തിരുവനന്തപുരം: കഴിഞ്ഞ സംസ്ഥാന സമ്മേളനത്തോടെ തന്നെ സിപിഎമ്മിലെ വിഭാഗീയ പ്രവണതകൾക്ക് ഏതാണ്ട് അറുതു വരുത്തിയെന്നാണ് പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം. വി എസ് വിഭാഗത്തിനെ ഏതാണ്ട് പൂർണമായും ഇല്ലാതാക്കി എന്നു തന്നെയാണ് ഇതിലൂടെ അവർ ഉദ്ദേശിച്ചതും. വാർദ്ധക്യത്തിന്റെ അവശതകൾക്കിടെ വിഎസിന് പടനയിക്കാൻ കഴിയാതെ വന്നതോടെ തന്നെ കീഴടങ്ങിയ വി എസ് വിഭാഗം ഈ സമ്മേളനത്തോടെ ഏതാണ്ട് പൂർണമായും ഇല്ലാതാകുമെന്ന് ഉറപ്പായി. സമ്മേളനത്തിന്റെ തുടക്കം മുതൽ അതിനുള്ള കരുക്കൾ നീക്കി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും രംഗത്തുണ്ടായിരുന്നു. ഈ ശ്രമങ്ങൾ ജില്ലാ സമ്മേളനം തുടങ്ങിയതോടെ വിജയിക്കുകയാണ്.

രണ്ടര പതിറ്റാണ്ടായി പാർട്ടിയിൽ ശക്തികേന്ദ്രമായിരുന്ന വി എസ് വിഭാഗത്തിന്റെ പ്രവർത്തനം പൂർണമായും ഈ സമ്മേളനത്തോടെ അവസാനിപ്പിക്കാൻ ഔദ്യോഗിക പക്ഷത്തിന്റെ നീക്കങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ജില്ലാ സമ്മേളനങ്ങളിൽ വിഎസിനെ അടുപ്പിക്കാതെയും വി എസ് പക്ഷത്ത് അവശേഷിക്കുന്ന നേതാക്കൾ മേൽഘടകത്തിലേക്ക് എത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് പിണറായി വിഭാഗം. വി എസ് പക്ഷം അവസാനിച്ചെങ്കിലും പാർട്ടിയിൽ തനിക്ക് വെല്ലുവിളിയായി ആരും ഉണ്ടാകാതിരിക്കാൻ വേണ്ടി എല്ലാ ജില്ലാ സമ്മേളനങ്ങളിലും പിണറായി ഓടിയെത്തുന്നുമുണ്ട്.

ജന്മനാടായ ആലപ്പുഴയിലോ, സ്വന്തം മണ്ഡലമായ മലമ്പുഴ ഉൾപ്പെടുന്ന പാലക്കാടോ, കർമമണ്ഡലമായ തിരുവനന്തപുരത്തോ വി.എസിനെ അടുപ്പിച്ചിട്ടില്ല. പാർട്ടിയിലെ തലമുതിർന്ന നേതാവിനെ പൂർണമായും തഴഞ്ഞ് പിണറായിയും കോടിയേരിയും അടങ്ങുന്നതാണ് പാർട്ടിയെന്ന് വ്യക്തമാക്കാനുള്ള ശ്ര്മങ്ങളാണ് ശക്തമായി നടക്കുന്നത്. 14 ജില്ലാ സമ്മേളനങ്ങളിലും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നുണ്ടെങ്കിലും വി.എസിനെ ഒരിടത്തുപോലും ക്ഷണിച്ചില്ല.

പാർട്ടിയുടെ പൊതുപരിപാടികളിലോ ഫ്ളക്സ് ബോർഡുകളിലോ സിപിഎമ്മിന്റെ മുഖമായി സ്ഥാപക നേതാക്കളിലൊരാളായ അച്യുതാനന്ദൻ ഇല്ല. കിം ജുൻ ഉന്നിന്റെ പോലും പടം വെച്ച് ഫ്‌ളക്‌സ് അടിച്ചവരാണ് വിഎസിനെ പൂർണമായും തഴഞ്ഞിരിക്കുന്നത്. വി എസ് എന്ന വികാരം പാർട്ടിയിൽ വേണ്ട എന്ന കർശന നിലപാടിലാണ് നേതാക്കൾ. വയനാട്, തൃശൂർ ജില്ലാസമ്മേളനങ്ങൾ പൂർത്തിയാക്കിയപ്പോൾ ഒരിടത്തും പേരിനുപോലും വി.എസിനുവേണ്ടി ശബ്ദം ഉയരാത്തതിന്റെ ആശ്വാസത്തിലാണ് ഔദ്യോഗികപക്ഷം. വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് സി കെ ശശീന്ദ്രനെ നീക്കിയതോടെ വിഎസിന് വേണ്ടി ശബ്ദമുയർത്തുന്ന ഒരു നേതാവിനെ കൂടി തഴയാൻ പാർട്ടിക്ക് സാധിച്ചു. എന്നാൽ, ജനപിന്തുണയിൽ ശശീന്ദ്രൻ വയനാട്ടിലെ മറ്റ് നേതാക്കളേക്കാൾ ബഹുദൂരം മുന്നിലായതിനാൽ അദ്ദേഹത്തെ ഔദ്യോഗിക പക്ഷം ചേർത്തു പിടിക്കുന്നു.

