- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bharath
- /
- Tamil Nadu
പാർട്ടി കോൺഗ്രസിലും ശ്രദ്ധാകേന്ദ്രം വി എസ് അച്യുതാനന്ദൻ; വി എസ് അച്ചടക്ക ലംഘനം നടത്തിയെന്ന് സംഘടനാ റിപ്പോർട്ടിൽ പരാമർശം; ചുവപ്പണിഞ്ഞ് വിശാഖപട്ടണം
വിശാഖപട്ടണം: സിപിഐ(എം) പാർട്ടി കോൺഗ്രസിലും ശ്രദ്ധാകേന്ദ്രം കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദൻ തന്നെ. വിഎസിനെതിരെ പാർട്ടി എന്ത് നടപടി സ്വീകരിക്കും എന്നതാണ് ചർച്ചാവിഷയം. വിഎസിനെതിരെ നടപടിയുണ്ടായേക്കുമെന്ന സൂചന നൽകിയുള്ള പരാമർശങ്ങളും പാർട്ടി കോൺഗ്രസിലെ സംഘടനാ റിപ്പോർട്ടിലുണ്ട്. വി എസ് പാർട്ടിതത്വങ്ങൾ ലംഘിച്ചെന്നാണ് റിപ
വിശാഖപട്ടണം: സിപിഐ(എം) പാർട്ടി കോൺഗ്രസിലും ശ്രദ്ധാകേന്ദ്രം കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദൻ തന്നെ. വിഎസിനെതിരെ പാർട്ടി എന്ത് നടപടി സ്വീകരിക്കും എന്നതാണ് ചർച്ചാവിഷയം. വിഎസിനെതിരെ നടപടിയുണ്ടായേക്കുമെന്ന സൂചന നൽകിയുള്ള പരാമർശങ്ങളും പാർട്ടി കോൺഗ്രസിലെ സംഘടനാ റിപ്പോർട്ടിലുണ്ട്. വി എസ് പാർട്ടിതത്വങ്ങൾ ലംഘിച്ചെന്നാണ് റിപ്പോർട്ട്.
വി എസ് ചില തെറ്റായ പരാമർശങ്ങൾ നടത്തി. വി എസ്സിനെ പരസ്യമായി ശാസിക്കേണ്ടി വന്നുവെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു. വി എസ്സിനെതിരായ സംസ്ഥാനഘടകത്തിന്റെ കുറ്റപത്രം റിപ്പോർട്ടിലില്ല. വി എസ്സിനും ജനാർദ്ദൻ പതിക്കുമെതിരെ മാത്രമാണ് വ്യക്തിപരമായ പരാമർശങ്ങൾ. പിബി കമ്മിഷൻ രൂപീകരിച്ചത് സംഘടനാ വിഷയങ്ങൾ തീരുമാനിക്കാനാണെന്നമാണ് പരാമർശം.
അതേസമയം പാർട്ടി കോൺഗ്രസ് നടക്കുന്ന വിശാഖപട്ടണം ഇതിനോടകം തന്നെ ചുവന്നുകഴിഞ്ഞു. ചൊവ്വാഴ്‌ച്ചയാണ് സിപിഎമ്മിന്റെ 21ാം പാർട്ടി കോൺഗ്രസിന് തുടക്കമാകുന്നത്. വിശാഖപട്ടണം പോർട്ട് ട്രസ്റ്റിനുകീഴിലുള്ള പോർട്ട് കലാവാണി ഓഡിറ്റോറിയം പ്രതിനിധിസമ്മേളനത്തിനായി സജ്ജമായി. മുതിർന്ന നേതാവ് സമർ മുഖർജിയുടെ പേരിലാണ് പ്രതിനിധിസമ്മേളന നഗർ. സമ്മേളനവേദി പൊളിറ്റ് ബ്യൂറോ അംഗം ഉമാനാഥിന്റെ സ്മരണാർഥവും. ബോളിവുഡിലെ പ്രശസ്ത കലാസംവിധായകൻ കെ വി രമണ അണിയിച്ചൊരുക്കുന്ന വേദി ഇന്ത്യയുടെ സമരപൈതൃകവും ആന്ധ്രപ്രദേശിന്റെ സംസ്‌കാരവും പ്രതിഫലിപ്പിക്കുന്നതാണ്. 72 നിരീക്ഷകരടക്കം 837 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. തിങ്കളാഴ്ച പകൽ 3.30ന് പൊളിറ്റ് ബ്യൂറോയും 5.30ന് കേന്ദ്രകമ്മിറ്റിയും ചേർന്ന് സമ്മേളന നടത്തിപ്പിന് അന്തിമരൂപം നൽകും. ചൊവ്വാഴ്ച രാവിലെ പത്തിന് പതാക ഉയർത്തും. മുതിർന്ന അംഗം മുഹമ്മദ് അമീനാണ് പതാക ഉയർത്തുന്നത്. പശ്ചിമ ബംഗാളിൽ നിന്നുള്ള പ്രതിനിധിയാണ് മുഹമ്മദ് അമീൻ. പ്രതിനിധിസമ്മേളനം പത്തരയ്ക്ക് ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്യും. പ്രസീഡിയത്തിൽ കേരളത്തിൽ നിന്ന് എ കെ ബാലനെ അംഗമായി തെരഞ്ഞെടുത്തിട്ടുണ്ട്.
