കണ്ണൂർ: കണ്ണൂർ സിപിഎമ്മിൽ കുറച്ചു കാലത്തായി ഇപി ജയരാജനെയും പി കെ ശ്രീമതി ടീച്ചറെയും തഴയാനുള്ള നീക്കങ്ങൾ ശക്തമായി നടക്കുന്നുണ്ട്. ബന്ധു നിയമന വിവാദ കേസിൽ കുറ്റവിമുക്തനായ ശേഷം മന്ത്രിസ്ഥാനത്തേക്ക് ഇപി പരിഗണിക്കപ്പെടുന്നു എന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെ തന്നെ അദ്ദേഹത്തിനെതിരായ നീക്കങ്ങൾ ശക്തമായിരുന്നു. കണ്ണൂർ ലോബിയിലെ കരുത്തനായ നേതാക്കൾ തന്നെയാണ് ഇ പി ജയരാജനെതിരെ നീങ്ങിയത്. കോടിയേരി ബാലകൃഷ്ണന്റെ മക്കൾ ഉൾപ്പെട്ട വിവാദത്തിലേക്ക് ഇ പിയുടെ മകന്റെ പേരും ഇതിനിടെ വലിച്ചിഴക്കപ്പെട്ടു. പാർട്ടി കോൺഗ്രസിൽ ഇപിക്കെതിരെ നടപടി വരുമെന്നും കേന്ദ്ര കമ്മിറ്റി അംഗത്വം നഷ്ടമാകുമെന്നും കണക്കു കൂട്ടിയവർ ഇപ്പോൾ അദ്ദേഹത്തിനെതിരെ രംഗത്തിറങ്ങിയിരിക്കയാണ്. പാർട്ടി കോൺഗ്രസിൽ ഇപിക്കെതിരെ നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ കൂടിയാണ് അദ്ദേഹത്തിനെതിരായ ആക്രമണത്തിന്റെ മൂർച്ച കൂടിയത്. പുതിയ സംസ്ഥാന സെക്രട്ടറിയേറ്റ് രൂപീകരിച്ചപ്പോൾ ചിലർക്ക് അംഗത്വം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, അവർ ഒഴിവാക്കപ്പെട്ടതോടെ ഇപിക്കെതിരായി നീങ്ങിയെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്.

അടുത്തിടെ മന്ത്രി കെകെ ശൈലജ പങ്കെടുത്ത പൊതുപരിപാടിയിൽ നിന്ന് ഇ പി ജയരാജൻ എംഎൽഎയെ ഒഴിവാക്കിയത് സിപിഐഎമ്മിനുള്ളിൽ പുതിയ വിവാദത്തിന് തുടക്കമിട്ടിരുന്നു. മട്ടന്നൂർ മണ്ഡലത്തിലെ ഊരത്തൂരിൽ ആരംഭിക്കുന്ന രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനം വിലയിരുത്താൻ മന്ത്രി ശൈലജയുടെ നേതൃത്വത്തിലെത്തിയ സംഘത്തിൽനിന്നാണു ഇ.പി.ജയരാജനെ ഒഴിവാക്കിയത്. കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പദ്ധതി പ്രദേശത്തെ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് നേതൃത്വവും ഉൾപ്പെട്ട സംഘത്തിൽ നിന്നാണു സ്ഥലം എംഎൽഎയായ ജയരാജനെ ഒഴിവാക്കിയത്. മട്ടന്നൂർ മണ്ഡലത്തിലെ ഊരത്തൂരിൽ 300 ഏക്കർ ഭൂമിയിലാണ് 300 കോടി രൂപ മുതൽമുടക്കിൽ രാജ്യാന്തര ആയുർവേദ ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നത്.

സിപിഎം പ്രാദേശികനേതൃത്വം ഇതു സംബന്ധിച്ചു ജില്ലാ നേതൃത്വത്തിനു പരാതി നൽകി. കഴിഞ്ഞ ദിവസം നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലും സംഭവം ചർച്ചയായി. സർക്കാർ നടപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടു മന്ത്രി നടത്തിയ ഔദ്യോഗിക സന്ദർശനം സ്ഥലം എംഎൽഎയെ അറിയിക്കാത്തതു അവകാശലംഘനമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ എംഎൽഎ ആണെങ്കിൽ അവകാശ ലംഘനത്തിനു നോട്ടീസ് നൽകാവുന്ന വിഷയമാണിതെന്നും ഇവർ പറയുന്നു.

കഴിഞ്ഞ നിയമസഭാ സീറ്റുനിർണയകാലത്ത് ഉടലെടുത്ത കണ്ണൂർ പാർട്ടിയിലെ വിഭാഗീയതയെ തുടർന്നും ഇപിക്കെതിരെ നീക്കങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പല പരിപാടികളിലും ഇപി ജയരാജനെ ഒഴിവാക്കിയിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഒരു വർഷത്തോളം മട്ടന്നൂർ നഗരസഭയുടെ പരിപാടികളിൽ നിന്നു ജയരാജനെ അകറ്റി നിർത്തിയിരുന്നതായും ആരോപണമുണ്ടായിരുന്നു. ഇതു മട്ടന്നൂർ മണ്ഡലത്തിൽനിന്ന് ജയരാജനെ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. പിന്നീടു ബന്ധുനിയമന വിവാദകാലത്തു കണ്ണൂർ പാർട്ടിയിലെ വിഭാഗീയത പുതിയ തലങ്ങളിലെത്തി. ഇതിന്റെ തുടർച്ചയായാണു മന്ത്രിയുടെ പരിപാടികളിൽ നിന്ന് എംഎൽഎയെ ഒഴിവാക്കുന്നതിലെത്തി നിൽക്കുന്നതെന്നു പാർട്ടിക്കുള്ളിൽ സംസാരമുണ്ട്.

