കണ്ണൂർ: ആർഎസ്എസ്. അക്രമത്തിനെതിരെ അണിനിരക്കാൻ സിപിഐ.(എം). ജില്ലാ സമ്മേളനത്തിൽ പ്രമേയം. കമ്യൂണിസ്റ്റ് കരുത്തിനെ ദുർബ്ബലപ്പെടുത്താൻ നിരന്തരമായ അക്രമവും കൊലപാതകവുമാണ് ആർ.എസ്. എസ് അഴിച്ചു വിടുന്നതെന്ന് പി.ഹരീന്ദ്രൻ അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. സിപിഐ.(എം). ന്റെ ശക്തി കേന്ദ്രങ്ങൾ തെരഞ്ഞ് പിടിച്ച് മിന്നലാക്രമണങ്ങൾ നടത്തുകയെന്ന ശൈലിയിലേക്കാണ് ആർ.എസ്. എസ്. നേതൃത്വം ക്രിമിനൽ സംഘങ്ങളെ നിയോഗിക്കുന്നത്. ഏകപക്ഷീയമായ അക്രമങ്ങളിലൂടെ നാട്ടിലെ ക്രമസമാധാനം തകർക്കുകയാണവർ. എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നതോടെ കണ്ണൂർ ജില്ലയിലെ സമാധാനം തകർക്കാൻ കൊണ്ടു പിടിച്ച ശ്രമമാണ് അവർനടത്തുന്നത്.

എന്നിട്ടും ആർ.എസ്. എസ്. പ്രവർത്തകർക്ക് കണ്ണൂർ ജില്ലയിൽ രക്ഷയില്ലെന്ന് അവർ രാജ്യ വ്യാപകമായി പ്രചരിപ്പിക്കുന്നു. രാജ്യത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ സാന്നിധ്യമുള്ള കണ്ണൂരിനെ കീഴ്പ്പെടുത്തിയാൽ കേരളം പിടിക്കാമെന്ന സംഘപരിവാർ ബുദ്ധി കേന്ദ്രങ്ങളുടെ ആലോചനയിൽ ഉദിച്ചതാണ് കണ്ണൂരിനെ ലക്ഷ്യം വെച്ചുള്ള അക്രമപരമ്പരകൾ. പിണറായിയിൽ തുടങ്ങി പയ്യന്നൂരിലും എരഞ്ഞോളിയിലും ഏററവുമൊടുവിൽ മട്ടന്നൂർ മേഖലയിലും ചെറുതും വലുതുമായ ഒട്ടേറെ അക്രമ പരമ്പരകളാണ് ആർ.എസ്. എസ് സൃഷ്ടിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ആറ് പേരെയാണ് പാനൂരിൽ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

സമാധാനം എന്നത് ആർ.എസ്. എസിന്റെ അജണ്ടയിലുള്ള കാര്യമല്ലെന്നാണ് ഇതിലൂടെയെല്ലാം വ്യക്തമാവുന്നത്. ജില്ലക്ക് പുറത്തുനിന്നുള്ള ആർ.എസ്. എസ് പ്രചാരകന്മാരാണ് അക്രമം ആസൂത്രണം ചെയ്യുന്നത്. ജനങ്ങളുടെ സുഖ ദുഃഖങ്ങളിൽ ഇടപെട്ടാണ് സിപിഐ.(എം) കണ്ണൂരിലെ ഏറ്റവും സുശക്തമായ പ്രസ്ഥാനമായി വളർന്നത്. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ജനങ്ങളുടെ വിശ്വാസത്തെ മുതലെടുത്ത് നുഴഞ്ഞ് കയറാനാണ് ആർ.എസ്. എസ്. ശ്രമിക്കുന്നത്. എന്നാൽ യഥാർത്ഥ വിശ്വാസികൾ ആർ.എസ്.എസിന്റെ വലയിൽ വീണില്ല. ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ സുശക്തമായ സാന്നിധ്യം കൊണ്ട് മാത്രമാണ് ഉത്തരേന്ത്യൻ മോഡൽ ന്യൂനപക്ഷ വേട്ടക്ക് ഇവിടെ സാധിക്കാത്തത്.

കണ്ണൂർ ജില്ല കീഴടക്കാനും ക്ഷേത്രങ്ങൾ പിടിച്ചടക്കാനും പലവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല. അതാണ് ആർ.എസ്. എസിനെ ഇവിടെ അക്രമത്തിന് പ്രേരിപ്പിക്കുന്നത്. കേന്ദ്രഭരണം ഉപയോഗിച്ച് കണ്ണൂരിനെ ഭീകര ജില്ലയായി ചിത്രീകരിച്ച് ആർ.എസ്. എസ് അപമാനിക്കുകയാണ്. സമാധാനാന്തരീക്ഷം തകർത്ത് സംഘർഷം സൃഷ്ടിക്കുക എന്ന ആർ.എസ്. എസ്. അജണ്ടയുടെ ഭാഗമാണിതെല്ലാം. ആർ.എസ്. എസ്. അക്രമം അവസാനിപ്പിക്കാനും കണ്ണൂരിനെ സമാധാനത്തിലെത്തിക്കാനും ജനാധിപത്യവാദികളും സമാധാന കാംക്ഷികളും യോജിച്ച് അണിനിരക്കണമെന്ന് സിപിഐ.(എം). ജില്ലാ സമ്മേളനം പ്രമേയം മുഖേന അഭ്യർത്ഥിച്ചു.