സിപിഐ ജനറൽ സെക്രട്ടറി എസ് സുധാകർറെഡ്ഡി, ആർഎസ്‌പി സെക്രട്ടറി അബനി റോയ്, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ്, എസ്യുസിഐ നേതാവ് പ്രവാസ് ഘോഷ്, സിപിഐ എംഎൽ നേതാവ് സുനിത കൃഷ്ണൻ എന്നിവർ സംബന്ധിക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബി വി രാഘവുലു ദേശാഭിമാനിയോട് പറഞ്ഞു. എം ബസവപുന്നയ്യ നഗറി(രാമകൃഷ്ണ ബീച്ച്)ൽ 19ന് നടക്കുന്ന മഹാറാലിയിൽ ഒരുലക്ഷം പ്രവർത്തകർ അണിചേരും. ആർടിസി കോംപ്ലക്‌സിൽനിന്ന് ആരംഭിക്കുന്ന റാലി നാലു കിലോമീറ്റർ സഞ്ചരിച്ച് ആർ കെ ബീച്ചിൽ സമാപിക്കും. വിശാഖപട്ടണം, ശ്രീകാകുളം, വിജയനഗരം, ഈസ്റ്റ് ഗോദാവരി എന്നീ നാലു ജില്ല കേന്ദ്രീകരിച്ചാണ് പ്രവർത്തകർ എത്തുക. രാജ്യത്തെ ബൂർഷ്വ ഭൂപ്രഭുവർഗ ഭരണകൂടത്തിന് ബദലായിഇടതുപക്ഷശക്തികളെ ഉയർത്തിക്കൊണ്ടുവരേണ്ടതിന്റെ അനിവാര്യതയാണ് സമ്മേളനം ചർച്ചചെയ്യുക.
ഇടതുപക്ഷ ഐക്യം വളർത്തേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് മറ്റ് ഇടതുപക്ഷ പാർട്ടികളുടെ നേതാക്കളും ഉദ്ഘാടനച്ചടങ്ങിനെത്തുന്നത്. പാർട്ടിയെയും ബഹുജനസംഘടനകളെയും കരുത്തുറ്റതാക്കാനുള്ള തീരുമാനങ്ങൾ കൈക്കൊള്ളും. സംഘടനാപരമായ മറ്റു കാര്യങ്ങൾ പാർട്ടി പ്ലീനമായിരിക്കും ചർച്ചചെയ്യുക. കഴിഞ്ഞ പാർട്ടി കോൺഗ്രസ് ഭരണഘടനയിൽ വരുത്തിയ ഭേദഗതിപ്രകാരം ജനറൽ സെക്രട്ടറിയുടെ കാലയളവ് മൂന്നാക്കി ചുരുക്കിയിരുന്നു. അതുപ്രകാരം ജനറൽ സെക്രട്ടറി ഇത്തവണ മാറും. പുതിയ കേന്ദ്രകമ്മിറ്റിയിൽ പുതുരക്തത്തിനും സ്ത്രീകളടക്കമുള്ള മറ്റ് വിഭാഗങ്ങൾക്കും പ്രാധാന്യം നൽകും രാഘവുലു പറഞ്ഞു.