പ്പോൾ സമയമെന്തായെന്ന് നിരന്തരം ചോദിച്ച് ശല്യം ചെയ്യുന്ന ഒരുത്തന് നാട്ടുകാർ പിരിവിട്ട് വാച്ചുമേടിച്ചുകൊടുത്ത ഒരു കഥയുണ്ട്. വാച്ചുകിട്ടിക്കഴിഞ്ഞാലെങ്കിലും ശല്യം തീരുമെന്നാണ് അവർ കരുതിയത്. എന്നാൽ അയാൾ പിന്നെയും തുടങ്ങി. 'എന്റെ വാച്ചിലിപ്പോൾ ഇത്ര മണിയായി. നിങ്ങളുടെ വാച്ചിലോ'?

ഇതുപോലെയാണ് നമ്മുടെ മുഖ്യധാര മാദ്ധ്യമങ്ങളുടെ കാര്യവും. എത്ര സുതാര്യവും സത്യസന്ധവുമായികാര്യങ്ങൾ നടത്തിയാലും അവർ സി.പി(ഐ)എമ്മിനെ കുറച്ച് ഇങ്ങനെ ചൊറിഞ്ഞുകൊണ്ടിരിക്കും. എത്ര നുണക്കഥകൾ പൊളിഞ്ഞാലും യാതൊരു ഉളുപ്പുമില്ലാതെ അടുത്തതിന് തിരികൊളുത്തും. രാവിലെ സിപിഐ(എം) പി.ബിയിൽ എന്തായിരുന്ന ഭക്ഷണം എന്നതുപോലെ അസംബന്ധമായ ഒരു ചോദ്യം ചോദിച്ചാൽ പ്രകാശ്കാരാട്ട് എന്ത് മറുപടി പറയും. അയാൾ ഒന്നും പറയാതെ പാട്ടിനുപോവും. ഉടനെ തുടങ്ങി. പി.ബിയിൽ രാവിലെ പുട്ടു കഴിക്കണോ, പൊറാട്ട കഴിക്കണോ എന്നതിനെചൊല്ലി ഭിന്നത രൂക്ഷമെന്ന്! പുട്ടുകഴിക്കുന്നവൻ വി എസ് പക്ഷക്കാരൻ, പൊറാട്ടക്കാർ പിണറായിക്കാർ.

തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് നന്ദി പറയുക. ഐകകണ്‌ഠ്യേനയാണ് വിശാഖപട്ടണം സമ്മേളനം സിപിഐ(എം) ജനറൽ സെക്രട്ടറിയായി സീതാറം യെച്ചൂരിയെ തെരഞ്ഞെടുത്തതെന്ന് ഇപ്പോൾ തീർത്തും വ്യക്തമായല്ലേ. പ്രകാശ്കാരാട്ട് നിർദ്ദേശിച്ചപ്പോൾ എസ് രാമചന്ദ്രൻ പിള്ളയടക്കമുള്ളവർ കൈപൊക്കുന്ന ഫോട്ടോ നോക്കുക. പക്ഷേ താരതമന്യേന സിപിഐ(എം) വാർത്തകൾ ആധികാരികമായി റിപ്പോർട്ട് ചെയ്യാറുള്ള ഏഷ്യാനെറ്റിലെ പ്രശാന്ത് രഘുവംശം അടക്കമുള്ളവർ വായിട്ടലച്ചത്, കേരളത്തിൽനിന്നുള്ള അംഗങ്ങൾ മൊത്തമായി എസ്.ആർ.പിക്കുവേണ്ടി നിലകൊണ്ടുവെന്നും. പി.ബിയിൽ ഭിന്നത രൂക്ഷമായതിനാൽ കേന്ദ്രകമ്മറ്റിയിലും അതു പ്രതിഫലിച്ചുവെന്നും തട്ടിവിട്ടവർ ഉണ്ട്. ഇനി തങ്ങൾ എഴുതിവിടുന്ന നുണകളൊക്കെ പൊളിഞ്ഞാലും ഒരു വരി തിരുത്തുകൊടുക്കാനുള്ള മാന്യതയുണ്ടാവുമോ? അതുമില്ല.

സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ മാത്രമാണോ സമ്മേളനം?

ല്ലാം തീരുമാനങ്ങളും എടുക്കാൻ ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി, ഒരുകൂട്ടർ ബിരിയാണി കഴിച്ച് മുത്തംകൊടുത്ത് പിരിഞ്ഞാൽ അതിൽ എന്ത് ജനാധിപത്യമാണുള്ളത്. എല്ലാം സോണിയാ ഗാന്ധിയും രാഹുലനും തീരുമാനിക്കയെന്നാൽ പിന്നെ എന്തിനാണ് കോൺഗ്രസ് പാർട്ടിയിൽ ബാക്കിയുള്ളവർ. ഇപ്പോൾ നരേന്ദ്ര മോദിയും ആ രീതിയിലുള്ള ഏകാധിപത്യത്തിലേക്ക് മാറുന്നത് കാണാം, ഹരഹര മോദി! എന്നാൽ സിപിഎമ്മിനെ സംബന്ധിച്ച് അതിന്റെ സെക്രട്ടറിക്ക് അത്രവിപുലമായ അധികാരങ്ങൾ ഇല്ല. കേന്ദ്രകമ്മറ്റിയും അതിന്റെ കേന്ദ്രമായ പോളിറ്റ് ബ്യൂറോയുമാണ് നയവും പരിപാടികളും തീരുമാനിക്കുന്നത്.

കൂട്ടായ നേതൃത്വത്തിൽ (കളക്റ്റീവ് ലീഡർഷിപ്പ്) നീങ്ങുന്ന പാർട്ടികളുടെ സ്വഭാവവും, വിമശന സ്വയംവിമർശന രീതികളും (കോൺഗ്രസ് യോഗത്തിൽ രാഹുൽ ഗാന്ധിയെയോ, ബിജെപിയുടെ യോഗത്തിൽ നരേന്ദ്ര മോദിയെയോ മുഖത്തുനോക്കി വിമർശിക്കാൻ എത്ര നേതാക്കൾക്ക് ധൈര്യമുണ്ടാവും) പരിചയമില്ലാത്തതുകൊണ്ട് കൂടിയാവണം മാദ്ധ്യമപ്രവർത്തകർ ഇത്തരം ഉഡായിപ്പ് സ്റ്റോറികൾക്ക് പിന്നിൽ പായുന്നത്. യെച്ചൂരി വന്നാലും എസ്.ആർ.പി വന്നാലും അടിസ്ഥാനപരമായി സിപിഎമ്മിൽ മാറ്റമൊന്നും ഉണ്ടാവില്ല. നയവും പരിപാടിയും മാറ്റണമെങ്കിൽ അത് കൂട്ടായ ചർച്ചയിലുടെ മാത്രമമേ കഴിയൂ. സെക്രട്ടറി പറയുന്നതിനൊക്കെ മൂളിക്കൊടുക്കയല്ല മറ്റ് പി.ബി അംഗങ്ങളുടെ പണി.[BLURB#1-VL]

എന്നിട്ടും കേരളത്തിലെ മാദ്ധ്യമങ്ങൾ യെച്ചൂരി ഇഫക്ട് കൊണ്ടുവന്നതിനുപിന്നിൽ മറ്റൊരു അജണ്ട കൂടിയുണ്ട്. അത് അവരുടെ ജന്മശീലം കൂടിയാണ്. വി.എസിനെ പർവതീകരിക്കയും അതുവഴി പിണറായിക്ക് തിരച്ചടിയെന്ന് എഴുതിവിടാനുമുള്ള തന്ത്രം തന്നെ.

