ഇംഫാൽ: കേരളത്തിൽ ബിജെപിയെ തുറന്നെതിർക്കുന്നത് ഞങ്ങളാണ് എന്നാണ് സിപിഎം നേതാക്കളുടെ അവകാശവാദം. ഇടയ്ക്കിടെ കോടിയേരി അടക്കമുള്ള നേതാക്കൾ ഇക്കാര്യം പറയാറുമുണ്ട്. ബിജെപിയെ താഴെ ഇറക്കാൻ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ വിജയിപ്പിക്കണമെന്ന കോടിയേരി പറഞ്ഞതും അടുത്തിടെയാണ്. ഇങ്ങനെ പലകാര്യങ്ങളിലും ദേശീയപാർട്ടികളെ വെല്ലുവിളിച്ചു സിപിഎം രംഗത്തു വരാറുണ്ടെങ്കിലും ഒരിക്കൽ ശക്തമായിരുന്ന സംസ്ഥാനങ്ങളിൽ പൊടിപോലമില്ലെന്ന അവസ്ഥയിലാണ് സിപിഎമ്മും സിപിഐയും.

തെരഞ്ഞെടുപ്പ് നടക്കുന്ന മണിപ്പൂരിലും സ്ഥിതി വ്യത്യസ്തമല്ല. കോൺഗ്രസിനൊപ്പമാണ് ഇവിടെ ഇടതുപാർട്ടികൾ മത്സരിക്കുന്നത്. അതേസമയം അണകൾ പോലുമില്ലാത്ത അവസ്ഥയിലാണ് ഇവിടെ സിപിഎം. മത്സരിക്കാൻ ആളില്ലാത്തതിനാൽ മണിപ്പുരിൽ ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് സിപിഎം തീരുമാനം. മുൻപ് നിയമസഭയിലേക്ക് ജയിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ തവണ വരെ മത്സരിച്ചിട്ടുണ്ടെങ്കിലും ഇത്തവണ മാറിനിൽക്കാനാണു പാർട്ടി തീരുമാനം.

സിപിഐ, സിപിഎം, ഫോർവേഡ് ബ്ലോക്, ആർഎസ്‌പി, ജനതാദൾ (എസ്) എന്നിവരെ ഉൾപ്പെടുത്തി കോൺഗ്രസ് രൂപീകരിച്ച പുരോഗമന മതനിരപേക്ഷ സഖ്യത്തിൽ പാർട്ടിക്ക് സീറ്റ് പരിഗണിച്ചിരുന്നു. പക്ഷേ മത്സരിക്കാൻ ആളെക്കിട്ടാത്തതിനാൽ വേണ്ടെന്നു വച്ചു. തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ മണിപ്പുരിൽ വേരുകളുള്ള സിപിഐ ഇത്തവണ 2 സീറ്റിൽ മത്സരിക്കുന്നുണ്ട്.

ഒരു കാലത്ത് സംസ്ഥാനത്തെ രാഷ്ട്രീയഗതി തീരുമാനിച്ച പാർട്ടിയാണ് സിപിഐ. 2002 ൽ കോൺഗ്രസിന്റെ ഒക്രാം ഇബോബി സിങ്ങിനെ അധികാരത്തിലെത്തിച്ചതിൽ അന്ന് 5 സീറ്റിൽ ജയിച്ച സിപിഐക്ക് നിർണായക പങ്കുണ്ടായിരുന്നു. സെക്കുലർ പ്രോഗ്രസീവ് ഫ്രണ്ട് ( എസ്‌പിഎഫ്) എന്ന പേരിലായിരുന്നു കോൺഗ്രസ്- സിപിഐ സഖ്യ സർക്കാർ അറിയപ്പെട്ടിരുന്നത്.

എസ്‌പിഎഫ് 2007ലും അധികാരത്തിലെത്തി. അത്തവണ സിപിഐ എംഎൽഎമാരുടെ എണ്ണം 4 ആയി കുറഞ്ഞു. വംശീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജനം വിഘടിച്ചതോടെ സിപിഐയുടെ ശക്തി ക്ഷയിക്കുകയായിരുന്നു. 2007ന് ശേഷം വ്യാജ ഏറ്റുമുട്ടലുകളെ തുടർന്നുണ്ടായ ജനരോഷം കോൺഗ്രസിനൊപ്പം ചേർന്ന സിപിഐക്കും വിനയായി. കോൺഗ്രസുമായുള്ള സഖ്യം പിൻവലിക്കാൻ അന്നത്തെ പാർട്ടി സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും സിപിഐ എംഎൽഎമാർ വിസമ്മതിച്ചു.

ഇത്തവണ പാർട്ടി 11 സീറ്റാണ് കോൺഗ്രസിനോട് ചോദിച്ചത്. കിട്ടിയത് 2 സീറ്റ്. ഇതിൽ കുറൈ സീറ്റിൽ മാത്രമാണ് സിപിഐ പൊതുസ്ഥാനാർത്ഥിയായുള്ളത്. രണ്ടാമത്തെ സീറ്റായ കാക്ചിങ് മണ്ഡലത്തിൽ കോൺഗ്രസും മത്സരിക്കുന്നുണ്ട്. ഫലത്തിൽ സിപിഐക്ക് ലഭിച്ചത് ഒരു സീറ്റ് മാത്രമാണ്. പല മണ്ഡലങ്ങളിലും പാർട്ടിക്ക് 1000 മുതൽ 5000 വരെ വോട്ടുകളുണ്ടെന്നാണ് സിപിഐ നേതാക്കൾ പറയുന്നത്.

എഴുപതോളം ട്രേഡ് യൂണിയനുകൾ സിപിഐക്ക് കീഴിലുണ്ട്. അര ലക്ഷത്തോളം അംഗങ്ങളും പാർട്ടിക്കുണ്ടെന്നും സോതിൻകുമാർ പറഞ്ഞു. കോൺഗ്രസുമായി സഖ്യമാണെങ്കിലും പല മണ്ഡലങ്ങളിലും നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) യുമായി രഹസ്യധാരണയുമുണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസ് ദുർബലമായ മണ്ഡലങ്ങളിലാണ് ഇത്. നിലവിലുള്ള ബിജെപി ഭരണത്തിന്റെ ഭാഗമാണെങ്കിലും എൻപിപി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഈ മാസം 28നും മാർച്ച് 5നും ആണ് മണിപ്പുർ തിരഞ്ഞെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും ബിജെപിയാണ് സർക്കാർ രൂപീകരിച്ചത്.