വിശാഖപട്ടണം: സിപിഐ(എം) 21ാം പാർട്ടി കോൺഗ്രസിന് ഇന്ന് വിശാഖപട്ടണത്തുകൊടിയേറുമ്പോൾ ആകാംക്ഷ മുഴുവൻ ആരാകും പുതിയ പാർട്ടി സെക്രട്ടറിയെന്നാണ്. ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമായ സീതാറാം യെച്ചൂരി തന്നെയാകും സിപിഎമ്മിന്റെ പുതിയ അമരക്കാരനെന്നാണ് പുറത്തുവരുന്ന സൂചനകൾ. അതേസമയം കേരള ഘടകത്തിന്റെ പിന്തുണയോടെ അട്ടിമറിയോടെ എസ്ആർപി സെക്രട്ടറിയായും പ്രകാശ് കാരാട്ടിന്റെ പകരക്കാരനെന്ന തരത്തിലുള്ള വാർത്തകളും ചില കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

സാധാരണ ഗതിയിൽ പാർട്ടി കോൺഗ്രസിന് മുമ്പ് തന്നെ പുതിയ ജനറൽ സെക്രട്ടറിയെ സംബന്ധിച്ച് ധാരണ സിപിഎമ്മിൽ ഉണ്ടാകാറുണ്ട്. എന്നാൽ, ഇത്തവണ അത്തരമൊരു ധാരണ രൂപപ്പെടാത്തതിനാൽ ആകാംക്ഷയ്ക്ക് അറുതിയാവാൻ പാർട്ടി കോൺഗ്രസ് അവസാനിക്കുന്ന 19 വരെ കാത്തിരിക്കേണ്ടി വരും. ഇരുവർക്കും പുറമേ ആന്ധ്രയിൽ നിന്നുള്ള നിന്നുള്ള പി.ബി അംഗം ബി. വി.രാഘവലു കടന്നു വരാനുള്ള സാദ്ധ്യതയും ആരും തള്ളിക്കളയുന്നില്ല.

സംഘടനാ ചുമതല വഹിക്കുന്ന പി.ബി അംഗം ജനറൽ സെക്രട്ടറിയാവുകയെന്ന പതിവനുസരിച്ചാണെങ്കിൽ സാദ്ധ്യത എസ്.ആർ.പിക്കാണ്. 77 കാരനായ എസ്ആർപിയെ ജനറൽ സെക്രട്ടറിയാക്കണമെന്ന താൽപ്പര്യം കേരള ഘടകത്തിനുണ്ട്. അതേ സമയം, ദേശീയ രാഷ്ട്രീയത്തിലെ സജീവ ഇടപെടലുകളും, പൊതു സ്വീകാര്യതയും ബംഗാൾ ഘടകത്തിന്റെ പിന്തുണയും യെച്ചൂരിയുടെ പേരിന് പ്രാമുഖ്യം നൽകുന്നു. സ്ഥാനമൊഴിയുന്ന കാരാട്ടിന്റെ നിലപാടും ഇക്കാര്യത്തിൽ നിർണായകമാവും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാവില്ലെന്ന് നേതാക്കൾ പറയുന്നു. അവസാന ദിവസത്തിന് മുമ്പ് പി ബിയിൽ ധാരണയുണ്ടാക്കാനുള്ള ശ്രമത്തിലാണ് കാരാട്ട്.

അതേസമയം പാർട്ടിയുടെ വളർച്ച പിറകോട്ടാണെന്ന വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. പാർട്ടിയുടെ ബഹുജന അടിത്തറയിൽ ത്രിപുരയിൽ ഒഴികെ എല്ലായിടത്തും ഇടിവു തട്ടിയതായുമാണ് റിപ്പോർട്ട്. പാർട്ടിയിൽ ചെറുപ്പക്കാർ കുറഞ്ഞു. തെറ്റുതിരുത്തൽ ഫലപ്രദമായി നടക്കുന്നില്ലെന്നും സംഘടനാ റിപ്പോർട്ട് വിലയിരുത്തുന്നു. പാർട്ടി സഖാക്കളിൽ പുരോഗമന മൂല്യങ്ങൾ ഇടിയുന്നതായും വിലയിരുത്തുന്ന റിപ്പോർട്ട് പാർട്ടിയെ ശക്തിപ്പെടുത്താൻ പതിനാറ് നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നു.

