തിരുവനന്തപുരം: സി ഡിറ്റിലെ പീഡനത്തിൽ സിപിഎം സഹയാത്രികനായ പ്രൊഡ്യൂസറെ കേസിൽ കുടക്കാൻ സിഡിറ്റിലെ ഉന്നതർക്ക് താൽപ്പര്യമില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നാം മുന്നോട്ട് പരിപാടിയുടെ നിർമ്മാതാവായ സബ്‌നേഷിനെതിരെ പരാതി കിട്ടിയത് സിഡിറ്റ് രജിസ്ട്രാർ സമ്മതിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടത്തിയെന്നും പരാതി സ്ഥിരീകരിച്ചെന്നും സമ്മതിക്കുകയും ചെയ്യുന്നു. പക്ഷേ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള വർക് പ്ലെയ്‌സ് ഹരാസ്‌മെന്റ് നിയമ പ്രകാരം പൊലീസിൽ പരാതികൊടുക്കേണ്ട ബാധ്യത തങ്ങൾക്കില്ലെന്നാണ് സിഡിറ്റ് രജിസ്ട്രാർ പറയുന്നത്. ഈ നിയമം നന്നായി പഠിക്കാനും ഉപദേശിക്കുന്നു. പരാതിക്കാരി ആവശ്യപ്പെട്ടാൽ മാത്രമേ പൊലീസിനെ സമീപിക്കേണ്ടതുള്ളൂവെന്ന വാദമാണ് രജിസ്ട്രാർക്ക് മുന്നോട്ട് വയ്ക്കാനുള്ളത്.

സിപിഎം സംസ്ഥാ സമിതി അംഗവും സ്ത്രീപക്ഷ സഹയാത്രികയുമായ ടിഎൻ സീമയുടെ ഭർത്താവാണ് ജി ജയരാജൻ. സിപിഎം നേതൃത്വവുമായി ജയരാജനും അടുത്ത ബന്ധമുണ്ട്. വി എസ് അച്യുതാനന്ദൻ സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന പികെ ശ്രീമതിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ജയരാജൻ. ഈ ബന്ധമാണ് സി ഡിറ്റിന്റെ രജസ്ട്രാർ പദവിയിലും ജയരാജനെ എത്തിച്ചത്. പിണറായി സർക്കാർ ഉയർത്തിപ്പിടിക്കുന്നത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട അജണ്ടയാണ്. ഇത് മനസ്സിലാക്കാതെയാണ് ജയരാജ് പീഡകനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നതെന്നാണ് ഉയരുന്ന ആരോപണം. പീഡനത്തിന് ഇരയായ പെൺകുട്ടി ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും സ്ഥാപനത്തിൽ ക്രിമിനൽ പ്രവർത്തി നടന്നാൽ അതിനെ നിയമപരമായി കാണേണ്ട ബാധ്യത സർക്കാർ സംവിധാനങ്ങൾക്കുണ്ട്. ഇതാണ് ജയരാജൻ പ്രതിയെ രക്ഷിക്കാനായി ലംഘിക്കുന്നത്.

വർക് പ്ലയ്‌സ് ആക്ടിലെ 19-ാം വകുപ്പിലാണ് സ്ഥാപനത്തിൽ പീഡനമുണ്ടായാൽ തൊഴിൽ ഉടമ ചെയ്യേണ്ടതിനെ കുറിച്ച് പ്രതിപാദിക്കുന്നത്. ഇതിലെ ജി വകുപ്പ് പ്രകാരം പീഡനത്തിന് ഇരയായ യുവതി ആവശ്യപ്പെട്ടാൽ മാത്രമേ പൊലീസിൽ പരാതി കൈമാറേണ്ടതുള്ളൂവെന്ന് വിശദീകരിക്കുന്നുണ്ടെന്നും ജയരാജ് പറയുന്നു. എന്നാൽ സീമയുടെ ഭർത്താവിന്റെ ഈ നിലപാട് ശരിയല്ലെന്നാണ് നിയമ വിദഗ്ദ്ധർ പറയുന്നത്. പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് എല്ലാ നിയമപരമായ സഹായവും ചെയ്യണമെന്നാണ് ജി, എച്ച് വകുപ്പുകൾ നിർദ്ദേശിക്കുന്നത്. പെൺകുട്ടി പരാതി ഫയൽ ചെയ്യാൻ മുന്നിട്ടിറങ്ങിയാൽ എല്ലാ പിന്തുണയും കൊടുക്കാൻ നിർദ്ദേശിക്കുന്നതാണ് സെക്ഷൻ 19ലെ ജി വകുപ്പ. ഇതിലൊരിടത്തും പെൺകുട്ടി പരാതി കൊടുത്താലേ സ്ഥാപനം പൊലീസിൽ അറിയിക്കേണ്ടതുള്ളൂവെന്ന് പറയുന്നുമില്ല.