ഈ സംഭവത്തിന് പിന്നാലെ ദേശീയപാതാ അലൈന്മെന്റിൽ നിന്നും ഇപി ജയരാജൻ ഇഷ്ടക്കാരെ ഒഴിവാക്കാൻ വേണ്ടിയും ഇടപെടൽ ഉണ്ടായെന്ന ആരോപണം ഉയർന്നു. ഈ ആരോപണങ്ങളുടെ പിന്നിൽ കണ്ണൂർ സിപിഎമ്മിൽ രൂപം കൊണ്ട വിഭാഗീയതയാണെന്ന ആരോപണം ശക്തമാകുന്ന വേളയിൽ തന്നെ മറ്റൊരു സംഭവം കൂടി വാർത്തകളിൽ ഇടംപിടിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎൽഎയുമായ ഇ പി ജയരാജന്റെ മകന്റെ ഉടമസ്ഥതയിലുള്ള കമ്പനി റിസോർട്ട് നിർമ്മിക്കാൻ കുന്നിടിച്ചു നിരത്താൻ ശ്രമിച്ചത് ഇപ്പോഴാണ് വിവാദമായത്. ഇത് മാതൃഭൂമി വാർത്താ രൂപത്തിൽ പുറത്തുവിടുകയുമുണ്ടായി. നിയമങ്ങൾ കാറ്റിൽപ്പറത്തിയുള്ള കുന്നിടിക്കൽ നടപടിക്ക് പിന്നിൽ ഇപിയുടെ പുത്രനുള്ള പങ്കാളിത്തം പുറത്തുവിട്ടത് മാതൃഭൂമി ന്യൂസ് ചാനലായിരുന്നു. ജയരാജന്റെ മകൻ പുതുശ്ശേരി കോറോത്ത് ജയ്‌സൺ ഡയറക്ടർ ബോർഡ് അംഗമായ സ്വകാര്യ കമ്പനി റിസോർട്ട് പണിയുന്നത്. ഇതിൽ മണ്ണിടിക്കൽ അനധികൃതമാണെന്നാണ് വാർത്തകളിൽ പുറത്തുവന്നത്.

10 ഏക്കർ വിസ്തൃതിയിൽ കുന്നിടിച്ചാണ് ആയുർവേദ റിസോർട്ടും ആശുപത്രിയും പണിയുന്നതെങ്കിലും കമ്പയിൽ ആകെ 25 ലക്ഷം രൂപയുടെ പങ്കാളിത്തം മാത്രമേ ഇ പി ജയരാജന്റെ പുത്രനുള്ളൂ. ഈ സാഹചര്യത്തിൽ ഡയറക്ടർബോർഡ് അംഗത്വത്തിന്റെ പേരിൽ അതിന്റെ ഉത്തരവാദിത്തം മുഴുവനും ഇപിയുടെ പേരിൽ കെട്ടിവെക്കാനാണ് ശ്രമം. കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് റിസോർട്ട് നിർമ്മിക്കുന്നത്. ഇതിന് മണ്ണെടുക്കാൻ അനുമതിയെല്ലാം നേടിയിട്ടുണ്ടെന്നും അനുമതി ലഭിച്ച ശേഷമാണ് പദ്ധതി മുന്നട്ടു പോയതും. എന്നിട്ടും ഇപിയെ വിഷയത്തിലേക്ക് വലിച്ചിഴക്കുന്നതിന് പിന്നിൽ വിഭാഗീയ പ്രവർത്തനമാണെന്നാണ് ഇ പി അനുകൂലികൾ പറയുന്നത്.

വൻപാരിസ്ഥിതികാഘാതം ഉണ്ടാക്കുന്നതാണ് നിർമ്മാണപ്രവർത്തനങ്ങൾ എന്നു കാണിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തൽ ജിയോളജി വകുപ്പ് പരിശോധനയും നടത്തേണ്ടതുണ്ട്. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് പോലെ പരിസ്ഥിതി തീവ്രവാദമാണ് ഈ വിഷയത്തിൽ നടക്കുന്നതെന്നാണ് ഇപി അനുകൂലികൾ പറയുന്നത്. പരമ്പരഗതമായി ആയുർവേദ വ്യവസായം നടത്തുന്നവരാണ് റിസോർട്ട് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. അതിൽ ഒരു ബോർഡ് അംഗം മാത്രമാണ് ഇപിയുടെ മകനും. അനാവശ്യ വിവാദമുണ്ടാക്കുന്നത് സംസ്ഥാനത്തിന്റെ വ്യവസായിക അന്തരീക്ഷത്തെ തകർക്കുമെന്നും ഒരു വിഭാഗത്തിന്റെ ആക്ഷേപം ശക്തമാണ്.