കോഴിക്കോട്: സി പി എം പ്രവർത്തകർ സിപിഐയിലേക്ക് പോവുന്നതും സിപിഐയിൽ നിന്ന് സി പി എം അണികളെ അടർത്തിയെടുക്കുന്നതും ഇന്ന് സ്ഥിരം സംഭവമാണ്. ഇപ്പോഴിതാ കോഴിക്കോട് ജില്ലയിൽ സി പി എമ്മിന് കടുത്ത വെല്ലുവിളി ഉയർത്തി വലിയ ജനസ്വാധീനമുള്ള ഒരു നേതാവ് സിപിഐയിൽ ചേരുന്നു. സി പി എമ്മിലെ കടുത്ത വിഭാഗീയതയെത്തുടർന്നാണ് മുൻ വി എസ് പക്ഷ നേതാവും മുൻ സി പി എം കൊയിലാണ്ടി ഏരിയാ സെക്രട്ടറിയുമായ എൻ വി ബാലകൃഷ്ണൻ നേതൃത്വത്തിൽ അമ്പതോളം പ്രവർത്തകർ സിപിഐ യിലേക്ക് ചേക്കേറുന്നത്. അമ്പത് പേർ ഒപ്പം പോകുമെന്ന് ഉറപ്പായിട്ടുണ്ടെങ്കിലും ഇതിൽ കൂടുതൽ പ്രവർത്തകർ എൻ വിക്കൊപ്പം എത്തുമെന്ന് തന്നെയാണ് സിപിഐ നേതൃത്വം പ്രതീക്ഷിക്കുന്നത്.

ഒഞ്ചിയത്ത് വലിയ വിഭാഗം ആർ എം പിയായതിന്റെ ക്ഷീണം ഇനിയും മാറാത്ത സാഹചര്യത്തിൽ പാർട്ടിയിലെ ഔദ്യോഗിക വിഭാഗത്തെ വെട്ടിലാക്കിയാണ് ബാലകൃഷ്ണന്റെ കൂട്ടരും പാർട്ടി വിടുന്നത്. ഫെബ്രുവരി ഒൻപതിന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിലാണ് എൻ വി സിപിഐയിൽ ചേരുക. കാനം രാജേന്ദ്രൻ ഉൾപ്പെടെ ഈ ചടങ്ങിൽ സംബന്ധിക്കും എന്നാണ് അറിയുന്നത്.

അടുത്തകാലത്തായി എൻ വി സിപിഐയിൽ ചേരുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സജീവമായിരുന്നു. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുറ്റ്യാടിയിൽ നടന്ന സാംസ്കാരിക പരിപാടിയിലും പാർട്ടി റിപ്പബ്ലിക് ദിനത്തിൽ കോഴിക്കോട്ട് സംഘടിപ്പിച്ച ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു. എ ഐ വൈ എഫ് ഉൾപ്പെടെയുള്ള സംഘടനകളുടെ പരിപാടികളിലും അദ്ദേഹം സജീവമായിരുന്നു. സിപിഐയിൽ ചേരുന്നു എന്ന തരത്തിൽ ഒരു പത്രത്തിൽ വാർത്ത വന്നപ്പോൾ ഇക്കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നായിരുന്നു എൻ വിയുടെ പ്രതികരണം. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ സ്ഥിരീകരണം ആയിരിക്കുകയാണ്.

ഡി വൈ എഫ് ഐയുടെ ജില്ലാ പ്രസിഡന്റും ശക്തനായ പ്രാസംഗികനും തീപ്പൊരി നേതാവുമായിരുന്നു ബാലകൃഷ്ണൻ. കൊല്ലപ്പെട്ട ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരനൊപ്പം ഒരു കാലത്ത് ഇദ്ദേഹം സി പി എമ്മിന്റെ ജില്ലയിലെ പ്രമുഖനായ നേതാവായി മാറി. പാർട്ടിയിൽ ഗ്രൂപ്പിസം കൊടുമ്പിരിക്കൊണ്ട കാലം മുതൽ ഔദ്യോഗിക പക്ഷത്തിന് ഇദ്ദേഹം തലവേദനയായിരുന്നു. പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയായ കാലത്ത് അദ്ദേഹത്തെ വെല്ലുവിളിക്കുന്ന തരത്തിലാണ് ബാലകൃഷ്ണനും അനുയായികളും പ്രവർത്തിച്ചത്.

