തെരഞ്ഞെടുപ്പ് ഒരു യുദ്ധമാണ്. അവിടെ ധാർമ്മികതയ്ക്ക് പ്രസക്തിയില്ല. ആദർശങ്ങൾക്ക് പരിഗണന പോലുമില്ല. ജയിക്കാനുള്ള സ്ഥാനാർത്ഥികളെയും ജയിക്കാനുള്ള തന്ത്രങ്ങളുമാണ് അവിടെ പ്രധാനം. അതിൽ നിന്നും ഏതെങ്കിലും ഒരു പാർട്ടി മാറി നിൽക്കാൻ ശ്രമിച്ചാൽ അവർക്ക് തിരിച്ചടി ഉണ്ടാകും. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് സമയത്ത് എടുക്കുന്ന അടവ് തന്ത്രങ്ങളെ ആർക്കും പഴി പറയാൻ സാധിക്കില്ല. സ്ഥാനാർത്ഥികളെ നിർണ്ണയിക്കുമ്പോൾ ഏത് പാർട്ടിയാണെങ്കിലും ജാതിയും മതവും ഒക്കെ ചിലപ്പോൾ പരിഗണിച്ചെന്ന് വരും. മുസ്ലീമുകൾ നിറഞ്ഞ് നിൽക്കുന്ന ഒരു മണ്ഡലത്തിൽ ഒരു ഹിന്ദു സ്ഥാനാർത്ഥിയെ നിർത്തി ജയിപ്പിക്കാം എന്ന് ബിജെപിക്കാർ പോലും ആലോചിക്കില്ല. അതുകൊണ്ടാണല്ലോ മലപ്പുറത്ത് ഒരു തങ്ങളെ ബിജെപി സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ഒരു മണ്ഡലത്തിൽ ജാതീയ സമവാക്യം നോക്കി തന്നെയാണ് സ്ഥാനാർത്ഥികളെ നിർണ്ണയിക്കുന്നത് എന്ന സത്യം നമ്മൾ അംഗീകരിച്ചേ മതിയാവൂ.

ജാതീയ പരിഗണനകൾ വച്ച് സ്ഥാനാർത്ഥികളെ നിർണ്ണയിക്കുന്നു എന്ന ആരോപണം സിപിഎമ്മിനെതിരെ മാത്രം വരുത്തുന്നതിലെ യുക്തി രാഷ്ട്രീയം ചൂണ്ടിക്കാട്ടാൻ ആണ് ഈ സത്യം വ്യക്തമാക്കിയത്. കേരളത്തിലെ എല്ലാ രാഷ്ട്രീയപാർട്ടികളും അങ്ങനെയാണ്. ലീഗും കേരള കോൺഗ്രസ്സും ബിജെപിയുമാണ് ഇക്കാര്യത്തിൽ ഏറ്റവും വലിയ ഉദാഹരണം. എന്നാൽ ഈ മൂന്ന് പാർട്ടികളും അവരുടെ ലക്ഷ്യം ഒരു പരിധിവരെ ജാതീയം ആണ് എന്ന് തുറന്ന് പറയുന്നതുകൊണ്ട് അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. കോൺഗ്രസ്സും സിപിഎമ്മും പോലും ഇങ്ങനെ തന്നെ ആയിരിക്കുന്നത് കേരളത്തിൽ ഇതല്ലാതെ മറ്റൊരു പരീക്ഷണവും വിജയിക്കാത്തതുകൊണ്ടാണ്. ഒരുപരിധി വരെ അത് അംഗീകരിക്കുമ്പോഴും ജാതി മാത്രം പരിഗണിക്കുന്ന അവസ്ഥയിലേക്ക് കോൺഗ്രസ്സും സിപിഎമ്മും കടന്ന് പോകുന്നു എന്ന് തോന്നിക്കുന്നത് അപകടകരമാണ്. പ്രത്യേകിച്ച് സിപിഐ(എം). ഒരു മണ്ഡലത്തിലെ സമുദായിക സമവാക്യം പരിഗണിക്കുന്നതിനോട് യോജിക്കുമ്പോൾ തന്നെ സമുദായം മാത്രം പ്രധാന ഘടകം ആവുന്ന അവസ്ഥ ചിലപ്പോൾ എങ്കിലും ഉണ്ടാകുന്നില്ലേ എന്ന് സിപിഐ(എം) അലോചിക്കണം. സ്ഥാനാർത്ഥിപ്പട്ടിക അന്തിമമായി പ്രഖ്യാപിക്കാൻ ഇരിക്കെ അത്തരം ഒരു ഓഡിറ്റിന് സമയം ആയിരിക്കുന്നു.

