തിരുവനന്തപുരം: കൂത്തുപറമ്പിലെ വെടിവെയ്‌പ്പിന് കാരണക്കാരനായ എം വി രാഘവന്റെ ചരമവാർഷിക ചടങ്ങിൽ പങ്കെടുക്കാൻ സിപിഐ(എം) നേതാക്കൾ എത്തുന്നതിലെ അമർഷം പ്രകടമാക്കി രക്തസാക്ഷിയുടെ പിതാവ് രംഗത്്. ജീവനുള്ള കാലത്തോളും എം വി രാഘവനെ കൊലയാളിയായി മാത്രമേ കാണാനാകൂ എന്ന വ്യക്തമാക്കി കൊണ്ടാണ് രക്തസാക്ഷി റോഷന്റെ പിതാവ് കെ വി വാസു രംഗത്തെത്തിയത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്താക്കിയത്. എം വി രാഘവൻ അനുസ്മരണത്തിന് പിണറായി എത്തുന്നു എന്നറിഞ്ഞപ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കി ഫേസ്‌ബുക്ക് പോസ്റ്റിട്ടത്.

എംവി രാഘവനെ ജീവനുള്ള കാലത്തോളം കൊലയാളി എന്ന് വിളിച്ചുകൊണ്ടേയിരിക്കും എന്നും പുതിയ തലമുറയിൽ കൊലയാളിയുടെ വികൃതമുഖം വരച്ചുകാണിക്കുമെന്നും പ്രഖ്യാപിച്ചുള്ളതാണ് പോസ്റ്റ്. സിപിഐഎം നേതാക്കൾ പങ്കെടുക്കുന്ന എംവി രാഘവൻ അനുസ്മരണ പരിപാടി കണ്ണൂരിൽ നടക്കുന്നതിന് തൊട്ടുമുമ്പാണ് കെവി വാസുവിന്റെ പോസ്റ്റ് എന്നതാണ് ശ്രദ്ധേയം. എന്നാൽ, മുഖ്യമന്ത്രി നേരത്തെ തന്നെ പരിപാടിയിൽ നിന്നും ഒഴിവായിരുന്നു. പകരം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. അതെസമയം മുഖ്യമന്ത്രിയുടെ വീഡിയോ സന്ദേശം ചടങ്ങിൽ പ്രദർശിപ്പിക്കുമെന്നാണ് അറിയുന്നത്.

എവി രാഘവന്റെ അവസാനകാലത്ത് യുഡിഎഫിൽനിന്ന് അകന്ന് സിപിഐഎമ്മിനോട് അടുക്കുന്നു എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഓർമ്മകൾ ഏതാണ്ട് നശിച്ച ഘട്ടത്തിൽ പിണറായി വിജയൻ രാഘവനെ സന്ദർശിക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ എംവിആർ നേരത്തെ മത്സരിച്ച് ജയിച്ച അഴീക്കോട് മണ്ഡലത്തിൽ രാഘവന്റെ മകനും മാദ്ധ്യമ പ്രവർത്തകനുമായ എംവി നികേഷ് കുമാറിനെ പാർട്ടി ചിഹ്നത്തിൽ സിപിഐഎം മത്സരിപ്പിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് സിപിഐഎം നേതാക്കളെ കൂടി പങ്കെടുപ്പിച്ച് എംവിആർ അനുസ്മരണ പരിപാടി ഇന്ന് കണ്ണൂർ സ്റ്റേഡിയം കോർണ്ണറിൽ സംഘടിപ്പിക്കുന്നത്.

വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇത്തരത്തിൽ സിപിഐഎം നേതാക്കൾ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കുമെന്ന സാഹചര്യത്തിലാണ് കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവിന്റെ ഫേസ്‌ബുക്ക് സ്റ്റാറ്റസ്. നിലവിൽ തിരുവനന്തപുരം എകെജി സെന്റർ കേന്ദ്രീകരിച്ചാണ് കെ.വി വാസുവിന്റെ പ്രവർത്തനം.

അറുത്തുമുറിച്ച് മാറ്റാൻ പറ്റാത്ത ബന്ധമാണ് എംവിആറുമായി ഉണ്ടായിരുന്നതെന്നും അത്രയേറെ എംവിആറിനെ സ്‌നേഹിച്ചിരുന്നെന്നും പോസ്റ്റിൽ കെ.വി വാസു വ്യക്തമാക്കുന്നു. എംവിആറിന്റെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയും, താൻ പ്രമാണിത്വവും, അഹങ്കാരവും, കാരണം നിങ്ങളാൽ മാത്രം, എന്റെ മകനടക്കമുള്ള അഞ്ചു പേരുടെ ജീവൻ നഷ്ടപ്പെടേണ്ടി വന്നു. സഖാവ് പുഷ്പൻ ഇന്നത്തെ നിലയിലായി. നൂറു കണക്കിന് ചെറുപ്പക്കാർ നിത്യരോഗികളായി മാറി. ഒരിക്കലെങ്കിലും നിങ്ങളിൽ നിന്ന് കുത്തുപറമ്പ് വെടിവെപ്പിൽ ഒരു ഖേദപ്രകടനം പ്രതീക്ഷിച്ചിരുന്നെന്നും കെ.വി വാസു പോസ്റ്റിൽ പറയുന്നു.

