കോഴിക്കോട്: തിരുവമ്പാടി ലോക്‌സഭാ സീറ്റിനെ ചൊല്ലി യുഡിഎഫിൽ തുടക്കത്തിൽ തന്നെ ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. കോഴിക്കോട് വിജയിക്കുന്ന സീറ്റെന്ന നിലയിൽ കോൺഗ്രസിന് വേണമെന്ന് ആവശ്യപ്പെട്ട ഡിസിസി പ്രസിഡന്റിനെ കെപിസിസി പ്രസിഡന്റ് വിമർശിക്കുകയുണ്ടായി. ഇപ്പോൾ വീണ്ടും ലീഗ് സ്ഥാനാർത്ഥിയെ മണ്ഡലത്തിൽ പ്രഖ്യാപിച്ചതോടെ എതിർപ്പുമായി താമരശ്ശേരി രൂപതയും രംഗത്തുവന്നു. ഇതോടെ ഉടലെടുത്ത ആശയക്കുഴപ്പം മുതലെടുക്കാൻ സിപിഐ(എം) ശ്രമം തുടങ്ങി.

തിരുവമ്പാടി മണ്ഡലം കോൺഗ്രസിന് കൈമാറണമെന്ന താമരശേരി രൂപതയുടെ ആവശ്യം മുസ്ലിംലീഗ് തള്ളിയിട്ടുണ്ട്. യുഡിഎഫ് ധാരണ പ്രകാരമാണ് തിരുവമ്പാടിയിൽ ലീഗ് സീറ്റ് പ്രഖ്യാപിച്ചതെന്നും ഇനി വിട്ടു നൽകാനാകില്ലെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞയുകയുണ്ടായി. സീറ്റ് കോൺഗ്രസിന് കൈമാറാമെന്ന ധാരണയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവമ്പാടി സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് തങ്ങൾക്ക് താൽപ്പര്യമുള്ളയാളെ സ്ഥാനാർത്ഥിയാക്കണമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ താമരശേരി രൂപത ആവശ്യപ്പെട്ടിരുന്നു. തിരുവമ്പാടി സീറ്റ് വിട്ടു നൽകാമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ധാരണ ഉണ്ടായിരുന്നെന്ന രൂപതയുടെ അവകാശവാദവും മജീദ് തള്ളി. ഇതോടെ തിരുവമ്പാടിയിൽ ലീഗ് സ്ഥാനാർത്ഥിയോട് കത്തോലിക്കാ സഭയ്ക്ക് അനുകൂല നിലപാടായിരിക്കില്ലെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഈ അവസരം മുതലെടുക്കാനാണ് സിപിഐ(എം) നീക്കം.

ഇതിന് വേണ്ടി ഇടുക്കി മോഡലിൽ സഭയ്ക്ക് കൂടി പ്രിയങ്കരനായ സ്ഥാനാർത്ഥിയെ നിർത്താനാണ് സിപിഐ(എം) ഒരുങ്ങുന്നത്. ഇതിനുള്ള ചർച്ചകളും സജീവമായി നടക്കുന്നുണ്ട്. പിണറായി വിജയന്റെ നികൃഷ്ട ജീവി പ്രയോഗമൊക്കെ മറക്കാനാണ് തൽക്കാലം പാർട്ടി ഒരുങ്ങുന്നത്. താമരശ്ശേരി മുൻ രൂപത ബിഷപ്പ് മാർ പോൾ ചിറ്റിലപ്പള്ളിയായിരുന്ന വേളയിലാണ് ഈ വിവം ഉണ്ടാകുന്നത്. 2007 ൽ ഇടത് സർക്കാറിന്റെക വിദ്യാഭ്യാസ നയങ്ങൾക്കെതിരേ താമരശ്ശേരി രൂപത സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പള്ളി നടത്തിയ പ്രസംഗത്തോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. മത്തായി ചാക്കോ എംഎ‍ൽഎ മരിക്കുന്നതിന് മുമ്പ് സഭാ വിശ്വാസ പ്രകാരം ആശുപത്രിയിൽ വച്ച് രോഗീലേപനം നടത്തിയിരുന്നുവെന്നായിരുന്നു ബിഷപ്പ് പോൾ ചിറ്റിലപ്പള്ളിയുടെ വെളിപ്പെടുത്തൽ. സഭാ നിയമങ്ങൾ അനുസരിച്ച് സംസ്‌കാരം നടത്താൻ ഇത് മതിയെന്നും ചിറ്റിലപ്പള്ളി പ്രസംഗിച്ചു.

സംസ്‌കാര ചടങ്ങ് സിപിഐഎം ഏറ്റെടുത്ത് നടത്തിയതിനേയും വിമർശിച്ചിരുന്നു. ഇതിനെതിരേ പിണറായി വിജയൻ രംഗത്ത് എത്തുകയും ചിറ്റിലപ്പള്ളിയ്‌ക്കെതിരേ നികൃഷ്ട ജീവി പരാമർശം നടത്തുകയുമായിരുന്നു. എന്നാൽ പിന്നീട് പിണറായിയുടെ ഈ പ്രയോഗത്തിന് മാപ്പ് നൽകുന്നതായാണ് ചിറ്റിലപ്പള്ളി തന്റെ ആത്മകഥയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം താമരശ്ശേരി രൂപതയുമായി പിണറായി നല്ല ബന്ധവും കാത്തു സൂക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിൽ തിരുവമ്പാടിയിൽ പാർട്ടിക്ക് കൂടി സ്വീകാര്യനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കാനാണ് പാർട്ടിയുടെ നീക്കം.

തിരുവമ്പാടിയിൽ ലീഗ് സ്ഥാനാർത്ഥി സ്വീകാര്യനല്ലെന്ന് കാണിച്ച് താമരശേരി രൂപതാ വക്താവ് ഫാ. എബ്രഹാം കാവിൽപുരയിടവുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. കെപിസിസി അധ്യക്ഷൻ വി എം സുധീരൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായും രൂപതാ വക്താവും മലയോര വികസന സമിതി നേതാക്കളും വിഷയം ചർച്ച ചെയ്തു. തിരുവമ്പാടി സീറ്റിൽ മുസ് ലിം ലീഗ് സ്ഥാനാർത്ഥി വേണ്ടെന്നാണ് സഭാ നേതൃത്വത്തിന്റെ നിലപാട്. മലയോര ജനതയുടെ വികാരങ്ങൾ ഉൾക്കൊള്ളുന്നയാളെ സ്ഥാനാർത്ഥിയാക്കണം എന്നതാണ് സഭ പറയുന്നത്.

തിരുവമ്പാടി മണ്ഡലത്തിൽ സിറ്റിങ് എംഎ‍ൽഎ സി. മോയിൻകുട്ടിയെ മാറ്റി വി എം ഉമ്മറിനെയാണ് മുസ് ലിം ലീഗ് ഉന്നതാധികാരി സമിതി വ്യാഴാഴ്ച സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. കൊടുവള്ളി മണ്ഡലത്തിലെ സിറ്റിങ് എംഎ‍ൽഎയാണ് വി എം ഉമ്മർ. ഇത്തവണ മോയിൻകുട്ടിക്ക് ലീഗ് സീറ്റ് നൽകിയിട്ടില്ല.