കേരള പാർട്ടിയിൽ മദ്യപരുടെ എണ്ണം കൂടുന്നുവെന്നാണ് മറ്റൊരു വിലയിരുത്തൽ. നേതാക്കൾ ഉഹക്കച്ചവടത്തിലേക്കും റിയൽ എസ്‌റ്റേറ്റ് ഇടപാടിലേക്കും പോകുന്നതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ചില പാർട്ടി അംഗങ്ങൾക്ക് പണം പലിശയ്ക്ക് നൽകുന്ന ഏർപ്പാടുണ്ട്. തെറ്റുതിരുത്തൽ നിർദ്ദേശത്തിന് ശേഷവും മോശം പ്രവണതകൾ തുടരുന്നു. കേന്ദ്ര അച്ചടക്ക സമിതിയുള്ള കാര്യം പാർട്ടി അംഗങ്ങൾക്കും അറിയില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. പാർട്ടി നേതാക്കൾക്കെതിരായ ലൈംഗിക പീഡന പരാതികളിൽ അച്ചടക്കസമിതി മാർഗനിർദ്ദേശം നടപ്പാക്കണം. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയവർക്ക് ഉചിതമായ ചുമതല നൽകണമെന്നും പഴയ സെക്രട്ടറിക്ക് ഉൾപ്പെടുത്തി കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പല സംസ്ഥാനങ്ങളിലും പാർട്ടിയിൽ ചേരാൻ ചെറുപ്പക്കാർ മുന്നോട്ടുവരുന്നില്ല. അംഗങ്ങളിൽ, 25 വയസ്സിൽ താഴെയുള്ളവർ 6.5% മാത്രം. സമൂഹമാദ്ധ്യമങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്നതിൽ വൈകി. കേരളത്തിലെ പാർട്ടിയിലെ വിഭാഗീയ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട പൊളിറ്റ് ബ്യൂറോ കമ്മിഷനു ജോലി പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അടിയന്തര പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിൽ പാർട്ടിക്കു പരാജയം സംഭവിക്കുന്നു. ദേശീയ സമരങ്ങൾ പല സംസ്ഥാനങ്ങളിലും ചടങ്ങുതീർക്കൽ മാത്രമായി. ഭക്ഷ്യസുരക്ഷാ സമര ഭാഗമായി നടത്തിയ ഒപ്പുശേഖരണം പരാജയമായ സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടുന്നു. അഞ്ചുകോടി ഒപ്പുകൾ ശേഖരിക്കാൻ ലക്ഷ്യമിട്ടപ്പോൾ ലഭിച്ചത് 15 ലക്ഷം മാത്രംമാണെന്ന കുറ്റപ്പെടുത്തലും ഇതോടൊപ്പമുണ്ട്.

പണം പിരിക്കുന്നതിലെ കേരള ഘടകം മികവു പുലർത്തുന്നതായും സംഘടനാ റിപ്പോർട്ടിൽ പറയുന്നു. ഹർകിഷൻ സിങ് സുർജിത് ഭവനുവേണ്ടി സിപിഎമ്മിനു കോഴിക്കോട്ടെ പാർട്ടി കോൺഗ്രസിനുശേഷം ലഭിച്ചത് 8,98,55,399 രൂപയാണ്. അതിൽ 8,91,86,923 രൂപയും കേരളത്തിൽ നിന്നാണ്.കശ്മീർ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പാർട്ടിക്ക് 91,89,184 രൂപ ലഭിച്ചു. അതിൽ 43,27,240 രൂപയും കേരളത്തിൽനിന്ന്. മുസഫർനഗറിലെ ഇരകൾക്കായുള്ള നിധിയിലേക്ക് കേരളം 54,65,950 രൂപ നൽകി.

അന്തരിച്ച മുതിർന്ന നേതാവ് സമർ മുഖർജിയുടെ പേരിലുള്ള പ്രതിനിധിസമ്മേളന നഗറിൽ (പോർട്ട് കലാവാണി ഓഡിറ്റോറിയം) രാവിലെ പത്തിന് പൊളിറ്റ് ബ്യൂറോ മുൻ അംഗം മുഹമ്മദ് അമീൻ പതാക ഉയർത്തിയതോടെ ആറുദിവസം നീളുന്ന പാർട്ടി കോൺഗ്രസിന് തുടക്കമായി. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ളയുടെ അധ്യക്ഷതയിലാണ് ഉദ്ഘാടനസമ്മേളനം ചേർന്നത്.

വിഷു പ്രമാണിച്ച് നാളെ (15-04-2015) ഓഫീസിന് അവധിയായതിനാൽ സുപ്രധാന വാർത്തകൾ മാത്രമേ മറുനാടൻ മലയാളിയിൽ അപ്‌ഡേറ്റ് ചെയ്യുകയുള്ളൂ- എഡിറ്റർ.