യെച്ചൂരി വഴി വി എസ് ഇഫക്ട്

സി.പി.എം സമ്മേളനത്തിനു മുന്നോടിയായി എന്നും ഒരു അജണ്ടയുണ്ടാക്കി മാദ്ധ്യമങ്ങൾക്ക് മുന്നിൽവെയ്ക്കാൻ, വി എസ് ക്യാമ്പെന്നു പറഞ്ഞ് അദ്ദേഹത്തിന് കുബുദ്ധി ഉപദേശിച്ചുകൊടുക്കുന്ന ചിലർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടു തന്നെ കേരളത്തിലെ ഔദ്യോഗിക നേതൃത്വം എസ്.ആർ.പിക്ക് ഒപ്പമാണെന്ന് ഈ മാദ്ധ്യമങ്ങൾ ബഡായി അടിച്ചു. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ. പിണറായി എസ്.ആർ.പിക്ക് ഒപ്പമാണെങ്കിൽ സ്വാഭാവികമായും വി എസ് യെച്ചൂരിക്ക് ഒപ്പം. ഇത് കണ്ടുകൊണ്ടാണ് യെച്ചൂരിക്ക് വി എസ് മുൻകൂട്ടി അഭിവാദ്യങ്ങൾ നേർന്നത്! സിപിഎമ്മിന്റെ ചരിത്രത്തിൽ ഇത്തരമൊരു പരിപാടി ഉണ്ടായിട്ടില്ല. അപ്പോൾ യെച്ചൂരി സെക്രട്ടറിയായാൽ അത് വി.എസിന്റെ വിജയം. ഐഡിയ എങ്ങനെ. അത് എതാണ്ട് അതുപോലെ വർക്കൗട്ടായതുമാണ്. പക്ഷേ തോമസ് ഐസക്ക് ഒറ്റ പോസ്റ്റുവഴി അത് പൊളിച്ചുകളഞ്ഞു.

ഐസക്ക് കാണിച്ചുതന്ന വഴി

വമാദ്ധ്യമങ്ങളുടെയും സാങ്കേതിക വിപ്ലവത്തിന്റെയും കാലത്ത്, പഴഞ്ചൻ രാവണൻകോട്ടകളിൽ ഒളിക്കാൻ ശ്രമിക്കുന്നതാണ് സിപിഐ(എം) സമ്മേളനങ്ങളെക്കുറിച്ച് ഇത്രയധികം അപവാദം പരക്കാൻ കാരണം. അതുകൊണ്ടുതന്നെ സിപിഐ(എം) ചരിത്രത്തിലെ വിപ്ലവകരമായ മാറ്റാമാണ് ഐസക്കിന്റെ ആ പോസ്റ്റ്. സമ്മേളനത്തിനകത്ത് എന്തു നടക്കുന്ന എന്നതിന്റെ കൃത്യമായ വിവരം മാദ്ധ്യമങ്ങൾക്ക് കിട്ടാറില്ല. സമയത്തിന്റെ സമ്മർദംകൂടിയാവുമ്പോൾ ദൃശ്യമാദ്ധ്യമ പ്രവർത്തകർ എന്തെങ്കിലുമൊക്കെ ഭാവന മെനയും. അപ്പോഴൊക്കെ അവർക്ക് തെറ്റായ വാർത്തകൊടുക്കാൻ മേൽപ്പറഞ്ഞ വി എസ് ക്യാമ്പുമുണ്ട്. വിദേശരാജ്യങ്ങളിലൊക്കെയുള്ളതുപോലെ, മീഡിയ ഒംബുഡ്‌സ്മാനോ, വാർത്തകളുടെ നിജസ്ഥിതിയെക്കുറിച്ചുള്ള റിവ്യൂവോ ഒന്നും ഇവിടെ ഇല്ലാത്തതിനാൽ ആർക്കും പേടിക്കേണ്ട. വിശാഖപട്ടണത്ത് എസ്.ആർ.പി-യെച്ചൂരി അനുകൂലികൾ ഏറ്റുമുട്ടിയെന്ന വ്യാജ വാർത്തകൊടുത്താൽ പോലും, കേരളത്തിലെ ഒരു മാദ്ധ്യമ പ്രവർത്തകനും ഒരു ഷോക്കോസ് നോട്ടീസ് പോലും കിട്ടില്ല അതാണ് ഇവിടുത്തെ മാദ്ധ്യമ ജനാധിപത്യം![BLURB#2-H] 

