കോഴിക്കോട്: സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പു കാരണം വീട് വെയ്ക്കാൻ സാധിക്കാത്തതായി മുൻ സൈനികന്റെ ആരോപണം. 33 വർഷം രാജ്യത്തെ സേവിച്ച വലിയ പറമ്പിൽ വിശ്വനാഥനാണ് ഈ ദുരവസ്ഥ. കോഴിക്കോട് അരിക്കുളം പഞ്ചായത്തിലെ ഏക്കാട്ടൂർ എന്ന സ്ഥലത്ത് വീട് വെയ്ക്കാൻ വിശ്വനാഥന് അനുമതി ലഭിച്ചിരുന്നു. എന്നാൽ വിശ്വനാഥൻ അനുവദിച്ചതിലും കൂടുതൽ സ്ഥലം നികത്താൻ ശ്രമിക്കുകയാണെന്ന നിലിപാട് സി.പി.എം സ്വീകരിച്ചതോടെ വീട് പണി മുടങ്ങുകായിരുന്നു. ഇതോടെ താൽക്കാലികമായി നിർമ്മിച്ച ഓല ഷെഡിലാണ് ഇദ്ദേഹവും ഭാര്യയും താമസിക്കുന്നത്. എതിർപ്പിൽ നിന്നും പിന്മാറാൻ സി.പി.എം പ്രാദേശിക നേതാവ് തന്നോട് പണം ആവശ്യപ്പെട്ടെന്നും എന്നാൽ താൻ അത് നൽകാൻ തയ്യാറല്ലെന്നും വിശ്വനാഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

കുടുംബ സ്വത്ത് ഭാഗിച്ചു കിട്ടിയ 43 സെന്റ് സ്ഥലത്ത് വീടു വെയ്ക്കാനായി 2014 ഒക്ടോബറിലാണ് വിശ്വനാഥൻ ശ്രമം തുടങ്ങിയത്. വയൽ നികത്തേണ്ടതിനാൽ പ്രാദേശിക നിരീക്ഷണ കമ്മിറ്റിയുടെ അനുമതി വേണം. ഇതിനായി കൃഷി ഓഫീസർ കൺവീനറായ കമ്മിറ്റിക്ക് വിശ്വനാഥൻ അപേക്ഷ നൽകി. തനിക്കോ കുടുംബത്തിനോ കോഴിക്കോട് ജില്ലയിലോ പുറത്തോ വേറെ സ്ഥലമില്ലെന്ന് കാണിക്കുന്ന വില്ലേജ് ഓഫീസ് രേഖകളും അപേക്ഷയോടൊപ്പം സമർപ്പിച്ചു. കമ്മിറ്റി ഈ അപേക്ഷ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് അയക്കുകയും അവിടെ നിന്ന് ആർഡിഒയുടെ പരിഗണനയിലേക്ക് അയക്കുകയും ചെയ്തു. 10 സെന്റ് സ്ഥലം വീട് വെയ്ക്കാൻ നികത്താനായി അനുവദിച്ചുക്കൊണ്ട് 2017 ജൂൺ 30ന് ആർഡിഒ ഉത്തരവ് നൽകി. 2017 ജൂലൈ ഏഴിന് വിശ്വനാഥൻ ഉത്തരവ് കൈപ്പറ്റുകയും ചെയ്തു. തുടർന്ന് അദ്ദേഹം വില്ലേജ് ഓഫീസറെ ബന്ധപ്പെടുകയും സ്‌കെച്ചിൽ പറയുന്ന സ്ഥലം നികത്താൻ വില്ലേജ് ഓഫീസർ അനുവദിക്കുകയും ചെയ്തു.

ഇതു പ്രകാരം സ്ഥലം മണ്ണിട്ടു നികത്തുന്നതിനിടയ്ക്കാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ആദ്യം ഒന്നു രണ്ടു സി.പി.എം പ്രവർത്തകർ സ്ഥലത്തെത്തി മണ്ണിടുന്നത് നിർത്തണമെന്ന് പറഞ്ഞതായി വിശ്വനാഥൻ പറയുന്നു. പിന്നീട് മണ്ണെടുക്കുന്ന സ്ഥലത്ത് പോയും തടഞ്ഞു. മണ്ണെടുക്കാൻ വന്നവർക്കും വാഹനങ്ങൾക്കും അഞ്ചു ദിവസത്തോളം വെറുതെ കൂലി കൊടുക്കേണ്ടി വന്നു. ഇതിനിടെ ആകെ ഒരു ദിവസമാണ് മണ്ണടിക്കാനായത്.

