കണ്ണൂർ: വിവാദങ്ങൽക്ക് നടുവിൽ സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് തുടക്കമായി. കോടിയേരി ബാലകൃഷ്ണനെ പ്രതിരോധത്തിലാക്കിയ കോടിക്കുരുക്കും പി ജയരാജന്റെ വ്യക്തിപൂജാ വിവാദങ്ങൾക്കുമിടെയാണ് സമ്മേളനം നടക്കുന്നത്. പ്രതിനിധി സമ്മേളന നഗറിൽ മുതിർന്ന അംഗം ഒ വി നാരായണൻ പതാക ഉയർത്തി. സമ്മേളനം മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നായനാർ അക്കാദമിയിലാണ് പ്രതിനിധി സമ്മേളനം നടക്കുക. പയ്യാമ്പലത്തുനിന്ന് സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷിന്റെ നേതൃത്വത്തിൽ എത്തിച്ച പതാകയാണ് പ്രതിനിധി സമ്മേളന നഗറിൽ ഉയർത്തിയത്.

സമ്മേളനം 29 ന് സമാപിക്കും. സമാപന സമ്മേളനം പിണറായി വിജയൻ ഉദ് ഘാടനം ചെയ്യും. 410 പ്രതിനിധികളും 47 ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കരിവെള്ളൂർ രക്തസാക്ഷി നഗറിൽനിന്ന് കൊണ്ടുവന്ന പതാക വെള്ളിയാഴ്ച വൈകിട്ട് പൊതുസമ്മേളന നഗറിൽ ഉയർത്തിയിരുന്നു. ജില്ലയിലെ 162 രക്തസാക്ഷികളുടെ സ്മാരക സ്തൂപങ്ങളിൽനിന്ന് അനുബന്ധ ദീപശിഖാറാലികളുമുണ്ടായിരുന്നു.

രാജ്യത്തെ ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങളുള്ള ജില്ലയാണ് കണ്ണൂർ. കഴിഞ്ഞ സമ്മേളനത്തേക്കാൾ 8185 പുതിയ അംഗങ്ങളുമായി 26,19,667 എന്ന സംഖ്യയിൽ എത്തിനിൽക്കയാണ്. 362 ബ്രാഞ്ച് കമ്മിറ്റികളും 24 ലോക്കൽ കമ്മിറ്റികളും പുതുതായി രൂപീകരിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഒരു ജില്ലക്കും നേടിയെടുക്കാനാവാത്ത വളർച്ചയാണിത്.

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേന്ദ്ര കമ്മിറ്റി അംഗങ്ങളും കൊണ്ട് സമ്പന്നമായ കണ്ണൂർ പാർട്ടിയിൽ ചർച്ചകൾ ഏത് തലം വരെ എത്തുമെന്നതാണ് അണികളുടെ ആശങ്ക. ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ വ്യക്തി പൂജ പ്രോത്സാഹിപ്പിച്ചു എന്ന ഗുരുതരമായ ആരോപണം ശരിവെച്ച സംസ്ഥാന സമിതി തീരുമാനം ജില്ലയിലെ അണികൾ പ്രതിഷേധത്തോടെയാണ് കണ്ടത്. പി.ജയരാജനെതിരെ ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കൾ ഒറ്റക്കെട്ടായി നില കൊണ്ടതും പ്രവർത്തകരെ വേദനിപ്പിച്ച സംഭവമായിരുന്നു. സംസ്ഥാന സമിതിയിൽ ജയരാജനെതിരെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും രൂക്ഷമായ നിലപാടെടുത്തത് പാർട്ടിക്കകത്ത് ചർച്ചയായിരുന്നു. ഇതിനിടെയാണ് കോടിയേരിയുടെ മകൻ ബിനോയിയുടെ വിദേശ നിക്ഷേപ വിവാദമെത്തുന്നത്. ഇതും വലിയ തരത്തിൽ ചർച്ചയാകും.

വ്യക്തി പൂജക്ക് പുറമേ കണ്ണൂരിൽ രൂപീകരിച്ച ഇസ്ലാമിക ബാങ്കിന്റെ കാര്യത്തിലും സംസ്ഥാന സമിതിക്ക് വിയോജിപ്പുണ്ടായിരുന്നു. ജയരാജൻ വിഷയം ജില്ലാ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടുമെന്ന അവസ്ഥ നില നിൽക്കേയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിയുടെ 13 കോടി സാമ്പത്തിക ഇടപാട് സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നത്. ഈ പ്രശ്‌നം പാർട്ടിയെ ഉലക്കുക തന്നെ ചെയ്തു. കണ്ണൂർ ജില്ലയിൽ പി.ജയരാജനെ പിൻതുണക്കുന്നവരാണ് പ്രതിനിധികളിൽ ഏറേയും. പ്രത്യേകിച്ചും ഏരിയാ തലത്തിൽ. ജില്ലാ കമ്മിറ്റി അംഗങ്ങളിൽ ചിലർ മാത്രമാണ് ജയരാജനെതിരെ വിമർശനമുന്നയിക്കാൻ സാധ്യത. ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, എം. വി. ഗോവിന്ദൻ മാസ്റ്റർ എന്നിവർ ജയരാജനെതിരെ സംസ്ഥാന സമിതിയിൽ നിലപാടെടുത്തവരാണ്. അതാണ് ജയരാജനെതിരെ ശാസനക്ക് കാരണമായത്.

പി ജയരാജൻ എട്ട് വർഷമായി കണ്ണൂരിൽ സെക്രട്ടറിയാണ്. എന്നാൽ മൂന്ന് ടേം പൂർത്തിയായിട്ടുമില്ല. ഈ സാഹചര്യത്തിൽ പി ജയരാജൻ മാറുമോ എന്ന ചോദ്യമാണ് ഏറ്റവും പ്രസക്തം.