സിപിഐ(എം) സ്ഥാനാർത്ഥി പട്ടിക പുറത്ത് വരുന്നതിന് മുൻപ് ഇത്തരം ഒരു നിഗമനത്തിൽ എത്തുന്നതിന്റെ ഔചിത്യം തുറന്ന് സമ്മതിച്ചു കൊണ്ട് തന്നെയാണ് ഈ കുറിപ്പ് എഴുതുന്നത്. ഇതുവരെ വ്യക്തമായ വിവരം അനുസരിച്ച് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കൽ സ്വാർത്ഥ താൽപ്പര്യത്തിന് വേണ്ടി ഒരുക്കിയ ഒരു കെണിയിൽ സഖാവ് പിണറായി വിജയൻ വീണു പോയി എന്നാണ് മനസ്സിലാക്കേണ്ടത്. എന്നും അധികാരത്തോടൊപ്പം നിലയുറപ്പിക്കാൻ മോഹിച്ചിരുന്ന ഒരു മാന്യ ദേഹമാണ് കാഞ്ഞിരപ്പള്ളി മെത്രാൻ. വാജ്‌പേയ് സർക്കാർ ഭരിച്ചിരുന്ന കാലത്ത് കേന്ദ്ര സർക്കാരിന്റെ പദവി വരെ അദ്ദേഹം സ്വന്തം ആക്കിയിരുന്നു.ഫാരിസ് അബൂബക്കർ എന്ന വിവാദ വ്യവസായമുള്ള ബന്ധത്തിന്റെ പേരിലും അദ്ദേഹം വിവാദ നായകനായിരുന്നു. സ്വന്തം രൂപതയിലെ വിശ്വാസികളടക്കം വൈദികർക്ക് ഇടയിലും മറ്റ് മെത്രാൻ മാർക്കിടയിലൂടെയും യാതൊരു സ്വാധീനവുമില്ലാത്ത ഈ മെത്രാൻ രാഷ്ട്രീയ സ്വാധിനത്തിന്റെ കാര്യത്തിൽ സഭാ തലവനായ മാർ ആലഞ്ചേരിയെ പോലും കടത്തി വെട്ടും.ഈ മെത്രാൻ ഒരുക്കിയ കെണിയിൽ പെട്ട് ശ്വാസം മുട്ടിയ ദീപിക ദിനപത്രത്തെ രക്ഷിക്കാൻ സഭാ നേതാക്കൾ അനുഭവിച്ച പങ്കപാട് ആരും മറന്നിട്ടില്ല. മലങ്കര കത്തോലിക്ക സഭയുടെ വലിയ പിതാവ് മാർ ക്ലീമ്മീസ് ആണ് ആ ഊരാക്കുരുക്കിൽ നിന്നും ദീപികയെ അഴിച്ചെടുത്തത്. 

നിർഭാഗ്യവശാൽ ഈ മെത്രാന്റെ സ്വാധീനത്തെ കുറിച്ച് ആരോ പറഞ്ഞ് കൊടുത്ത നുണ വിശ്വസിച്ച് കേരളത്തിലെ കത്തോലിക്കാ വിശ്വാസികളുടെ വോട്ട് നേടാൻ സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം സിപിഐ(എം) നേതാക്കൾ മെത്രാനുമായി ധാരണയിൽ എത്തി എന്നാണ് മറുനാടൻ പുറത്തുവിട്ട രേഖകൾ തെളിയിക്കുന്നത്. തിരുവനന്തപുരം മുതൽ ഇരിക്കൂർ വരെയുള്ള കേരളത്തിലെ ഹാജരാക്കപ്പെട്ട 23 മണ്ഡലങ്ങൾ സഭയുടെ പിന്തുണ ഉറപ്പ് നൽകി കൊണ്ടുള്ള ഇടപാടിന്റെ ഭാഗമായി പാതിയോളം സ്ഥലങ്ങളിൽ മെത്രാൻ നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥികൾക്ക് സീറ്റ് നൽകണം എന്നാണ് സിപിഎമ്മിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിലെ കത്തോലിക്കാ സഭ നേതൃത്വം ഇങ്ങനെ ഒരു ശ്രമം നടത്തുകയാണെങ്കിൽ സിപിഐ(എം) അതിനോട് സഹകരിക്കുന്നതിൽ തെറ്റൊന്നും പറായാൻ കഴിയില്ല. യുഡിഎഫിനൊപ്പം ഉറച്ചു നിന്ന ഒരു സമൂഹം അവരുടെ നിലപാട് മാറ്റി ഇടതു പക്ഷത്തോട് ചേരാൻ ശ്രമിക്കുമ്പോൾ അടവ് നയം എന്ന നിലയിൽ ചില വിട്ടുവീഴച്ചകൾ ഒക്കെയാക്കാം.[BLURB#1-H] 

