പെരുമ്പാവൂർ: തനിക്കെതിരെ മാതൃഭൂമി പ്രചരിപ്പിച്ചത് നുണക്കഥയെന്നും മുടക്കുഴ മുൻപഞ്ചായത്തംഗം പണമെറിഞ്ഞ് വാർത്ത സൃഷ്ടിച്ചതാണെന്ന് സംശയിക്കുന്നതായും തെളിവ് ലഭിച്ചാൽ കോടതിയെ സമീപിക്കുമെന്നും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സി പി എം മുടക്കുഴ ലോക്കൽ സെക്രട്ടറി സാജുപോൾ. അശ്ലീലചിത്ര പ്രശ്‌നത്തിൽ താൻ ആരുടെ മുന്നിലും കുറ്റസമ്മതം നടത്തിയിട്ടില്ലെന്നും തനിക്കെതിരെയുണ്ടായിട്ടുള്ള വിവാദത്തിന്റെ സൃഷ്ടാക്കൾ പാർട്ടിയിലെ സ്ഥാനമോഹികളാണെന്നും താമസിയാതെ സത്യം വെളിച്ചത്തുവരുമെന്നാണ് പ്രതീക്ഷക്കുന്നതെന്നും സാജുപോൾ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

വാട്‌സാപ്പിലെ മുടക്കുഴ കേന്ദ്രീകരിച്ചുള്ള സി പി എം അംഗങ്ങളുടെയും നേതാക്കളുടെയും കൂട്ടായ്മയായ ത്രിവേണി ഗ്രൂപ്പിൽ ജനനേന്ദ്രീയത്തിന്റെ ചിത്രം പോസ്റ്റുചെയ്തതായി പ്രചരിച്ചതിനെത്തുടർന്ന് പാർട്ടി നടപടി നേരിട്ട സാജുപോൾ സംഭവവുമായി ബന്ധപ്പെട്ട് മറുനാടനുമായി പങ്കുവച്ച വിവരങ്ങൾ ചുവടെ:

  • ത്രിവേണി ഗ്രൂപ്പിൽ താങ്കൾ ജനനേന്ദ്രീയത്തിന്റെ ചിത്രം പോസ്റ്റു ചെയ്തതായി ഉയർന്നിട്ടുള്ള ആരോപണത്തെക്കുറിച്ച്?

എന്റെ മൊബൈൽ നമ്പറിൽ നിന്നുമാണ് ചിത്രം പോസ്റ്റു ചെയ്തെന്നത് വാസ്തവമാണ്. അതുകൊണ്ടുതന്നെ ഇതിന്റെ ധാർമ്മിക ഉത്തരവാദിത്തം എനിക്കാണ്. പക്ഷേ ഇക്കാര്യത്തിൽ മനഃപ്പൂർവ്വം ഞാൻ തെറ്റുചെയ്തിട്ടില്ല. ഓഫീസിലാണെങ്കിലും വീട്ടിലാണെങ്കിലും എന്റെ മൊബൈൽ പാർട്ടി പ്രവർത്തകർ ഉപയോഗിക്കാറുണ്ട്. നിലവിലെ സാഹചര്യത്തിൽ എന്നെ പ്രതിക്കൂട്ടിലാക്കാൻ ഇത്തരത്തിൽ ഫോൺ ഉപയോഗിച്ചവർ മറ്റാരുടെയെങ്കിലും നിർദ്ദേശപ്രകാരം കരുതിക്കൂട്ടി നടത്തിയ നീക്കമാണ് ഈ വിവാദത്തിന് കാരണമെന്നാണ് കരുതുന്നത്. എന്നാൽ ഞാനങ്ങനെയൊരു ചിത്രമെടുത്തിട്ടില്ല.

  • പാർട്ടി വനിതാ ലോക്കൽകമ്മിറ്റി അംഗവുമായി അരുതാത്ത ബന്ധമുണ്ടായിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നല്ലോ. ഇക്കാര്യത്തിൽ വാസ്തവമെന്താണ്?