ഈ രീതിയിൽ നോക്കുമ്പോഴാണ് സെക്രട്ടറിയെന്ന നിലയിൽ യെച്ചൂരിയുടെ പ്രസക്തി. കാരാട്ടിനെപോലെ മാദ്ധ്യമങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്ന സ്വഭാവം യെച്ചൂരിക്കില്ല. ചിരിച്ചുകൊണ്ട് പ്രത്യയശാസ്ത്രം പറയാൻ അദ്ദേഹത്തിനറിയാം.( സദാ മലബന്ധം അനുഭവിക്കുന്നതുപോലുള്ള മുഖഭാവം സിപിഐ(എം) കേരള നേതാക്കൾ എന്നാണാവോ ഉപേക്ഷിക്കുക) തൊഴിലുറപ്പ് പദ്ധതിയും, വിവരാവകാശവും അടക്കമുള്ള പദ്ധതികളുടെ മാസ്റ്റർ ബ്രെയിൻ കൂടിയായിരുന്ന, ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് ഇദ്ദേഹം. എന്നാൽ യെച്ചൂരി ഒരിക്കലും അതൊന്നും വീമ്പടിക്കാറുമില്ല. പുതിയ കാലത്ത് മീഡിയാ ഫ്രൻണ്ട്‌ലി അല്ലാതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന തരിച്ചറിവ് അദ്ദേഹത്തിനുള്ളതും നല്ലമാറ്റമാണ്.

ഭൂസമരവും ജാതിയും കർഷക പ്രക്ഷോഭങ്ങളും

നി ഈ സെക്രട്ടറി തെരഞ്ഞെടുപ്പ് വിവാദത്തിനിടയിൽ വിശാഖപട്ടണം സമ്മേളനം ചർച്ചചെയ്ത, ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ ഒന്നും തന്നെ മാദ്ധ്യമങ്ങളിൽ വന്നുതുമില്ല. മോദി സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ നയം, ഉത്തരേന്ത്യയിലെ ജാതിരാഷ്ട്രീയവും ദുരഭിമാനഹത്യയും, എണ്ണപ്പാടങ്ങളും കൽക്കരി ഖനികളും റിലയൻസിനും അദാനിക്കും തീറെഴുതി കൊടുക്കുന്നത്, ആന്ധ്രയിലെയും തെലങ്കാനയിലെയും തമിഴ്‌നാട്ടിലെയും ഘടകങ്ങൾ നടത്തിവന്ന ഭൂമി പിടിച്ചെടുക്കൻ സമരം തൊട്ട് പുതിയ ഇന്റർനെറ്റ് ന്യൂട്രാലിറ്റിവരെയുള്ള പ്രശ്‌നങ്ങൾ സമ്മേളനത്തിൽ വന്നു. ഇതിലൊക്കെ സ്വീകരിക്കേണ്ട നയങ്ങൾക്ക് വേണ്ടിയല്ലേ ഈ സമ്മേളനം നടത്തുന്നത്. അല്ലാതെ യെച്ചൂരിയായാലും, എസ്.ആർ.പിയായാലും ഈ നാട്ടിലെ പാവപ്പെട്ടവന് എന്തുമാറ്റമാണ് ഉണ്ടാവുക?

വാൽക്കഷ്ണം: എല്ലാ അടവുകളും പരാജയപ്പെട്ട് ദയനീയ അവസ്ഥയലാണ് വി എസ് അച്യുതാനന്ദൻ എന്ന് അതിനടയിൽ ആരും എഴുതികണ്ടതുമില്ല. മുമ്പ് പി.ബി അംഗമായിരുന്ന അദ്ദേഹം ഇന്ന് കേന്ദ്രകമ്മറ്റിയിൽ വെറും ക്ഷണിതാവുമാത്രമാണ്. ക്ഷണിതാവിന് സി.സിയിൽ വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിയില്ല. ഇനി സംസ്ഥാന കമ്മറ്റിയിൽ പങ്കെടുത്തില്ലെങ്കിൽ ഒരു പാർട്ടി ഘടകത്തിൽപോലുമില്ലാത്ത നേതാവാവും അദ്ദേഹം! എന്നിട്ടും മാദ്ധ്യമങ്ങൾ പറയുന്നു, യെച്ചൂരി ജയിച്ചതോടെ വി.എസിന് പിന്തുണകൂടിയെന്ന്.