പത്തനംതിട്ട: താനടക്കമുള്ള സിപിഎമ്മുകാരെ ആക്രമിച്ച ബിജെപിക്കാരോട് വിശാലഹൃദയനായ ജില്ലാ പഞ്ചായത്തംഗം ക്ഷമിച്ചു. പാർട്ടിയോട് ചോദിക്കാതെ 'ക്ഷമിച്ചതിൽ' പ്രതിഷേധിച്ച് ഏരിയാ കമ്മറ്റിയംഗം കൂടിയായ നേതാവിനെ പാർട്ടി പുറത്താക്കി.

ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനെ പ്രതിനിധീകരിക്കുന്ന സി.പി.എം മല്ലപ്പള്ളി ഏരിയാ കമ്മറ്റിയംഗം കൂടിയായ എസ്വി സുബിനെയാണ് കഴിഞ്ഞ ദിവസം ചേർന്ന ഏരിയാ കമ്മറ്റി പുറത്താക്കിയത്.

നടപടിക്കു ജില്ലാ കമ്മറ്റിയുടെ അംഗീകാരം വേണമെന്നിരിക്കേ സുബിനെ പുറത്താക്കിയതായുള്ള വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
കുന്നന്താനം സ്വദേശിയായ സുബിൻ അടക്കമുള്ളവരെ ബിജെപിക്കാർ ആക്രമിച്ചിരുന്നു. എന്നാൽ, പാർട്ടി ഏരിയാ നേതൃത്വത്തിന്റെ അനുമതിയില്ലാതെ സുബിൻ ബിജെപിക്കാരുമായി ഒത്തുതീർപ്പിലെത്തി. ഇതിന്റെ പേരിൽ ഏറെ നാളായി ഏരിയാ കമ്മറ്റിക്കുള്ളിൽ സംഘർഷം പുകയുകയായിരുന്നു. വെള്ളിയാഴ്ച ചേർന്ന ഏരിയാ കമ്മറ്റി യോഗമാണ് സുബിനെ പുറത്താക്കാൻ തീരുമാനമെടുത്തത്.

കുന്നന്താനത്ത് ബിജെപിയുമായി സുബിൻ കൂട്ടുകെട്ടുണ്ടാക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ, കല്ലൂപ്പാറ പഞ്ചായത്തിൽ സി.പി.എം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെതിരേ ജില്ലാ കമ്മറ്റിക്ക് പരാതി നൽകിയതാണ് ഒരു വിഭാഗം സുബിനെതിരേ തിരിയാൻ കാരണമായിരിക്കുന്നത് എന്നാണ് ഇദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. ഏഴുമറ്റൂർ പഞ്ചായത്തിലടക്കം സി.പി.എം പ്രവർത്തകരും മറ്റു പാർട്ടിക്കാരുമായുള്ള കേസുകൾ കോടതിക്ക് പുറത്ത് തീർപ്പാക്കിയതും ഇവർ ചൂണ്ടിക്കാണിക്കുന്നു.

19 അംഗ ഏരിയാ കമ്മറ്റിയിൽ രണ്ടു പേർ അവധിയിലായിരുന്നു. സുബിൻ അടക്കം അഞ്ചു പേർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പാർട്ടി ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, സംസ്ഥാന കമ്മറ്റിയംഗം കെ അനന്തഗോപൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എ പത്മകുമാർ, ടികെജി നായർ എന്നിവർ സംബന്ധിച്ച യോഗമാണ് സുബിനെ പുറത്താക്കാൻ തീരുമാനിച്ചത്.