പിന്നീട് 2013 ൽ പാർട്ടിക്കെതിരെ ലേഖനങ്ങളെഴുതി എന്നാരോപിച്ച് ബാലകൃഷ്ണനെ പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഗൾഫിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഫോർ പിഎം, ഡെയ്ലി ട്രിബ്യൂൺ എന്നീ പത്രങ്ങളുടെ കോഴിക്കോട് ബ്യൂറോ ചീഫു കൂടിയായ ബാലകൃഷ്ണൻ സോളാർ സമരം പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടതിനെ ആസ്പദമാക്കി ലേഖനമെഴുതിയെന്നാണ് പ്രധാന ആക്ഷേപം. അത് കൂടാതെ പലപ്പോഴായി നൂറിലധികം തവണ പാർട്ടിക്കെതിരായി ലേഖനം എഴുതി എന്നാണ് സി പി എം കണ്ടെത്തൽ. പാർട്ടി ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിൽ ക്രമക്കേട് നടത്തിയെന്ന ആരോപണവും എൻ വിക്കെതിരെ നേരത്തെ ഉന്നയിക്കപ്പെട്ടിരുന്നു.

പാർട്ടി ഏരിയാ സെക്രട്ടറിയായിരുന്ന കെ കെ മുഹമ്മദിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. ഇക്കാര്യങ്ങൾ എൻ വി ബാലകൃഷ്ണൻ പരാതിയായി ജില്ലാ സെക്രട്ടറിക്ക് നൽകിയിരുന്നു. പക്ഷെ ഇതിനെക്കുറിച്ചൊന്നും അന്വേഷണങ്ങൾ നടത്താതെ ബാലകൃഷ്ണനെതിരെ മാത്രം നടപടിയെടുക്കുമെന്നായിരുന്നുവെന്നാണ് ആക്ഷേപം. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലെ മുതിർന്ന ഒരു നേതാവിന് ബാലകൃഷ്ണനോട് വിരോധമുണ്ടായിരുന്നുവെന്നും അദ്ദേഹമാണ് നടപടിക്ക് തന്ത്രങ്ങൾ ആവിഷ്‌ക്കരിച്ചതെന്നും സംസാരമുണ്ടായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ കൊയിലാണ്ടി ഏരിയാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തുകയും ചെയ്തു.

ഫോർ പിഎം ന്യൂസിൽ വന്ന 'കാറ്റു പോയ തുമ്പപ്പൂ വിപ്ലവം' എന്ന ലേഖനം താൻ എഴുതിയതല്ലെന്ന് ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നെങ്കിലും അത് ഔദ്യോഗിക പക്ഷം മുഖവിലയ്ക്കെടുത്തിട്ടില്ല. ലേഖനം എഴുതിയത് ദേവദാസ് ചെറുകാട് എന്നയാളാണെന്ന് പത്രവും വെളിപ്പെടുത്തിയിരുന്നു. എന്നാൽ ബാലകൃഷ്ണനെ മാറ്റി തരംതാഴ്‌ത്തി അദ്ദേഹത്തിന്റെ കൂടെയുള്ള അണികളെ കൂടെ നിർത്തുക എന്ന തന്ത്രമാണ് സി പി എം പയറ്റിയത്.

അണികൾ ബാലകൃഷ്ണനൊപ്പമുണ്ടെന്ന തിരിച്ചറിവും നേതൃത്വത്തിനുണ്ട്. കൊയിലാണ്ടി ഏരിയാ കമ്മറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും ബാലകൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യത്തിലുറച്ചു നിന്നിട്ടും ജില്ലാ നേതൃത്വം നടപടി സസ്പെൻഷനിലൊതുക്കിയത് അക്കാരണത്താലാണ്. അതിനുശേഷം മൂന്ന് വർഷത്തിലേറെയായി പാർട്ടി നേതൃത്വവുമായ് അകന്ന് നിൽക്കുന്ന അദ്ദേഹം അനുയായികൾക്കൊപ്പം സിപിഐയിൽ ഔദ്യോഗികമായ് ചേരുകയാണ്. എൻ വി ബാലകൃഷ്ണനോട് ആഭിമുഖ്യമുള്ളവരിൽ ആർ എം പിയോടൊപ്പം നിൽക്കുന്നവരും സിപിഐയുടെ ഭാഗമാകും.

ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ശ്രദ്ധ എന്ന സാംസ്കാരിക സംഘടന കൊയിലാണ്ടിയിലെ ഇടതുപക്ഷ മുഖം കൂടിയാണ്. വിവിധ പരിപാടികൾ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാറുണ്ട്. ഈ പരിപാടികളിൽ ഉണ്ടാകുന്ന സി പി എം അനുഭാവികളുടെ സാന്നിധ്യം പലപ്പോഴും സി പി എമ്മിന് തലവേദനയായിരുന്നു. എൻ വി ബാലകൃഷ്ണൻ എഴുതിയ മതം, ലൈംഗികത, മൂലധനം, പരിസ്ഥിതി എന്ന പുസ്തകം പ്രകാശനം ചെയ്യാൻ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്ചുതാനന്ദൻ എത്തിയത് സി പി എമ്മിന് മുമ്പ് വലിയ തിരിച്ചടി ഉണ്ടാക്കിയിരുന്നു. സിപിഐ നേതാവ് ബിനോയ് വിശ്വമായിരുന്നു അന്ന് പുസ്തകം ഏറ്റുവാങ്ങിയത്.