്കാനും പാർട്ടി തീരുമാനിച്ചതോടെ സിപിഎം സൈബർ ലോകത്തിന്റെ അമർഷം ഇരമ്പുകയാണ്. ആകാശിനെ പുറത്താക്കിയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് സൈബർ സഖാക്കൾ നൽകുന്ന സൂചന.

ഷുഹൈബിന്റെ കൊലപാതകത്തിൽ പല കോണുകളിൽ നിന്നും അപലപിക്കലുകൾ ഉണ്ടാകുന്നത്. എന്നാൽ, സിപിഎം സൈബർ ലോകത്ത് ആകാശ് ഒരു ഹീറേയാണ്. ഇത് വ്യക്തമാകണമെങ്കിൽ ആകാശിന്റെ ഫേസ്‌ബുക്ക് പേജിലൊന്ന് കയറിനോക്കിയാൽ മതി. ധീരവിപ്ലവ സിംഹമായി ആകാശിനെ വാനോളമുയർത്തി ആയിരക്കണക്കിന് സൈബർ സഖാക്കൾ പ്രചാരണം അഴിച്ചുവിട്ടിരിക്കുന്നു. ആയിരക്കണക്കിന് ഷെയറുകൾ പതിനായിരത്തിലേറെ കമന്റുകൾ. വിപ്ലവം സ്ഫുരിക്കുന്ന വാക്കുകളും ചിത്രങ്ങളും. ചെഗുവേര പോലും ആകാശിന് പിന്നിലായിപ്പോയിരിക്കുന്നു എന്നു പറഞ്ഞാൽ പോലും അതിൽ അത്ഭുതപ്പെടാനില്ല.

ആകാശിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് ഇവരുടെ പ്രധാന ആരോപണം. ആര് കുടുക്കി? പൊലീസ്.. ആരുടെ പൊലീസ്.. പിണറായിയുടെ പൊലീസ്. പിണറായി ആരാണ്.. സിപിഎമ്മിന്റെ മുഖ്യമന്ത്രി.. അപ്പൊ ആകാശിനെ കുടുക്കിയതാരാണെന്ന ചോദ്യം പിന്നെയും പ്രസക്തമാകുന്നു. ഇതാണ് മുന്നും പിന്നും നോക്കാതെയുള്ള സൈബർ സഖാക്കളുടെ പ്രചാരണത്തിന്റെ അവസ്ഥ. ആകാശ് നിരപരാധിയാണെന്ന് സ്ഥാപിക്കാൻ രാഷ്ട്രീയ പ്രതിയോഗികളുടെ വാക്കുകളും അവർ വാടകയ്ക്ക് എടുക്കുന്നു. ഷുഹൈബിനെ വെട്ടിയ സംഘത്തിൽ ആകാശ് ഇല്ലെന്ന് സാക്ഷികളുടെ മൊഴിയാണ് പോരാളികൾ പ്രചരിപ്പിക്കുന്നത്.

ആകാശിനെ സിപിഎമ്മിൽ നിന്നും പുറത്താക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം കോടിയേരി അടക്കം പറഞ്ഞിട്ടുണ്ട്. എന്നാൽ, ആകാശിനെ പുറത്താക്കിയാൽ ഇപ്പറഞ്ഞ സൈബർ അണികളൊക്കെ ആകാശിനെ കൈവിടുമെന്ന് തോന്നുന്നില്ല. പാർട്ടി പുറത്താക്കിയാലും ആകാശിനൊപ്പം സൈബർ സഖാക്കൾ അടിയുറച്ചു നിൽക്കും. സ്വാഭാവികമായും സൈബറിടത്ത് വൻ സ്ഫോടനം നടക്കും. അത് പാർട്ടിക്ക് ഗുണകരമാവുകയുമില്ലെന്നത് ഉറപ്പാണ്.

ഇതിന്റെ സൂചന വ്യക്തമാകണമെങ്കിൽ കോടിയേരിയുടെ ഫേസ്‌ബുക്ക് പേജ് നോക്കിയാൽ മതി. സിപിഐഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് അദ്ദേഹമെഴുതിയ പോസ്റ്റിനു കീഴെ പൊങ്കാല മയമാണ്. ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് പിണറായിയെയും കോടിയേരിയെയും നിശിതമായി വിമർശിച്ച് ആയിരക്കണക്കിന് കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആകാശിനെ വാഴ്‌ത്തുന്ന കമന്റുകളും ഇവിടെ കാണാം.

സാധാരണഗതിയിൽ നേതാക്കൾക്കെതിരായ ആരോപണങ്ങളെ പല്ലും നഖവുമുപയോഗിച്ച് പ്രതിരോധിക്കുന്ന സൈബർ സഖാക്കൾ കോടിയേരിക്കെതിരായ പോസ്റ്റുകളെ കാര്യമായി പ്രതിരോധിക്കുന്നില്ലെന്നതും ശ്രദ്ധേയം. അടുത്തകാലത്തായി മക്കൾ വിവാദത്തിൽ പെട്ട് പ്രതിച്ഛായ നഷ്ടമായ കോടിയേരിയോട് കാര്യമായ മമത സൈബർ സഖാക്കൾക്കില്ല. കുടുംബത്തെ വളർത്താൻ ശ്രമിക്കുന്ന നേതാവെന്ന പ്രതിച്ഛായയാണ് കോടിയേരിക്ക്. ഈ അതൃപ്തി കൂടിയാണ് പൊങ്കാല രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്.

പാവപ്പെട്ട യുവാവിനെ നേതൃത്വം കുടുക്കിയെന്ന ആരോപണങ്ങളോടും സൈബർ പ്രചാരകർ നിശബ്ദത പാലിക്കുന്നു. ശുഹൈബ് വധക്കേസിൽ ആകാശിനെ അറസ്റ്റു ചെയ്തതിനെതിരേ പാർട്ടി അനുഭാവികളിലുൾപ്പെടെ നേതൃത്വത്തിനെതിരായ വികാരം ഉയരുന്നുണ്ടെന്നതിന്റെ സൂചനയാണിത്.

ആകാശിനെ പുറത്താക്കുന്നത് സൂക്ഷിച്ചുവേണമെന്നാണ് അവർ പറയാതെ പറയുന്നതും.