തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പി കെ കുഞ്ഞനന്തനെ ശിക്ഷാ ഇളവു നൽകി വിട്ടയക്കാൻ നീക്കം. പാർട്ടിക്ക് വേണ്ടപ്പെട്ട ആളായ കുഞ്ഞനന്തനെ എത്രയും വേഗം വിട്ടയക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന സർക്കാറിന് നിർദ്ദേശം നൽകി. ടി പിയുടെ കൊലപാതകത്തിലെ മുഖ്യഗൂഢാലോചനക്കാരനാണ് കുഞ്ഞനന്തൻ. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150ാം വാർഷികത്തോട് അനുബന്ധിച്ച് ജയിലിൽ നല്ലനടപ്പുകാരായ 36 തടവുകാരെ നിബന്ധനകൾക്ക് വിധേയമായി ശിക്ഷാ ഇളവ് നൽകി വിട്ടയക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഈ ലിസ്റ്റിൽ നല്ലനടപ്പുകാരനായ തടവുകാരനായി കുഞ്ഞനന്തനെ ഉൾപ്പെടുത്തി വിട്ടയക്കാനുള്ള നീക്കമാണ് നടക്കുന്നത്.

സംസ്ഥാനതല ജയിൽ ഉപദേശകസമിതിയുടെ ശുപാർശയനുസരിച്ചാണ് 36 തടവുകാരെ വിട്ടയക്കാൻ ഗവർണറിൽ നിന്നും അനുമതി തേടാൻ അവസരം തേടിയത്. നല്ലനടപ്പുകാരായ തടവുകാർക്ക് മൂന്നു ഘട്ടങ്ങളിലായി പ്രത്യേക ശിക്ഷാ ഇളവ് നൽകി വിടുതൽ നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സർക്കാർ പട്ടിക തയ്യാറാക്കുകയാണ്. കുഞ്ഞനന്തന്റെ പ്രായം 70 ആയ സാഹചര്യത്തിൽ കൂടിയാണ് സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ കേസിലെ പ്രതിക്ക് ശിക്ഷാ ഇളവു നൽകി വിട്ടക്കാൻ സർക്കാർ ഒരുങ്ങുന്നത്.

സിപിഎം നിർദ്ദേശം അനുസരിച്ചാണ് പുറത്തുവിടേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നത്. കുറച്ചു കാലങ്ങളായി തന്നെ ഇത്തരമൊരു നീക്കം സർക്കാർ തലത്തിൽ നടത്തുന്നുണ്ട്. അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശിച്ചപ്പോൾ ടി പി കേസ് പ്രതിയെ അഭിവാദ്യം ചെയ്തത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. കുഞ്ഞനന്തൻ മുഖ്യമന്ത്രിയെ കണ്ട് ചിരിച്ചു കൊണ്ട് കൈ ഉയർത്തിയപ്പോഴാണ് മുഖ്യമന്ത്രി പ്രത്യഭിവാദ്യം ചെയ്ത്. ഈ പ്രത്യഭിവാദ്യ സംഭവങ്ങൾക്ക് ശേഷമാണ് പാർട്ടി കുഞ്ഞനന്തനെ പുറത്തുവിടണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഇടതു സർക്കാർ അധികാതത്തിൽ വന്ന ശേഷം കുഞ്ഞനന്തന് പരോൾ കാലാവധി തുടർച്ചയായി നീട്ടിക്കൊടുത്തതും പാർട്ടി സമ്മേളനത്തിൽ കുഞ്ഞനന്തൻ പങ്കെടുത്തതുമായി സംഭവം ഉണ്ടായിരിരുന്നു. സിപിഎമ്മാണ് തന്റെ സംരക്ഷകനെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളായിരുന്നു ഇതെല്ലാം. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കുഞ്ഞനന്തനെ പുറത്തിറക്കാനുള്ള നീക്കം കുറേക്കാലമായി നടക്കുന്നതാണ്. ഇതിന്റെ ഭാഗമായി കുഞ്ഞനന്തന് ശിക്ഷാ ഇളന് നൽകാൻ വേണ്ടി കണ്ണൂർ എസ്‌പി റിപ്പോർട്ട് തയ്യാറാക്കിയത് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. പുറത്തു വിടുന്നതിന്റെ ഭാഗമായി കെ കെ രമയുടെ അടുത്തും കുഞ്ഞനന്തന്റെ ബന്ധുക്കളുടെയും അടത്തുമെത്തി ഉദ്യോഗസ്ഥർ മൊഴിയെടുത്തിരുന്നു.