മുപ്പതു കൊല്ലത്തോളമായി പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകനാണ്. സ്ത്രീകളോട് മോശമായി പെരുമാറുകയോ സംസാരിക്കുകയോ അരുതാത്ത ബന്ധം സ്ഥാപിക്കുകയോ ചെയ്തതായി ഒരു പരാതിയും എന്നെക്കുറിച്ച് ഇതുവരെ ഉണ്ടായിട്ടില്ലന്ന് ഈ പ്രദേശത്ത് അന്വേഷിക്കുന്ന ആർക്കും വ്യക്തമാവും.സംശയകരമായ സാഹചര്യത്തിൽ എന്നെ ഒരുസ്ത്രീയോടൊപ്പം കണ്ടതായി ഇതുവരെ ഒരു പാർട്ടി പ്രവർത്തകനോ നാട്ടുകാരോ ഈ സംഭവത്തിന് മുമ്പുവരെ ഒരിടത്തും പരാതി നൽകിയതായി അറിവില്ല. വിശ്വസനീയമായ ഒരു കഥ മെനഞ്ഞാലെ ലക്ഷ്യം ഫലപ്രാപ്തിയിലെത്തുകയുള്ളു എന്ന തിരിച്ചറിവിൽ ഇതിനുപിന്നിൽ പ്രവർത്തിച്ചവർ ഗ്രൂപ്പിൽ മുടക്കുഴയിൽ നിന്നുള്ള ഏക വനിതാപ്രവർത്തകയുടെ പേരുകൂടി ഉൾപ്പെടുത്തി അശ്ലീല ചിത്രവിവാദത്തിന് എരിവും പുളിയും പകരുകയായിരുന്നു.

  • താങ്കളല്ല അശ്ലീലചിത്രം പോസ്റ്റുചെതതെങ്കിൽ മറ്റാരാണ് ഇതിന് പിന്നിൽ? എന്തായിരിക്കാം അവരുടെ ലക്ഷ്യം?

പാർട്ടിയിലെ സ്ഥാനമോഹികളാണ് ഇതിന് പിന്നിൽ എന്നാണ് ഞാൻ സംശയിക്കുന്നത്. ഇതുവരെ എനിക്കെതിരെ പാർട്ടി പ്രവർത്തകരിൽ നിന്നും പരസ്യമായ എതിർപ്പ് ഉണ്ടായിട്ടില്ല. എന്നാൽ അടുത്തിടെ അകനാട്ട് മട്ടിമണൽ ഖനനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർത്തിൽ ഞാൻ പൊലീസ് കേസിൽ പ്രതിയായി.മണൽ ഖനനം പാർട്ടി പ്രവർത്തകർ തടഞ്ഞിരുന്നു.

ഈയവസരത്തിൽ പ്രവർത്തകർ വിളിച്ചതനുസരിച്ചാണ് ഞാൻ അവിടെ എത്തിയത്. ഞാനും മറ്റൊരു പ്രവർത്തകനും മാത്രമായിരുന്നു കേസിലെ പ്രതികൾ. പ്രതിഷേധത്തിന് മുന്നിട്ടിറങ്ങിയവർ പലരും കേസിൽ നിന്നൊഴിവായി.ഈ സംഭവത്തിൽ പാർട്ടിയിലെ ചിലർ ചരടുവലികൾ നടത്തിയതായി തോന്നി. പക്ഷേ തെളിവില്ലാത്തതിനാൽ ഇത് മേൽഘടകങ്ങളിൽ റിപ്പോർട്ടുചെയ്യാനോ പരാതിപ്പെടാനോ പോയില്ല.

പാർട്ടി ലോക്കൽ കമ്മറ്റിയിലും ഏരിയാകമ്മറ്റിയിലും താങ്കൾ ഈ വിഷയത്തിൽ തെറ്റുപറ്റിയെന്ന് സമ്മതിച്ചതായും മാപ്പപേക്ഷ നൽകിയായും വാർത്തകൾ പുറത്തുവന്നിരുന്നു.ഈ സാഹചര്യത്തിൽ ഇപ്പോഴത്തെ താങ്കളുടെ വാക്കുകൾ ജനം വിശ്വസിക്കുമെന്നു കരുതുന്നുണ്ടോ?
ഉത്തരം: പാർട്ടി യോഗങ്ങളിലോ മറ്റെതിങ്കിലും പൊതുവേദികളിലോ ഞാൻ ഈ വിഷയത്തിൽ കുറ്റസമ്മതം നടത്തിയിട്ടില്ല.മാതൃഭൂമി പത്രമാണ് ഇത് ആദ്യം റിപ്പോർട്ടുചെയ്തതെന്നാണ് അന്വേഷിച്ചപ്പോൾ ബോദ്ധ്യമായത്. എന്നെ അറിയാമായിരുന്നിട്ടും ഈ പത്രത്തിന്റെ പ്രതിനിധി എന്നോട് ഒരു വാക്കുപോലും ചോദിച്ചില്ല. മറ്റാരുടെയോ നിർദ്ദേശ പ്രകാരമാണ് ഈ ലേഖകൻ ഇത്തരത്തിൽ വാർത്ത കൊടുത്തതെന്ന് സംശയിക്കുന്നു. എനിക്കെതിരെ വാർത്തയിടുന്നവർക്ക് വേണ്ടി എത്രരൂപ ചെലവാക്കാനും തയ്യാറാണെന്ന് മുടക്കുഴ മുൻപഞ്ചായത്തംഗം മദ്ധ്യമപ്രവർത്തകർക്ക് വാക്കുനൽകിയതായി നാട്ടിൽ പ്രചാരണം ശക്തിപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ തെളിവ് ലഭിച്ചാൽ പാർട്ടിയുമായി ആലോചിച്ച് മേൽ നടപടി സ്വീകരിക്കും. പഞ്ചായത്തിൽ നടന്ന കോടികളുടെ അഴിമതിക്കും അനധികൃത ഇടപാടുകൾക്കുമെതിരെ ശബ്ദമുയർത്തിയതാണ് ഇയാൾ എനിക്കെതിരെ തിരിയാൻ കാരണമെന്നാണ് കരുതുന്നത്. അശ്ലീല ചിത്രം എന്റെ മൊബൈലിൽ നിന്നും വാട്‌സാപ്പിലിട്ടത് ഇയാളുടെ നിർദ്ദേശപ്രകാരമെത്തിയ ആരെങ്കിലുമാണോ എന്നും സംശയമുണ്ട്.  

  • ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയ പാർട്ടി നടപടിയെ എങ്ങനെ വിലയിരുത്തുന്നു?

ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന പ്രവർത്തകനെക്കുറിച്ച് മോശമായ പ്രചാരണമുണ്ടായാൽ പാർട്ടി നടപടിയെടുക്കുന്നത് സ്വഭാവികമാണ്. ഇത് മുമ്പും പാർട്ടിയിൽ ഉണ്ടായിട്ടുണ്ട്. ഇത് കാര്യമാക്കുന്നില്ല. മുടക്കുഴയിൽ പാർട്ടിയിൽ അസ്വാരസ്യങ്ങളുണ്ടെന്ന് നേതൃത്വത്തിന് ബോദ്ധ്യമായിട്ടുണ്ടെന്നാണ് കരുതുന്നത്. ഇവിടെ യോഗ്യരായ പ്രവർത്തകരുണ്ടായിട്ടും മറ്റൊരുസ്ഥലത്തുനിന്നുള്ള പ്രവർത്തകനെ എനിക്ക് പകരം ലോക്കൽ സെക്രട്ടറിയായി നേതൃത്വം നിശ്ചയിച്ചത് ഇതുകൊണ്ടുതന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

  • ഇക്കാര്യത്തിൽ പാർട്ടി തെളിവെടുപ്പ് നടത്തിയോ? ഇതേക്കുറിച്ചന്വേഷിക്കാൻ മേൽഘടകം കമ്മീഷനെ നിയോഗിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടോ?

ഉത്തരവാദപ്പെട്ടവരുടെ സംശയങ്ങൾക്ക് മറുപടി നൽകിയിരുന്നു. കമ്മീഷനെ ചുമതലപ്പെടുത്തിയതായി അറിയില്ല. ഭാവി പ്രവർത്തങ്ങളെക്കുറിച്ചാരാഞ്ഞപ്പോൾ അച്ചടക്കമുള്ള പ്രവർത്തകനായിത്തുടരുമെന്നായിരുന്നു പ്രതികരണം. തന്നെ പ്രതിസ്ഥാനത്താക്കിയ അശ്ലീല വിവാദത്തിന്റെ പിന്നാമ്പുറത്തെ കള്ളക്കളിക്കാരെ വെളിച്ചത്തുകൊണ്ടുവരും. വീണ്ടും പാർട്ടി സ്ഥാനം നേടുന്നതിനുവേണ്ടിയല്ല, എന്റെ നിരപരാധിത്വം തെളിയിക്കുക മാത്രമാണ് ഇതിനുപിന്നലെ ലക്ഷ്യം, സാജു പോൾ വ്യക്തമാക്കി.ഭിന്നശേഷിയുള്ളവരുടെ കൂട്ടായ്മയായ എൻ പി ആർ ഡി യുടെ സംസ്ഥാന ഘടകം രൂപീകരിച്ചതുമുതൽ സജീവപ്രവർത്തകനാണെന്നും സംസ്ഥാനത്തുനിന്നുള്ള നാലു ദേശീയ കൗൺസിൽ അംഗങ്ങളിൽ ഒരാളാണ് താനെന്നും സാജു അറിയിച്ചു.