ഇതിനിടെ സി.പി.എം നേതാക്കൾ വില്ലേജ് ഓഫീസറേയും പഞ്ചായത്ത് സെക്രട്ടറിയേയും കണ്ട് പരാതി നൽകി. അനുവദിച്ചതിലും കൂടുതൽ സ്ഥലം മണ്ണിട്ടു നികത്താൻ ശ്രമിക്കുന്നു എന്നായിരുന്നു പരാതി. കെട്ടിട നിർമ്മാണത്തിന് അനുമതി കൊടുക്കരുതെന്നും അവർ ആവശ്യപ്പെട്ടു. ഇരു വിഭാഗവും തമ്മിൽ തർക്കമായതോടെ മണ്ണിട്ടു നികത്തുന്നതിന് വില്ലേജ് ഓഫീസർ താൽക്കാലികമായി സ്റ്റോപ്പ് മെമോ നൽകി. വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമോ വെക്കേറ്റ് ചെയ്യണമെങ്കിൽ കളക്ടർക്ക്് മാത്രമേ അധികാരമൊള്ളൂ. അതിനാൽ കളക്ടർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഈ മുൻ സൈനികൻ.

എതിർപ്പിൽ നിന്നും പിന്മാറാൻ ഒരു നേതാവ് തന്നോട് 50000 രൂപ ആവശ്യപ്പെട്ടെന്ന് വിശ്വനാഥൻ പറയുന്നു. എന്നാൽ രാജ്യത്തെ സേവിച്ച തനിക്ക് ഇത്തരം അതിക്രമങ്ങൾക്ക് കൂട്ടു നിൽക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു. വർഷങ്ങൾക്ക് മുമ്പ് തന്റെ കുടുംബം സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. ഇതും സിപിഎമ്മിന്റെ എതിർപ്പിനു കാരണം ആണെന്നാണ് വിശ്വനാഥന്റെ നിഗമനം. താൽക്കാലികമായി കെട്ടിയ ഒരു ഓല ഷെഡിലാണ് ഇദ്ദേഹവും ഭാര്യയും ഇപ്പോൾ കഴിയുന്നത്. രണ്ട് കുട്ടികളിൽ ഒരാൾ ബാംഗ്ലൂരും മറ്റൊരാൾ കൊച്ചിയിലും പഠിക്കുകയാണ്.

എന്നാൽ തങ്ങളുടെ എതിർപ്പിനു പിന്നിൽ രാഷ്ട്രീയമില്ലെന്ന് ഏക്കാട്ടൂർ ബ്രാഞ്ച് സെക്രട്ടറി പി ശശി മറുനാടൻ മലയാളിയോട് പറഞ്ഞു. അനുവദിച്ചതിലും കൂടുതൽ നെൽവയൽ നികത്താനുള്ള ശ്രമം നടന്നപ്പോഴാണ് എതിർത്തത്്. 43 സെന്റിൽ വീട് പണിയാനാണ് വിശ്വനാഥന്റെ ശ്രമം. ഈ ഭാഗത്ത് മണ്ണിട്ട് നീരൊഴുക്ക് തടസപ്പെടുത്തിയിട്ടുണ്ട്. സിപിഎമ്മിനു മാത്രമല്ല മുഴുവൻ ജനങ്ങൾക്കും ഈ നടപടിയിൽ എതിർപ്പുണ്ട്. അതിനാലാണ് സി.പി.എം ഈ നീക്കത്തിനെതിരെ പ്രചരണവുമായി രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

എന്തായാലും ഇതിനിടെ തന്നെ വീടു പണിക്കായി കരുതിയിരുന്ന അഞ്ച് ലക്ഷത്തോളം രൂപ വിശ്വനാഥന് നഷ്ടപ്പെട്ടു കഴിഞ്ഞു. പെൻഷനെ മാത്രം ആശ്രയിക്കുന്ന ഈ കുടുംബം വീടുപണിക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന വിഷമത്തിലാണ്. ഒരു സൈനികനായി പോയതുക്കൊണ്ട് കരഞ്ഞ് ആരുടേയും കാല് പിടിക്കാൻ പറ്റില്ലല്ലോ എന്ന് അദ്ദേഹം വിഷമത്തോടെ ചോദിക്കുന്നു.