കുഞ്ഞനന്തനെ സമ്മേളനകാലത്ത് പാനൂർ ഏര്യകമ്മറ്റിയിൽ സിപിഎം നിലനിർത്തിയിരുന്നു. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സഖാവിനെ മോചിപ്പിക്കാൻ സർക്കാർ തലത്തിൽ നീക്കം സജീവമായതും ഇപ്പോൾ അത് നടപ്പിലാക്കാൻ ഒരുങ്ങുന്നതും. പ്രായാധിക്യമെന്ന പരിഗണന നൽകി കുഞ്ഞനന്തനെ മോചിപ്പിക്കാനാണ് ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. 70 വയസു പിന്നിട്ടവർക്കുള്ള ശിക്ഷാ ഇളവിൽ ഉൾപ്പെടുത്തി മോചിപ്പിക്കാനാണ് നീക്കം തകൃതിയായിരിക്കുന്നത്. കുഞ്ഞനന്തനെ പുറത്തുവിടാൻ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി കൂഞ്ഞനന്തൻ താമസിക്കുന്ന കണ്ണൂർ ജില്ലയിലെ കൊളവല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ എത്തിയിരുന്നു. കുഞ്ഞനന്തനെ മോചിപ്പിച്ചാൽ എന്തെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമോയെന്നും ക്രമസമാധനപ്രശ്നം ഉണ്ടാകുമോയെന്നും ആരാഞ്ഞുള്ള സന്ദേശമാണ് ഇവിടെ ലഭിച്ചത്. ഇതിന് അനുകൂലമായി മറുപടിയും നടത്തിയിരുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണ പിള്ളയെ ആരോഗ്യ പ്രശ്‌നങ്ങളുയർത്തി ജയിൽ മോചിതനാക്കിയിരുന്നു. അതുകൊണ്ട് തന്നെ പ്രായാധിക്യവും ആരോഗ്യ പ്രശ്‌നവും ഉയർത്തി കുഞ്ഞനന്തനെ വിട്ടാലും ആരും ചോദ്യം ചെയ്യില്ലെന്നാണ് സിപിഎം വിലയിരുത്തുന്നത്. കുഞ്ഞനന്തനു ശിക്ഷായിളവു നൽകാൻ ജയിൽ ഉപദേശക സമിതി നേരത്തെ നിർദ്ദേശിച്ചിരുന്നു.

പാനൂർ ഏരിയാ കമ്മറ്റിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കുഞ്ഞനന്തൻ ഒമ്പതിൽ ഏഴു മാസം പരോളിൽ ആയിരുന്നുവെന്ന് വിവരാവകാശ രേഖയിലും വ്യക്തമായിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒമ്പത് മാസത്തിനിടെ 211 ദിവസം കുഞ്ഞനന്തനു പരോൾ അനുവദിച്ചുവെന്നാണ് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നത്. പാനൂർ കുന്നോത്ത് പറമ്പ് സി പി എം ലോക്കൽ സമ്മേളനത്തിന്റെ പൊതു വേദിയിലും പ്രകടനത്തിലുമൊക്കെ പരോളിലിറങ്ങിയ കുഞ്ഞനന്തൻ പങ്കെടുത്തിരുന്നു. പരോളിന്റെ വ്യവസ്ഥകൾ ലംഘിച്ചാണ് ഇത്തരത്തിൽ പാർട്ടി സമ്മേളനത്തിൽ പങ്കെടുത്തത്. സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നിള്ളങ്ങൽ സെൻട്രൽ ബ്രാഞ്ച് നിർമ്മിച്ച സംഘാടക സമിതി ഉദ്ഘാടനം പി. കുഞ്ഞനന്തനാണ് നിർവ്വഹിച്ചത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്തടക്കം കുഞ്ഞനന്തന് മൊത്തം പരോൾ ലഭിച്ചത് 301 ദിവസമാണ്. കുഞ്ഞനന്തന് 16 പ്രാവശ്യം പരോൾ നൽകിയതിൽ ആറു പ്രാവശ്യം അടിയന്തര അവധിയാണ് അനുവദിച്ചത്. പിന്നീട് ആഭ്യന്തര വകുപ്പ് ഇടപെട്ട് 25 ദിവസം നീട്ടി നൽകുകയായിരുന്നു. രാജ്യത്തെ നീതി നിർവ്വഹണ സംവിധാനത്തെയും ജുഡീഷ്യറിയെയും നിയമങ്ങളെയും പുച്ഛിക്കയും വെല്ലുവിളിക്കയും ചെയ്യ്ത്ു കൊണ്ടാണ് ചട്ടങ്ങൾ മറി കടന്ന് കുഞ്ഞനന്തൻ അടക്കമുള്ളവർക്ക് പരോൾ അനുവദിച്ചത്. ഇത്തരത്തിൽ വഴിവിട്ട ആനുകൂല്യങ്ങൾ കൈപറ്റുകയും ജയിലിൽ ഭരണ സ്വാധീനത്തിൽ പാർട്ടി സെൽ ഭരണത്തിനു നേതൃത്വം നൽകുകയും ചെയ്ത കുഞ്ഞനന്തനെ ജീവപര്യന്തം ശിക്ഷ ഇളവു ചെയ്ത് ജയിൽ മോചിതനാക്കാനാണ് ശ്രമിക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് കില്ലർ സ്‌ക്വാഡുകളെ അയയ്ക്കുന്നതും പിന്നീട് പൊലീസിൽ ഡമ്മി പ്രതികളെ എത്തിക്കുന്നതുമൊക്കെ കുഞ്ഞന്തനായിരുന്നു. പല കൊലപാതകങ്ങളിലും ഇയാൾ സൂത്രധാരനായിരുന്നെങ്കിലും ഒന്നിലും പ്രതിയായിരുന്നില്ല. ടി പി കേസിൽ നടന്ന പഴുതുകളടച്ച അന്വേക്ഷണത്തിലാണ് കുഞ്ഞനന്തൻ ആദ്യമായി അകത്തായത്.

രണ്ടാഴ്‌ച്ച മുമ്പാണ് ടി പിയുടെ കൊലയാളി സംഘത്തിലെ ഒരു പ്രതി കിർമാണി മനോജ് ജാമ്യത്തിലിറങ്ങി വിവാഹം കഴിച്ചത്. പാർട്ടി സൗകര്യമാണ് കിർമാണിക്കായി ഒരുക്കിയത്. മറ്റൊരു പ്രതി ഷാഫിക്കും സിപിഎം ഒത്താശ ചെയ്ത് വിവാഹം ആർഭാഢപൂർവം നടത്തിയിരുന്നു. കേസിലെ മറ്റ് പ്രതികൾക്കും ചട്ടം നോക്കാതെ തന്നെ പരോൾ നൽകിയിരുന്നു.