സി.എം. പി. അരവിന്ദാക്ഷൻ വിഭാഗമാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്. 1987 ൽ ബദൽരേഖയുടെ പേരിൽ സി.എം. പി. രൂപീകരിച്ച് പുറത്തുപോകേണ്ടി വന്ന എം. വി. രാഘവനും കുടുംബത്തിനും നേരിടേണ്ടി വന്ന പീഡനത്തിന് ചരിത്രം മാപ്പുകൊടുക്കില്ലെന്നു കരുതുന്നവരാണു സാക്ഷികളായ കണ്ണൂർക്കാരിൽ പലരും. രാഘവൻ സ്ഥാപിച്ച കണ്ണൂർ എ.കെ.ജി. സ്മാരക സഹകരണാശുപത്രിയും പരിയാരം മെഡിക്കൽ കോളേജും സിപിഐ.(എം.) പിടിച്ചെടുത്തതോടെ എല്ലാം അദ്ദേഹത്തിന് പുറത്തുനിന്നു നോക്കി കാണേണ്ടി വന്നു. ഇത്രയേറെക്കാലം ഒരു പാർട്ടി മുൾമുനയിലാക്കി നിർത്തിയ വ്യക്തി കേരളചരിത്രത്തിൽ മാത്രമല്ല രാജ്യത്തു തന്നെ അപൂർവ്വമാണ്. അത്രയേറെ സഹിക്കേണ്ടി വന്നിരുന്നു എം വി ആറിന്.

സി.എംപി. പിറന്നപ്പോൾ എ.കെ. ജി. ആശുപത്രി പിടിച്ചെടുക്കാൻ സിപിഐ.(എം.) നടത്തിയ നീക്കം കണ്ണൂരിന് മറക്കാനാകില്ല. ആദ്യ തെരഞ്ഞെടുപ്പിൽ രാഘവന്റെ പാനൽ അട്ടിമറിക്കപ്പെട്ടു. പരാജയപ്പെട്ട് പുറത്തിറങ്ങിയ രാഘവനെ ആശുപത്രി ആസ്ഥാനം മുതൽ ചെരിപ്പെറിഞ്ഞും കല്ലെറിഞ്ഞുമാണ് പാർട്ടി അണികൾ ഒരു കിലോമീറ്ററിലേറെ നടത്തിച്ചു കൊണ്ടു പോയത്. അതോടെ രാഘവന് സിപിഐ.(എം.) നോട് അടങ്ങാത്ത കലിയായിരുന്നു. അതിനു ശേഷമാണ് പരിയാരം മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നത്. അതും എൽ.ഡി.എഫ് അധികാരത്തിലേറിയപ്പോൾ പിടിച്ചടക്കി. രാഘവന്റെ സ്വന്തം പ്രസ്ഥാനം എന്നാരോപിച്ച സിപിഐ.(എം.) അവർ പിടിച്ചടക്കിയപ്പോൾ രാഘവൻ രൂപീകരിച്ച അതേ ഭരണഘടന പ്രകാരമാണ് ഇന്നും പരിയാരം മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത്. രാഘവനോടുള്ള ശത്രുത നാൾക്കുനാൾ വർദ്ധിക്കുകയായിരുന്നു.

1994 നവംബർ 25 ന് കൂത്തുപറമ്പ് വെടിവെപ്പോടെ രാഘവൻ സിപിഐ.(എം.) ന്റെ മുഖ്യശത്രുവായി. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങൾക്കെതിരെ സമരം നടത്തിയ എസ്.എഫ് ഐ.ക്കാർക്കു നേരെ പൊലീസ് മർദ്ദനം നടന്ന കാലം. ജില്ലാ സഹകരണ ബാങ്കിലെ നിയമനത്തിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് കൂത്തുപറമ്പ് സഹകരണ ബാങ്കിന്റെ ഉദ്ഘാടനത്തിനെത്തുന്ന രാഘവനെ തടയാൻ ഡിവൈഎഫ്‌ഐ. തീരുമാനിച്ചു. രാവിലെ 11.45 ന് കൂത്തുപറമ്പിലെത്തിയ രാഘവനെ തടയാൻ അഞ്ഞുറോളം യുവാക്കളെത്തിയിരുന്നു. രാഘവനു നേരെ അക്രമമുണ്ടാവുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന് ആയിരത്തിലേറെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ആദ്യം മന്ത്രിക്ക് ഗോ ബാക്ക് വിളിച്ചു. പിന്നീട് കരിങ്കൊടി കാട്ടി. ഈ സമയം മന്ത്രിക്ക് നേരെ കുപ്പിച്ചില്ലും കല്ലേറും വന്നു. അതോടെ സ്ഥിതി നിയന്ത്രണാതീതമായി. മന്ത്രിയെ രക്ഷിക്കാൻ എന്ന പേരിൽ പൊലീസ് വെടിയുതിർത്തു. ഈ വെടിവെപ്പിൽ അഞ്ചു യുവാക്കൾ മരിച്ചു വീണു. കെ.കെ. രാജീവൻ, ഷിബുലാൽ, ബാബു, മധു, റോഷൻ, എന്നിവർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.