പാലക്കാടും പത്തനംതിട്ടയിലും ജില്ലാസമ്മേളനം തുടങ്ങിയിട്ടുണ്ട്. വിഭാഗീയത വളർത്തുന്നവരെ പൂർണമായും ഒഴിവാക്കി പാർട്ടിയെ ശുദ്ധീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നോണമാണു ജില്ലാ സമ്മേളനങ്ങളിൽ വി.എസിന് അപ്രഖ്യാപിത വിലക്ക്. പാർട്ടിയെ എപ്പോഴും പ്രതിരോധത്തിലാക്കി കാര്യസാധ്യം നടത്തുന്ന വി.എസിനെ ജില്ലാക്കമ്മിറ്റികളെ ഒപ്പം നിർത്തി വേരോടെ പിഴുതെറിയുക എന്ന ഔദ്യോഗികപക്ഷ അജൻഡ കൃത്യമായി നടപ്പാക്കുകയാണ്.

കഴിഞ്ഞ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ പാർട്ടിയുമായി ഇടഞ്ഞ് വി എസ്. ഇറങ്ങിപ്പോയത് സമ്മേളത്തിന്റെ നിറം കെടുത്തിയിരുന്നു. അതിനുശേഷം പാർട്ടിക്കുള്ളിലും പുറത്തും വി എസ്. നടത്തിയതെല്ലാം പാർട്ടി വിരുദ്ധ പ്രവൃത്തികളായി മാത്രമാണ് ഔദ്യോഗികപക്ഷം കണക്കാക്കിയത്. രാജ്യത്തു ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നേതാവാണ് വി എസ്. അച്യുതാനന്ദൻ. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയാവുകയും, പിണറായി വിജയൻ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു മുഖ്യമന്ത്രി ആവുകയും ചെയ്തതോടെ ഔദ്യോഗികപക്ഷത്തിന്റെ കണ്ണിലെ കരടായ വി.എസിന് പാർട്ടിയിൽനിന്ന് പുറത്തുപോകാനുള്ള വഴി ഒരുങ്ങിയിരുന്നു.

എന്നാൽ, ഘടകകക്ഷികളുടെ പിന്തുണയിൽ എൽ.ഡി.എഫിലും, പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പിന്തുണയിൽ പാർട്ടിക്കമ്മിറ്റിയിൽ ക്ഷണിതാവായും, ഭരണപരിഷ്‌ക്കാര കമ്മിഷൻ എന്ന നിലയിൽ സർക്കാരിലും വി എസ്. സ്ഥാനം ഉറപ്പിച്ചു. എന്നാൽ, ഈ സ്ഥാനങ്ങൾകൊണ്ട് പാർട്ടിയിലോ, മുന്നണിയിലോ, ഭരണത്തിലോ സ്വാധീനമുണ്ടാക്കാൻ വി.എസിനാകുന്നില്ല എന്നതാണ് വസ്തുത. വി.എസിനെ പാർട്ടിസമ്മേളനങ്ങളിൽനിന്ന് ഒഴിവാക്കിയതു വിഭാഗീയത മൂലമാണെന്ന് വി എസ്. പക്ഷം ആരോപിക്കുന്നു. വി.എസിനെ ഒഴിവാക്കിയതിനെതിരെ കേന്ദ്രകമ്മറ്റിക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് വി എസ് അനുകൂലികൾ.

അതേസമയം കേന്ദ്രകമ്മിറ്റി ഈ വിഷയത്തിൽ ഇടപെടാൻ സാധ്യത കുറവാണ്. പ്രായാധിക്യമാണ് വി എസ് സജീവമായി രംഗത്തിറങ്ങാതിരിക്കാനുള്ള കാരണം. ഒന്നാംനമ്പർ കാറിൽ എല്ലാ ജില്ലാ സമ്മേളന വേദിയിലും പിണറായി വിജയൻ ഓടിയെത്തുന്നുണ്ട്. ഇതിന് കാരണം തനിക്കെതിരായ ശബ്ദങ്ങൾ പാർട്ടിയിൽ ഇല്ലാതാക്കുക എന്നതു കൂടിയുണ്ട്. സിപിഎമ്മിലെ പൊതുസ്വഭാവം അനുസരിച്ച് കരുത്തനായ പിണറായിക്കെതിരെ മറുവിഭാഗം മുളപൊട്ടേണ്ട കാലമായി. എന്നാൽ, നിലവിൽ കോടിയേരിയേക്കാൾ നിയന്ത്രണം പാർട്ടിയിൽ പിണറായിക്കുണ്ട്. ആ മേൽക്കൈ നിലനിർത്തുക എന്നതു തന്നെയാണ് പിണറായിയുടെ മനസിലിരുപ്പും.