അടിസ്ഥാനപരമായ പാർട്ടി നയത്തിൽ വിട്ടു വീഴ്‌ച്ച ചെയ്യാതെ വേണം ഇത്തരം ഒരു ധാരണയിൽ എത്താൻ. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇങ്ങനെ സഖ്യത്തിന് എത്തുന്ന മെത്രന്മാർ സഭയുടെ ഔദ്യോഗിക അറിവോടെയാണോ എന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്. ഞങ്ങൾ മനസ്സിലാക്കുന്നിടത്തോളം കാലം കേരളത്തിലെ കത്തോലിക്ക സഭയും അതിന്റെ മെത്രാന്മാരും വിശ്വാസികളും രാഷ്ട്രീയപരമായ ഒരു അണു പോലും ഇതുവരെ മാറി ചിന്തിച്ചിട്ടില്ല. ഈ സഖ്യം ശ്രമം നടത്തിയ മെത്രാൻ പറഞ്ഞാൽ അദ്ദേഹം മെത്രാനായിരിക്കുന്ന കാഞ്ഞിരപ്പള്ളി രൂപതയിലെ ആ വിശ്വാസികൾ പോലും വോട്ടു ചെയ്യുകയുമില്ല. എന്ന് മാത്രമല്ല സഭയുടെ പേര് പറഞ്ഞ് കമ്മ്യൂണിസ്റ്റുകളുമായി സഖ്യം ഉണ്ടാക്കുന്നതിൽ സഭ നേതൃത്വത്തിന് കടുത്ത അതൃപ്തിയുമുണ്ട്. എന്നാൽ സഭയുടെ സംവിധാനം അനുസരിച്ച് ഒരു മെത്രാനെ പുറത്താക്കാനോ ശാസിക്കാനോ
 സാധിക്കാത്തതിനാൽ ഇതൊന്നും ആരും അറിയുന്നില്ല എന്ന് മാത്രം.

[BLURB#2-VL] ചുരുക്കി പറഞ്ഞാൽ സഭയുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു ഇടപാടിന് വേണ്ടി സിപിഐ(എം) നേതാക്കൾ ആദർശം പണയം വയ്ക്കുകയും വിലപ്പെട്ട സീറ്റുകൾ വിട്ടു കൊടുക്കുകയും ഈ സഖ്യത്തിന്റെ പേരിൽ കിട്ടാവുന്ന മറ്റ് ചില ഹിന്ദു - മുസ്ലിം വോട്ടുകൾ നഷ്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഈ മെത്രാനെയും മെത്രാൻ പറയുന്ന കർഷക സംഘത്തെയും മനസ്സിലാക്കിയ ഒരു മാദ്ധ്യമ പ്രവർത്തകൻ എന്ന നിലയിൽ തീർത്തു പറയാം- ഇതു കൊണ്ട് ലാഭം മെത്രാനു മെത്രാന്റെ കുറച്ച് ശിങ്കിടികൾക്കും മാത്രമാണ്. സഭക്കോ സഭാ വിശ്വാസികൾക്കോ നേട്ടമില്ല എന്നത് പോട്ടെ സിപിഎമ്മിന് വലിയ നഷ്ടവും ഈ ദുഷിച്ച കൂട്ടുകെട്ട് ഉണ്ടാക്കും. മെത്രാൻ സ്ഥാനാർത്ഥികളായി മുൻപോട്ട് വച്ചിരിക്കുന്നവരുടെ ഒക്കെ പിന്നാമ്പുറം ചികഞ്ഞാൽ അവരെയൊക്കെ ചുമക്കേണ്ടി വരുന്ന സിപിഐ(എം) അണികളുടെ അവസ്ഥ ഓർത്ത് പൊട്ടിക്കരയാൻ മാത്രമേ പറ്റൂ. എട്ടോ പത്തോ സ്ഥാനാർത്ഥികൾ മുൻപോട്ട് വയ്ക്കുമ്പോഴും മെത്രാൻ പിടി വാശി കാട്ടുന്നത് പൂഞ്ഞാർ മണ്ഡലത്തിലെ ജോർജ് ജെ മാത്യു എന്ന ഒരു മുൻകാല കോൺഗ്രസ്- കേരള കോൺഗ്രസ്സ് നേതാവിന്റെ പേരാണ്. കോടീശ്വരനായ ഈ നേതാവിന്റെ വീട്ടു പടിക്കൽ പോലും ചെല്ലാൻ ഒരു സാധാരണ വോട്ടർക്ക് സാധിക്കില്ല.