പരിക്കേറ്റ പുതുക്കുടുയിൽ പുഷ്പൻ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയാണ്. അന്നുമുതൽ ഇന്നു വരെ കിടക്കപ്പായിൽ തളർന്നു കിടപ്പാണ് പുഷ്പൻ. 'അധികാരത്തിന്റെ ഹുങ്കിൽ രാഘവൻ ചെയ്തുകൂട്ടിയതാണ് കൂത്തുപറമ്പ് സംഭവം. എന്റെ കാര്യത്തിൽ എനിക്കൊട്ടും ദുഃഖമില്ല. പ്രസ്ഥാനത്തിന് വേണ്ടിയാണ് ഞാൻ എന്റെ ജീവൻ നൽകിയത്...' മുമ്പൊരിക്കൽ പുഷ്പൻ പറഞ്ഞതാണിത്. ഇതിനെല്ലാം ഉത്തരവാദിയായി സിപിഐ.(എം.) കണക്കാക്കിയ എം വി രാഘവന്റെ വീട് അന്ന് വൈകീട്ടു തന്നെ സംഘടിതമായി അക്രമിക്കപ്പെട്ടു. പാപ്പിനിശ്ശേരിയിലെ വീട് ഒരു ഭാഗത്തു നിന്ന് തകർക്കപ്പെടുമ്പോൾ മറുഭാഗത്ത് തീ ആളിക്കത്തുകയായിരുന്നു. രാഘവന്റെ ഗ്രന്ഥശേഖരങ്ങൾ, വീടിനൊപ്പം കത്തിയമർന്നു. കിണറിൽ പെട്രോളൊഴിച്ചു. ചുറ്റുമതിലിടിച്ച് കിണറ്റിലിട്ടു. പിന്നീടൊരിക്കലും രാഘവൻ സ്വന്തം വീട്ടിലേക്കു പോയിട്ടില്ല. ഇന്നും രക്തസാക്ഷിയെപ്പോലെ രാഘവന്റെ സ്ഥലം അതേ നിലയിലാണ്. അവിടെ വീട് പുനർനിർമ്മിക്കാനോ സ്ഥലം നന്നാക്കാനോ രാഘവന്റെ പിന്മുറക്കാരിൽ ആരും തയ്യാറായില്ല. വീട് തകർക്കപ്പെട്ടതിനെ തുടർന്ന് പാർപ്പിടം നഷ്ടപ്പെട്ട എം വി രാഘവൻ ഭാര്യ ജാനകിയേയും മക്കളായ ഗിരീഷ്, നികേഷ്, രാജേഷ്, എന്നിവരേയും കൂട്ടി കണ്ണൂരിലെ കന്റോൺമെന്റിൽ താമസം മാറ്റേണ്ടി വന്നു. പട്ടാള ഭരണത്തിൻ കീഴിലായ കന്റോൺമെന്റിലെ വീട്ടിലായിരുന്നു മരണം വരേയും അദ്ദേഹം കഴിഞ്ഞത്.

എം വിആർ മരിക്കുന്നതിന് മാസങ്ങൾക്കു മുമ്പു തന്നെ മറവിരോഗബാധിതനായിരുന്നു. അക്കാലത്തായിരുന്നു സിപിഐ.(എം.) നേതാക്കൾ അദ്ദേഹത്തിന്റെ വസതി സന്ദർശിക്കാനെത്തിയത്. മൂത്തമകൻ ഗിരീഷിനെ പോലും തിരിച്ചറിയാനാവാത്ത അവസ്ഥ; ചോദ്യമോ ഉത്തരമോ നേരെ പറയാൻ വയ്യാത്ത വേളയിൽ അദ്ദേഹം സിപിഐ.(എം.) മുമായി സഹകരിക്കാമെന്നു പറഞ്ഞുവെന്നാണ് പാർട്ടിക്കാർ പ്രചരിപ്പിച്ചത്. എന്നാൽ ഗിരീഷ് ഇത് അംഗീകരിക്കുന്നില്ല. നികേഷ് അടക്കമുള്ളവർ സിപിഐ.(എം )യുമായി അടുക്കുകയും ചെയ്തു. സി.എംപി, സിപിഐ.(എം.) അനുകൂല വിഭാഗവും പിറന്നു,. അവർ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് പി.ജയരാജൻ അടക്കുള്ളവർ പ്രാംസംഗികരാകുന്നത്.