തിരുവനന്തപുരം: ദേശീയ ഗെയിംസ് സംഘാടക സമിതിയിൽ നിന്ന് സിപിഐ(എം) പ്രതിനിധികൾ രാജിവയ്ക്കും. സംസ്ഥാന ജില്ലാക്കമ്മിറ്റികളിലെ ഭാരവാഹികളായ സിപിഐ(എം) എംഎൽഎമാരാണ് രാജി വയ്ക്കുന്നത്. ഗെയിംസ് സെക്രട്ടറിയേറ്റിൽ അംഗമായ എം.വിജയകുമാറും രാജി വയ്ക്കും. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനമെടുത്തത്.

അഴിമതിയിൽ പങ്കാളികളാകാതിരിക്കാനാണ് നടപടിയെന്ന് അംഗങ്ങൾ വ്യക്തമാക്കി. അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും സിപിഐ(എം) ആവശ്യപ്പെട്ടു. അതേസമയം, ഗെയിംസിന്റെ വിജയത്തിനായി എല്ലാ സഹകരണങ്ങളും നൽകുമെന്നും അവർ പറഞ്ഞു. ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിന്റെ എക്‌സിക്യൂട്ടീവിൽ അനൗദ്യോഗിക അംഗമായ എം.വിജയകുമാറും, സംസ്ഥാന തലത്തിലും ജില്ലാ തലത്തിലുമുള്ള മറ്റു കമ്മിറ്റികളിലെ ഭാരവാഹികളായ സിപിഐ (എം) എംഎ‍ൽഎമാർ ഉൾപ്പെടെയുള്ള പ്രതിനിധികളും രാജിവയ്ക്കമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

ദേശീയ ഗെയിംസിന് കേരളം ആഥിത്യമരുളാനുള്ള തീരുമാനമുണ്ടായത് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ്. ഗെയിംസ് നടത്തിപ്പിനുള്ള തയ്യാറെടുപ്പുകൾ അക്കാലത്തു തന്നെ ആരംഭിച്ചു. അന്നൊന്നും യാതൊരുവിധ ആക്ഷേപങ്ങളും ഉണ്ടായിരുന്നില്ല. യു.ഡി.എഫ് സർക്കാരിന്റെ നേതൃത്വത്തിൽ ഗെയിംസിന്റെ സംഘാടന പ്രവർത്തനം തൊട്ടതെല്ലാം വിവാദത്തിലായി. നിർമ്മാണ പ്രവർത്തനങ്ങളിലും ഉപകരണങ്ങൾ വാങ്ങുന്നതിലും ക്രമക്കേടുകളുള്ളതായി വ്യാപകമായി ആക്ഷേപങ്ങൾ ഉയർന്നു.

ഗെയിംസിന്റെ ഉദ്ഘാടന പരിപാടിയെ സംബന്ധിച്ചും അതിന്റെ ചെലവിനെ കുറിച്ചും ഭരണകക്ഷി നേതാക്കളായ എംഎൽ.എമാരും സമൂഹത്തിലെ വിവിധ തുറകളിലുള്ളവരും മാദ്ധ്യമങ്ങളും ഗൗരവമായ ആക്ഷേപങ്ങളാണുയർത്തിയത്. ഒടുവിൽ സംസ്ഥാന ചീഫ് സെക്രട്ടറി തന്നെ ക്രമക്കേടുകൾ തുറന്നു സമ്മതിക്കുകയും അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യത്താകമാനമുള്ള കായികതാരങ്ങൾ മാറ്റുരക്കുന്ന കായിക മേളക്ക് ആഥിത്യമരുളുന്ന കേരളത്തിനാകെ അപമാനകരമായ സാഹചര്യമാണ് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും സർക്കാരും സൃഷ്ടിച്ചിരിക്കുന്നത്.

1987 ലെ നായനാർ സർക്കാരിന്റെ കാലത്ത് കേരളത്തിൽ നടന്ന ദേശീയ ഗെയിംസ്, യാതൊരു ആക്ഷേപത്തിനും ഇടനൽകാതെ മികച്ച നിലയിൽ നടത്തിയിരുന്നു എന്ന കാര്യം ഇത്തരുണത്തിൽ സ്മരണീയമാണ്. നാഷണൽ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന എല്ലാ ആക്ഷേപങ്ങളെക്കുറിച്ചും സ്വതന്ത്രമായ അന്വേഷണം നടത്തണം. കേരളത്തിന് നാണക്കേടുണ്ടാക്കിയ ധൂർത്തിനും അഴിമതിക്കും ഉത്തരവാദികളായവരെ കണ്ടെത്തി നടപടി കൈക്കൊള്ളണമെന്നും സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.