മാടമ്പി രാഷ്ട്രിയത്തിന്റെ പ്രതീകമായി മണ്ടലം വാണ ഇയാളെ കോൺഗ്രസ് മാറ്റി പ്രതിഷ്ടിച്ചത് ഇവിടുത്തെ സിപിഐഎം പ്രവർത്തകൻ നടത്തിയ നിരന്തരമായ ഇടപെടലിന്റെ ഭാഗമായി ആയിരുന്നു. സീറ്റ് കിട്ടാത്തപ്പോഴൊക്കെ റിബലായി നിന്ന് കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ തോൽപ്പിച്ച് സീറ്റ് ഉറപ്പിച്ച ജോർജ് ജെ മാത്യു എന്ന ഭൂപ്രഭുവിന്റെ പ്രസക്തി ഏതാണ്ട് നഷ്ടപ്പെട്ട് നിൽക്കുന്ന സാഹചര്യത്തിലാണ് മെത്രാന്റെ സഹായത്തോടെ ഇടത് സ്ഥാനാർത്ഥിയായി രംഗപ്രവേശനം ചെയ്യാൻ ശ്രമിക്കുന്നത്. സീറ്റ് നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കങ്ങളും അവകാശ വാദങ്ങളും പതിവാണ് എന്ന് സമ്മതിക്കുമ്പോൾ തന്നെ ഒരു മണ്ഡലത്തിലെ എല്ലാ പാർട്ടി പ്രവർത്തകരും ഒരുപോലെ എതിർക്കുന്ന ഒരു സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കുന്നതിലെ അനൗചിത്യം ആണ് സിപിഐ(എം) മനസ്സിലാക്കാതെ പോകുന്നത്. പാർട്ടിയുടെ ജില്ലാ നേതാക്കൾ ഈ മാരണം ഒഴിവാക്കാൻ മെത്രാന്റെ വരെ കാല് പിടിച്ചതായാണ് റിപ്പോർട്ട്. എന്നാൽ വിട്ടു വീഴ്‌ച്ചയ്ക്ക് മെത്രാനോ മെത്രാന് വാക്ക് കൊടുത്ത നേതാവോ ഒരുക്കമല്ലായിരുന്നത്രേ.

ഇവിടുത്തെ പാർട്ടി പ്രവർത്തകരുടെ എതിർപ്പ് പരിഗണിച്ച് ജോർജ്ജ് ജെ മാത്യുവിനെ ഒഴിവാക്കായാൽ പിന്നെ പാർട്ടി പരിഗണിക്കുന്നത് മുൻ ചീഫ് വിപ്പ് കൂടിയായ പി സി ജോർജ്ജിനെ ആണെന്നതാണ് രണ്ടാമത്തെ വലിയ ദുരന്തം. രണ്ട് ജോർജ്ജുമാരെയും പരിഗണിക്കുന്നത്‌
വിജയസാധ്യത കണക്കിലെടുത്തായിരുന്നു എങ്കിൽ അംഗീകരിക്കാമായിരുന്നു. മെത്രാന്റെ സ്വാധീനത്തിന് വഴങ്ങിയാണ് ജോർജ്ജ് ജെ മാത്യുവിനെ പരിഗണിക്കുന്നതെങ്കിൽ
പി സി ജോർജ്ജിന്റെ മകനുമായി സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്‌ന്റെ മകനുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പി സി ജോർജ്ജിനെ പരിഗണിക്കുന്നത്. ഇതാണ് ഏറ്റവും ലജ്ജാകരമായ അവസ്ഥ. സെക്രട്ടറിയേറ്റ് അംഗമായ കെ ജെ തോമസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി ഷാനവാസ്, രാജേഷ് തുടങ്ങി പ്രഗത്ഭരായ ഒരു നിര നേതാക്കൾ അവിടെ ഉള്ളപ്പോഴാണ് ആർക്കും വേണ്ടാത്ത ജോർജ്ജ് ജെ മാത്യുവിനെയും പി സി ജോർജ്ജിനെയും ഇവിടെ പാർട്ടി പരിഗണിക്കുന്നത് എന്നതാണ് നാണം കെടുത്തുന്ന സത്യം.

