തിരുവനന്തപുരം: സിപിഐ(എം) പാർട്ടി കോൺഗ്രസ് ചൊവ്വാഴ്ച വിശാഖപട്ടണത്തു തുടങ്ങാനിരിക്കെ മുതിർന്ന അംഗവും പ്രതിപക്ഷ നേതാവുമായ വി എസ് അച്യുതാനന്ദൻ തന്നെയാണ് ഏവരുടെയും ശ്രദ്ധാകേന്ദ്രം. വി എസിനെ കേന്ദ്ര കമ്മിറ്റിയിൽ നിന്നു തന്നെ ഒഴിവാക്കുമോ എന്ന തരത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. സംസ്ഥാന സമ്മേളനവേദിയിൽ നിന്ന് വി എസ് ഇറങ്ങിപ്പോയതുൾപ്പെടെയുള്ള വിവിധ കാര്യങ്ങൡ സിപിഐ(എം) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടുവരെ തള്ളിപ്പറഞ്ഞ സ്ഥിതിക്ക് കേന്ദ്ര കമ്മിറ്റിയിലെ സ്ഥാനം തന്നെ ഒഴിവാക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

സ്വന്തം നാടായ ആലപ്പുഴയിലെ സംസ്ഥാന സമ്മേളനത്തിൽ ഇതുവരെ കാണാത്ത തരത്തിൽ പുതിയ അങ്കത്തിനൊരുങ്ങിയ വി എസ് പാർട്ടി കോൺഗ്രസ് വേദിയിൽ എന്താകും കരുതി വച്ചിരിക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. ഇന്ന് വൈകിട്ട് വി. എസ് വിശാഖപട്ടണത്തേക്ക് പോകും. നാളത്തെ കേന്ദ്ര കമ്മിറ്റിയിലും അദ്ദേഹം പങ്കെടുക്കും. കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയാൽ ബദൽ നീക്കത്തിനു സാധ്യതയുണ്ടെന്നു തന്നെയാണ് വി എസ് അനുകൂലികൾ വിശ്വസിക്കുന്നത്.

സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ വി.എസിനെ കേന്ദ്രകമ്മിറ്റിയിൽ നിന്നും ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിൽ നിന്നുള്ള കേന്ദ്രകമ്മിറ്റിക്കാരിൽ ഭൂരിപക്ഷവും. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന കേരളത്തിൽ നിന്നുള്ള വലിയ വിഭാഗവും ഈ ആവശ്യത്തെ പിന്തുണച്ചേക്കാം. പക്ഷേ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയിട്ടും സംസ്ഥാന കമ്മിറ്റിയിൽ ഒരു സീറ്റ് ഒഴിച്ചിട്ട് വി.എസിനായി ഒഴിച്ചിട്ടിരിക്കയാണ്. വി.എസിന്റെ അഭൂതപൂർവ്വമായ ജനപിന്തുണയും അദ്ദേഹം ഉന്നയിക്കുന്ന വിഷയങ്ങളുടെ സ്വീകാര്യതയുമാണ് സംഘടനാ തത്വങ്ങൾക്ക് അതീതമായ അനുഭാവം വി.എസിനോട് കാട്ടാൻ പാർട്ടിയെ നിർബന്ധിതമാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

തന്നെ പാർട്ടി വിരുദ്ധനായി ചിത്രീകരിച്ചതിൽ പ്രതിഷേധിച്ചാണ് വി എസ് ആലപ്പുഴയിൽ നിന്ന് ഇറങ്ങിപ്പോയത്. പാർട്ടി വിരുദ്ധനെന്ന പരാമർശം നീക്കണമെന്ന വി.എസിന്റെ ആവശ്യം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചില്ല. ടി.പി വധം മുതൽ ഇങ്ങോട്ട് വി എസ് ഉന്നയിച്ച വിഷയങ്ങളും പാർട്ടി തള്ളി. ഒപ്പം പാർട്ടി സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ വി.എസിന്റെ നടപടി പി.ബി.കമ്മിഷന് വിട്ട് തത്ക്കാലത്തേക്കെങ്കിലും ആ പ്രശ്‌നം മരവിപ്പിക്കുകയാണ് പി.ബി ചെയ്തത്.

എന്നാൽ, കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറിയായി ചുമതല ഏറ്റെടുത്ത ശേഷം വി.എസുമായുള്ള പ്രശ്‌നങ്ങൾ കാര്യമായ പ്രതിസന്ധി സൃഷ്ടിച്ചില്ല. വി എസിനെ പാർട്ടിക്ക് ആവശ്യമാണെന്ന തരത്തിൽ കോടിയേരി പ്രസ്താവനകളും ഇറക്കിക്കഴിഞ്ഞിട്ടുണ്ട്. ബാർ കോഴ പ്രശ്‌നത്തിൽ നിയമസഭയിൽ ഇത്തവണ വി.എസിന്റെ അസാധാരണ പ്രകടനമായിരുന്നു. കോടിയേരിയുമായി തോളോട് തോൾ ചേർന്നായിരുന്നു വി.എസിന്റെ പോരാട്ടം. മാത്രമല്ല വി.എസിനെ വസതിയിൽ ചെന്ന് കണ്ട് കോടിയേരി ചർച്ച നടത്തുകയും ചെയ്തു. ആലപ്പുഴ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയെങ്കിലും വി എസിനെ നേതൃത്വത്തിൽ തന്നെ വേണമെന്ന് പ്രകാശ് കാരാട്ട് ഉൾപ്പടെയുള്ള നേതാക്കൾ പറഞ്ഞിരുന്നു. ഇതും വി എസ് പാർട്ടി നേതൃത്വത്തിൽ തുടരുമെന്ന സൂചനയാണ് നൽകുന്നത്.

എൺപത് കഴിഞ്ഞവരെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുക എന്ന പൊതുമാനദണ്ഡം അനുസരിച്ച് വി. എസിനെ പുറത്താക്കാനുള്ള കരുനീക്കവുമുണ്ട്. വി. എസിനെ കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാവാക്കുക എന്ന നിർദ്ദേശവും പരിഗണനയിലുണ്ട്. കോഴിക്കോട് കോൺഗ്രസിലും ഇതേ നിർദ്ദേശം ഉയർന്നതാണ്. അന്ന് അത് നടപ്പായില്ല. ഇപ്പോൾ അദ്ദേഹത്തെ ക്ഷണിതാവാക്കിയാൽ അത് ശിക്ഷാ നടപടിയായി വ്യാഖ്യാനിക്കപ്പെടും. ഏറ്റവും മുതിർന്ന നേതാവിനെതിരെ നടപടി എടുത്തു എന്ന ആക്ഷേപം പാർട്ടിക്ക് ദേശീയ തലത്തിൽ ക്ഷീണമുണ്ടാക്കാനും ഇടയുണ്ട് എന്നതിനാൽ അതിന് പാർട്ടി മുതിരില്ല എന്ന സൂചനയുമുണ്ട്.