- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റിയിൽ ഫണ്ട് വെട്ടിപ്പ് വിവാദം; എംഎൽഎയും പാർട്ടി നേതൃത്വവും പ്രതിക്കൂട്ടിൽ നിൽക്കുന്ന സംഭവത്തിൽ ക്രമക്കേട് നടന്നുവെന്ന് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തൽ; അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് ഇ.പി ജയരാജൻ
കണ്ണൂർ: പയ്യന്നൂർ ഏരിയാ കമ്മിറ്റിയിൽ ഉയർന്നുവന്ന സിപിഎം ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തിൽ അഭിപ്രായ ഭിന്നത അതിരൂക്ഷമായി. എംഎൽഎയും പാർട്ടി നേതൃത്വവും പ്രതിക്കൂട്ടിൽ നിൽക്കുന്ന സംഭവത്തിൽ ക്രമക്കേട് നടന്നുവെന്ന് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തിയതിനെ തുടർന്ന് പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് സിപിഎം.
കേന്ദ്രകമ്മിറ്റിയംഗവും എൽ ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജൻ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന വാദവുമായി രംഗത്തുവന്നിരിക്കുന്നത് എന്നാൽ ഈ വിഷയം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഇതുവരെ നിഷേധിച്ചിട്ടില്ല. ഈ കാര്യം പാർട്ടി സംഘടനയുമായി ബന്ധപ്പെട്ടതാണെന്നും പാർട്ടിക്കുള്ളിലെ കാര്യങ്ങൾ മാധ്യമ പ്രവർത്തകരുമായി ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാട്. എന്നാൽ പാർട്ടി ജില്ലാ കമ്മിറ്റി ഇതു സംബന്ധിച്ചു അന്വേഷിക്കുന്നതിനായി പാർട്ടി രണ്ടംഗ സമിതിയെ നിയോഗിച്ച കാര്യവും അവർ നൽകിയ അന്വേഷണ റിപോർട്ടിൽ ഈ കാര്യം ശരിവെച്ച കാര്യവും എം വി ജയരാജൻ ഇതുവരെ നിഷേധിച്ചിട്ടില്ല.
പാർട്ടിയെ ഞെട്ടിച്ചു കൊണ്ടു ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളാണ് പയ്യന്നൂരിൽ നടന്നത്. ഏകദേശം രണ്ടു കോടിയുടെ വെട്ടിപ്പ് നടന്നുവെന്നാണ് ഉയർന്നു വന്നിട്ടുള്ള ആരോപണം. ഉന്നതനേതാക്കളെ ഒഴിവാക്കി പാർട്ടി ഏരിയാതലതലത്തിലുള്ള ചില നേതാക്കളെ ബലിയാടാക്കി നടപടിയെടുക്കാനാണ് നീക്കം നടത്തുന്നുവെന്ന ആരോപണം ശക്തമാണ്. സിപിഎമ്മിന്റെ ചരിത്രത്തിൽ ഇന്നേ വരെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫണ്ടു പിരിക്കുന്നതിനായി വ്യാജരസീത് അടിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപിനാണ് ഫണ്ട് പിരിക്കുന്നതിനായി വ്യാജരസീത് ഉപയോഗിച്ചത്.