ആര് സീറ്റ് കൊടുത്താലും ഇല്ലെങ്കിലും നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന പി സി ജോർജ്ജ് അവിടെ സ്ഥാനാർത്ഥിയാകും എന്നുറപ്പായിരിക്കവേ രൂപപ്പെടുന്ന ത്രികോണ മത്സരത്തിൽ അനായാസം ഇടതു സ്ഥാനാർത്ഥിക്ക് ജയിക്കാം എന്നിരിക്കേയാണ് ഈ ഒത്തുതീർപ്പ് എന്നതാണ് ഏറെ ഖേദകരം. സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസും കോൺഗ്രസും അവിടെ കടിപിടിയാണ്. ആർക്ക് സീറ്റ് കിട്ടിയാലും വാരുമെന്ന് ഇരു പാർട്ടികളും അവിടെ പ്രഖ്യാപിച്ചു കഴിഞ്ഞു. പി സി ജോർജ്ജിന് സീറ്റ് നൽകിയില്ലെങ്കിൽ ജോർജ്ജ് അവിടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്യുന്നത് ഇടതു പക്ഷത്തിന്റെ വിജയത്തിന് അവസരം ഒരുക്കുകയും ചെയ്യുമെന്ന് ആരും ആരോടും പറഞ്ഞ് കൊടുക്കേണ്ട സാഹചര്യം ഇല്ല. ഈ അനുകൂല സാഹചര്യം മുതലെടുക്കാൻ ആണ് ജോർജ് ജെ മാത്യു വളഞ്ഞ വഴിയിലൂടെ മെത്രാനെ പിടിച്ചു രംഗത്ത് വന്നത്. ഈ കെണിയിലാണ് സിപിഐ(എം) നേതാക്കൾ വീണു പോയത്.[BLURB#3-H] 

[BLURB#4-VR] ഒരു മണ്ഡലത്തിലെ കാര്യം മാത്രം ഞങ്ങൾ എടുത്ത് പറഞ്ഞു എന്ന് മാത്രം. എങ്ങനെയും അധികാരത്തിൽ എത്താൻ ആഗ്രഹിക്കുന്ന സിപിഐ(എം) സ്വന്തം സ്വത്വബോധം നഷ്ടപ്പെടുത്തി ഇങ്ങനെ കുരുക്കിൽ വീണു കിടക്കുന്നത് അനേകം ഇടങ്ങളിലാണ്. സഭയുടെ അക്കൗണ്ടിൽ മെത്രാന്മാരുമായി ചേർന്ന് തിരുവമ്പാടി സീറ്റ് നേടാൻ ശ്രമിക്കുന്നതിന്റെ പിന്നാമ്പുറം മാത്രം ചികഞ്ഞാൽ അറിയാം സിപിഐ(എം) വീണിരിക്കുന്ന കെണിയുടെ ആഴം. ലീഗും താമരശ്ശേരി രൂപതയും തമ്മിൽ ഇടഞ്ഞതിനാൽ സഭക്ക് കൂടി ഇഷ്ടമുള്ള ഒരു നല്ല സ്ഥാനാർത്ഥിയെ നിർത്തിയാൽ വിജയിക്കാൻ സാധ്യത ഉണ്ട് എന്ന് തീർച്ച. എന്നാൽ അതിന് സിപിഐ(എം) ചെയ്യേണ്ടത് താമരശ്ശേരി രൂപതയ്ക്ക് എതിർപ്പില്ലാത്ത ഇടതുപക്ഷ സാഹയാത്രികനായ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്തി നിർത്തുകയാണ്. പച്ചമലയാളത്തിൽ പറഞ്ഞാൽ ക്രിസ്ത്യാനിയായ ഒരു കമ്മ്യൂണിസ്റ്റുകാരനെ അല്ലെങ്കിൽ ഇടത് പക്ഷവുമായി ചേർന്ന് നിൽക്കുന്ന ഒരു ക്രിസ്ത്യാനിയെ നിർത്തുക എന്നതാണ്. എന്നാൽ ഇപ്പോൾ നടക്കുന്ന ശ്രമം വിചിത്രമാണ്. കാഞ്ഞിരപ്പള്ളി മെത്രാന്റെ നോമിനിയായി മാത്യു സ്റ്റീഫൻ എന്ന ഇടുക്കിക്കാരായ വിമത കേരള കോൺഗ്രസ്സുകാരനെ കൊണ്ട് പോയി നിർത്താൻ ആണ് ശ്രമം നടക്കുന്നത്. ഈ ശ്രമത്തോട് താമരശ്ശേരി രൂപത പോലും യോജിക്കില്ല എന്നറിയാൻ സിപിഐ(എം) നേതൃത്വവും കണ്ണ് തുറന്നാൽ മാത്രം മതി.

തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നടത്തുന്ന വിട്ടുവീഴ്‌ച്ചകൾ ആരുടെയൊക്കെയോ വാക്കുകൾ കേട്ട് നടത്തുന്ന മൂഢത്തരങ്ങളാണ് സിപിഎമ്മിന് വിനയാവുക.ഇത്തരം ഇടപെടൽ വഴി ഇവിടുത്തെ ഹിന്ദു വോട്ടുകൾ ബിജെപിക്ക് അനുകൂലമായി വലിയ തോതിൽ ധ്രുവീകരിക്കും എന്ന് സഖാവ് മനസിക്കേണ്ടിയിരിക്കുന്നു. ക്രിസ്റ്റി ഫെർണാണ്ടസിന്റെയും ജോയ്‌സ് ജോർജിന്റെയും പ്രേതത്തെ ഒഴിപ്പിക്കാൻ സിപിഐ(എം) ഇനിയെങ്കിലും തയ്യാറാവണം. ഇടതും വലതും ഒരു പോലെ ന്യനപക്ഷ പ്രീണം നടത്തിയാൽ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ വേറിട്ട് ചിന്തിച്ച് പോയാൽ അവരെ എങ്ങനെ കുറ്റം പറയാൻ കഴിയും?

മതനേതാക്കളുടെ മുമ്പിൽ കുനിഞ്ഞ് നിൽക്കുന്ന പിണറായി വിജയനെ ഞങ്ങൾക്ക് ആവശ്യമില്ല. മോദി സ്‌റ്റൈലിൽ മിസ്ഡ് കോൾ അടിച്ച് വോട്ട് പിടിക്കുന്ന പിണറായി വിജയനെയും അത്ര എളുപ്പം ദഹിക്കില്ല. മതമേലധ്യക്ഷന്മാരുടെ അനാവശ്യ രാഷ്ട്രീയ ഇടപെടലിനെതിരെ നട്ടെല്ലോടെ നിലപാടെടുത്തിരുന്ന പഴയ പിണറായി വിജയനെ ആയിരുന്നു ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നത്. വിവാദങ്ങളെ ഭയപ്പെടാത്ത ആ പരുക്കൻ മുഖഭാവത്തിന് പിന്നിലുള്ള ദർശനത്തെ ക്കുറിച്ചായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. വെള്ളാപ്പള്ളി നടേശനും മെത്രാന്മാർക്കും മുസ്ലിയാർമാർക്കും ഒക്കെ എതിരെ നിന്ന് തന്റേടത്തോടെ നിലപാട് വ്യക്തമാക്കുന്ന പിണറായി വിജയനെ. ഇപ്പോൾ ഞങ്ങൾ കാണുന്നത് സ്വന്തം സ്വത്വം പണയം വച്ച് മുഖ്യമന്ത്രിയാകാൻ എങ്ങനെയും വളഞ്ഞ വഴി നോക്കുന്ന ഒരു പിണറായി വിജയനെയാണ്. വിജയന്മാരുടെ നട്ടെല്ല് ഇങ്ങനെ വളഞ്ഞ് പോയാൽ ഞങ്ങൾക്ക് പ്രതീക്ഷിക്കാൻ ആരുമില്ലാതാവും എന്നതുകൊണ്ടാണ് ഇങ്ങനെ ഒരു തുറന്ന കത്ത് എഴുതുന്നത്. സഖാവ് ഇത് വായിക്കുമെന്നും സ്വന്തം സ്ഥിതിയിലേയ്ക്ക് മടങ്ങി വരുമെന്നുമാണ് ഞങ്ങളുടെ പ്രതീക്ഷ.