തൊടുപുഴ: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കുമെതിരെ വിമർശനം. ഇടുക്കി ജില്ലക്ക് സമ്പൂർണ അവഗണനയാണെന്ന് ആരോപിച്ചാണ് പ്രതിനിധികൾ മന്ത്രിക്കെതിരെ രംഗത്തുവന്നത്. 'മലബാർ മന്ത്രി' എന്ന് അദ്ദേഹത്തിനെതിരേ സമ്മേളനത്തിൽ പരിഹാസമുയർന്നു. ടൂറിസം, റോഡ് പദ്ധതികൾ മലബാർ മേഖലയ്ക്ക് മാത്രമായാണ് മന്ത്രി പരിഗണിക്കുന്നതെന്നും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു.

വിനോദസഞ്ചാര മേഖലയ്ക്ക് വലിയ പ്രാധാന്യമുള്ള ജില്ലയായ ഇടുക്കിക്ക് അതനുസരിച്ചുള്ള പരിഗണന ലഭിച്ചില്ലെന്ന വിമർശനമാണ് ഉയർന്നത്. ഇടുക്കി ജില്ലയെ പൂർണമായി അവഗണിച്ചുവെന്നും ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. എന്നാൽ, വിനോദസഞ്ചാര മേഖലയിൽ ഇടുക്കിക്ക് അർഹമായ പരിഗണന നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമർശനങ്ങൾക്ക് മറുപടി നൽകി.

നേരത്തെ ആഭ്യന്തര വകുപ്പിന് എതിരെയും ജില്ലാ സമ്മേളത്തിൽ വിമർശനം ഉയർന്നിരുന്നു. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനു മാത്രമായി മന്ത്രി വേണമെന്ന് സിപിഎം. ഇടുക്കി ജില്ലാസമ്മേളനത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകൾ അക്കമിട്ടുനിരത്തിയാണ് പ്രതിനിധികൾ ഈ ആവശ്യമുന്നയിച്ചത്. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ചില ഉദ്യോഗസ്ഥർ അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുകയാണ്. അവർക്ക് നാടുനന്നാകണമെന്ന ആഗ്രഹമില്ലെന്നും പ്രതിനിധികൾ പറഞ്ഞു.

പൊലീസിന്റെ ചെയ്തികൾ സർക്കാരിന്റെ നല്ലപ്രവർത്തനങ്ങളുടെ ശോഭ കെടുത്തുന്നു. ഇത് പരിഹരിക്കാൻ ആഭ്യന്തരവകുപ്പിനുമാത്രമായി മന്ത്രി വേണം. പൊലീസിൽ അഴിച്ചുപണിയും വേണം. ഇന്റലിജൻസ് സംവിധാനം പരാജയമാണ്. പൊലീസിലെ ഒരുവിഭാഗം സർക്കാരിനെതിരേ പ്രവർത്തിക്കുന്നു. ഇക്കൂട്ടരെ കണ്ടെത്തണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

പൊലീസ് അസോസിയേഷൻ ഇക്കാര്യങ്ങളിൽ വേണ്ടത്ര ഇടപെടൽ നടത്തുന്നില്ല. ഒറ്റുകാരെയും സർക്കാരിനെ അപമാനിക്കാൻ ശ്രമിക്കുന്നവരെയും കണ്ടെത്താനും നിയന്ത്രിക്കാനും അസോസിയേഷന് കഴിയുന്നില്ല. പൊലീസ് സംഘടനാസംവിധാനം കാര്യക്ഷമമാക്കാൻ പാർട്ടി ഇടപെടണമെന്നും ചില പ്രതിനിധികൾ ആവശ്യപ്പെട്ടു. സ്ത്രീവിഷയത്തിൽ ഉൾപ്പെട്ടവർ മാപ്പുപറഞ്ഞാലും തെറ്റ് തെറ്റല്ലാതാകുന്നില്ലെന്നും പ്രതിനിധികൾ പറഞ്ഞു.

പൊലീസിന്റെ വീഴ്ചകൾ സിപിഎം. ഇടുക്കി ജില്ലാ സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ തുറന്നു സമ്മതിച്ചിരുന്നു. പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തവർ പൊലീസിന്റെ ഇടക്കാല പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ വികാരത്തെ മാനിക്കുന്നതായും വകുപ്പിലെ വിഷയം മുഖ്യമന്ത്രിയുമായി അടിയന്തരമായി ചർച്ചചെയ്ത് പരിഹാരം കണ്ടെത്തുമെന്നും സംസ്ഥാന സെക്രട്ടറി പ്രവർത്തകർക്ക് ഉറപ്പുനൽകി.

സിപിഐ.യെ കോടിയേരി ശക്തമായ ഭാഷയിൽ വിമർശിച്ചു. സിപിഐ.യുടെ വകുപ്പുകൾ സർക്കാരിന് ബാധ്യതയാകുന്നുണ്ട്. റവന്യൂ-കൃഷി വകുപ്പുകൾ ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ബന്ധം മൃഗങ്ങളുമായിട്ടാണെന്നും മനുഷ്യരുമായി ബന്ധമില്ലാത്തതിനാലാണ് മൃഗങ്ങളെപ്പോലെ പെരുമാറുന്നതെന്നും കോടിയേരി ചർച്ചയ്ക്കുള്ള മറുപടിയിൽ പറഞ്ഞു. സിപിഐ.യ്ക്കെതിരായി സമ്മേളന പ്രതിനിധികളുയർത്തിയ വിമർശനത്തെ പിന്തുണച്ചായിരുന്നു കോടിയേരിയുടെ പ്രസംഗം.

രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ പ്രവർത്തനം മോശമാണെന്ന ആക്ഷേപവും സമ്മേളന പ്രതിനിധികൾ ഉന്നയിച്ചിരുന്നു. കേരള കോൺഗ്രസ് ബന്ധത്തിലൂടെ വോട്ടുവിഹിതം കാര്യമായി വർധിപ്പിക്കാനായില്ലെന്നും കോടിയേരി പറഞ്ഞു.