രണ്ട് രസീതു ബുക്കുകൾ നേതൃത്വം മടക്കി നൽകിയ കൗണ്ടർ ഫോയിലിൽ കാണാത്തതിനെ തുടർന്നാണ് ഏരിയാ കമ്മിറ്റിയിലെ ചില അംഗങ്ങളുടെ ആവശ്യപ്രകാരം പാർട്ടി ജില്ലാ നേതൃത്വം അന്വേഷണമാരംഭിച്ചത്. എന്നാൽ ഫണ്ട് പിരിവിന് നേതൃത്വം നൽകിയവർ ഈരസീത് പുസ്തകമെന്ന വ്യാജേനെ രണ്ടു പുതിയ ബുക്കുകൾ തിരിച്ചേൽപിക്കുകയും ചെയ്തിരുന്നു. പയ്യന്നൂരിലെ ഒരു പ്രസിൽ നിന്നും പുതുതായി അച്ചടിച്ചതാണ് ഇതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ തെളിയുകയായിരുന്നു. ഇതോടെയാണ് വിവാദം ശക്തമായത്. ഇതിനൊപ്പം പാർട്ടി ഏരിയാ കമ്മിറ്റി നിർമ്മാണവുമായി ബന്ധപ്പെട്ട് ചിട്ടി നടത്തിപ്പിലുടെ ലഭിച്ചതുകയും പാർട്ടിയാവശ്യത്തിന് വിനിയോഗിച്ചില്ലെന്ന് വ്യക്തമായി.
മുതൽ കുറിയിൽ ആദ്യമായി കിട്ടിയതു തുകയും കുറി വിളിക്കുന്ന ചിറ്റാളന്മാർക്ക് നൽകേണ്ട തുകയും നൽകിയില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ചില നേതാക്കളുടെ അക്കൗണ്ടിലേക്ക് ഇതു പോയതായി പിന്നീട് തെളിയുകയും ചെയ്തു. പാർട്ടി രക്ത സാക്ഷി കുടുംബത്തെ സഹായിക്കാനായി പിരിച്ച തുകയിൽ നിന്നും 68 ലക്ഷം രൂപയും ഇങ്ങനെ തട്ടിയെടുത്തതായും ആരോപണമുണ്ട്. രക്തസാക്ഷിയായ സഖാവിന്റെ കുടുംബത്തിന് ബാങ്കിലുണ്ടായിരുന്ന കടം ജപ്തിയിലെത്തിയിരുന്നു. ഇതു വീട്ടുന്നതിനായി പിരിവെടുത്ത തുകയിൽ നിന്നാണ് 68 ലക്ഷം രൂപ രണ്ട് നേതാക്കളുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുകയും ഇതു മറ്റാരുമറിയാതെ ഇരു നേതാക്കളും പിൻവലിക്കുകയും ചെയ്തത്.
രക്തസാക്ഷി സഖാവിന്റെ വീട്ടിലേക്ക് ബാങ്ക് ജപ്തി നോട്ടിസ് അയച്ചപ്പോഴാണ് ഇതിനായി പിരിവെടുത്ത സംഖ്യ ബാങ്കിൽ അടച്ചിട്ടില്ലെന്ന് വ്യക്തമായത്. ഇത് പാർട്ടിക്കുള്ളിൽ ഏറെ ഒച്ചപ്പാടിനും ബഹളത്തിനുമിടയാക്കിയതോടെയാണ് പുറം ലോകമറിഞ്ഞത്. ഇത്തരം കാര്യങ്ങൾ ഒരാഴ്ച്ച മുൻപ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത ജില്ലാകമ്മിറ്റി യോഗത്തിൽ ചർച്ചയാവുകയും സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്ന അന്വേഷണ റിപ്പോർട്ട് ചർച്ചയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജില്ലാ നേതൃത്വം നടപടിയെടുക്കുന്നതിനായി നീക്കങ്ങൾ തുടങ്ങിയത്.
എന്നാൽ ആരോപണ വിധേയരിൽ ഒരാൾ എംഎൽഎയായതിനാൽ നടപടിയെടുത്താൽ പിണറായി സർക്കാരിന്റെ പ്രതിച്ഛായയ്ക്കു കോട്ടംതട്ടുമോയെന്ന ആശങ്കയും പാർട്ടി നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് ഇ.പി ജയരാജൻ ഇങ്ങനെയൊരു സംഭവമേ നടന്നിട്ടിലെന്ന വിശദീകരണവുമായി രംഗത്തിറങ്ങിയതെന്ന സൂചനയുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