സെക്ഷൻ 19ലെ എച്ച് വകുപ്പ് കൃത്യമായി കാര്യങ്ങളെ വിശദീകരിക്കുന്നുമുണ്ട്. പീഡിപ്പിക്കപ്പെട്ടയാളും പീഡിപ്പിച്ചയാളും ഒരേ തൊഴിലുടമയുടെ കീഴിലാണെങ്കിൽ ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന നിയമമനുസരിച്ചോ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള വകുപ്പുകളനുസരിച്ചോ തുടർനടപടികൾ സ്വീകരിക്കാൻ തൊഴിലുടമ തയ്യാറാകണമെന്നാണ് ഇതിൽ വിശദീകരിക്കുന്നത്. പീഡിപ്പിച്ചയാൾ മറ്റൊരു സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെങ്കിൽ പീഡിപ്പിക്കപ്പെട്ടയാൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, തുടർ നടപടികൾ സ്വീകരിക്കാനുള്ള സഹായങ്ങൾ നൽകണമെന്നും നിയമം പറയുന്നു. അതായത് സി ഡിറ്റിലെ പീഡനത്തിൽ പരാതി നൽകേണ്ട ഉത്തരവാദിത്തം ജയരാജിനുണ്ട്. പരാതി നൽകിയാൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം സബ്‌നേഷിനെതിരെ പൊലീസ് കേസെടുക്കും. അപ്പോൾ കണ്ണൂരുകാരനായ സഖാവ് അഴിക്കുള്ളിലുമാകും. ഇത് ഒഴിവാക്കാനാണ് സിപിഎം നേതാവായ ടിഎൻ സീമയുടെ ഭർത്താവ് ശ്രമിക്കുന്നത്.

സിഡിറ്റിലെ പീഡനത്തിൽ ജനുവരിയിലാണ് സീമയുടെ ഭർത്താവിന് യുവതി പരാതി നൽകുന്നത്. ഇതിൽ ഒരു നടപടിയും എടുത്തില്ല. പരാതിയുടെ വിശദാംശങ്ങൾ സഹിതം മറുനാടൻ വാർത്ത നൽകിയതിന് തൊട്ട് പിന്നാലെ സബ്‌നേഷിനെ പരിപാടിയിൽ നിന്നും ഒഴിവാക്കി. സിഡിറ്റിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തു. സാധാരണ പീഡനങ്ങൾക്ക് അപ്പുറം വ്യാപ്തിയുള്ള പരാതിയാണ് ഇയാൾക്കെതിരെ ഉയർന്നത്. മറ്റൊരു സഹപ്രവർത്തകയ്‌ക്കെതിരേയും ആക്ഷേപം ഉയർന്നു. എന്നാൽ ഈ പരാതിയിൽ ഉൾപ്പെട്ട യുവതിയേയും രക്ഷിക്കാനാണ് സിഡിറ്റിന്റെ ശ്രമം. പരാതിയിൽ മറ്റൊരു യുവതിക്കെതിരെ ഒരു ആക്ഷേപവും സിഡിറ്റിന് കിട്ടിയിട്ടില്ലെന്നും രജിസ്ട്രാർ പറയുന്നു. അങ്ങനെ പരാതിയിലെ പ്രതികളെ രക്ഷിക്കാൻ ബോധപൂർവ്വം രജിസ്ട്രാർ ശ്രമിക്കുന്നതായാണ് വ്യക്തമാകുന്നത്.

  • സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള വർക് പ്ലെയ്‌സ് ഹരാസ്‌മെന്റ് നിയമത്തിലെ 19-ാം വകുപ്പിലെ വിവിധ സെക്ഷനുകൾ

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് പിണറായി സർക്കാർ ഏറെ അവകാശ വാദങ്ങൾ ഉയർത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതായിരുന്നു അതിൽ പ്രധാനം. ആക്രമിച്ച കേസിൽ ദിലീപിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിഞ്ഞ് സർക്കാർ ദിലീപിനെ അറസ്റ്റ് ചെയ്തു. അത് ആഘോഷമാക്കുകയും ചെയ്തു. എന്നാൽ സർക്കാർ സ്ഥാപനത്തിൽ പിണറായിയുടെ പരിപാടിയുടെ നിർമ്മതാവ് പീഡനക്കേസിൽ കുടുങ്ങുമ്പോൾ സ്ത്രീ പീഡകരെ രക്ഷിക്കുകയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചെയ്യുന്നത്. ഇതിനെതിരേയാണ് അതിശക്തമായ രോഷമുയരുന്നത്. കണ്ണൂരിലെ സിപിഎം നേതൃത്വത്തിന് വേണ്ടപ്പെട്ടയാളാണ് സബ്‌നേഷ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ അടക്കം സ്വാധീനവും ഉണ്ട്. അതുകൊണ്ട് കൂടിയാണ് പരാതി പൊലീസിൽ ഏൽപ്പിക്കാതെ രജിസ്ട്രാർ കള്ളക്കളി നടത്തുന്നത്.

കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ നാം മുന്നോട്ട് പരിപാടിയുടെ സഹ പ്രൊഡ്യൂസർ ആയ മുൻ മാധ്യമ പ്രവർത്തകയാണ് പീഡന ശ്രമത്തിന് വിധേയായ വനിത മാധ്യമ പ്രവർത്തകയെ ഇടപ്പഴിഞ്ഞിയിലെ സബ്‌നേഷിന്റെ വീട്ടിൽ എത്തിച്ചത്. ഇവിടെ വച്ചായിരുന്നു ആദ്യ പീഡന ശ്രമം നടന്നത്. വൈകുന്നേരം വീട്ടിലെത്തിയപ്പോൾ കണ്ട സബ്‌നേഷിനെയല്ല രാത്രി പെൺകുട്ടി കണ്ടത്. തന്റെ കൂട്ടുകാരിയോടൊപ്പം കുടിച്ചു കൂത്താടി ലൈംഗിക വൈകൃത്യങ്ങൾ കാണിക്കുന്നു. ഒരു ഘട്ടത്തിൽ കടന്നു പിടിച്ചപ്പോൾ കുതറി രക്ഷപ്പെട്ട പെൺകുട്ടി ബഹളം വെച്ചപ്പോൾ മാത്രമാണ് സബനേഷ് അടങ്ങിയതെന്ന് സിഡിറ്റ് രജിസ്റ്റാർക്ക് കിട്ടിയ പരാതിയിൽ പറയുന്നു. പിന്നീട് പെൺകുട്ടിയ പ്രലോഭിപ്പിക്കാൻ ഇരുവരും തന്റെ മുന്നിൽ വെച്ച് ലൈഗീക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും പരാതിയിൽ ഉണ്ട്. നിർബന്ധിച്ചു മദ്യം കുടിപ്പിക്കാനും ശ്രമം ഉണ്ടായി. പിന്നീട് വഴങ്ങാതെ വന്ന തന്നെ റൂമിൽ കയറ്റി കതകടച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. താൻ കുതറി ഓടിയതിനാൽ ആ ശ്രമം വിജയച്ചില്ല.

ഇക്കാര്യം പുറത്തതു പറഞ്ഞാൽ വകവരുത്തുമെന്ന് സബ്‌നേഷും സഹപ്രവർത്തകയും ഭീക്ഷണിപ്പെടുത്തി ഒപ്പം ജോലി കളയിക്കുമെന്നും പറഞ്ഞപ്പോൾ പരാതി പെടുന്നതിൽ നിന്ന പിൻവാങ്ങുകയായിരുന്നുവെന്ന് പീഡന ശ്രമത്തതിന് ഇരയായ പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തതി വീണ്ടും പീഡിപ്പിക്കാൻ ശ്രമം നടന്നു. ഇതിന് വഴിയൊരുക്കി കൊടുത്തത് തന്റെ സഹപ്രവർത്തക തന്നെ. പിന്നീട് കോട്ടയംകാരിയായ ഇത് സഹപ്രവർത്തക ജനുവരി ആദ്യവാരം കെണിയിൽപെടുത്താൻ ശ്രമിച്ചപ്പോൾ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. തന്റെ മാനവും ജീവനും അപകടത്തിലാണന്ന് മനസിലാക്കിയാണ് ജനുവരി മധ്യത്തോടെ പരാതി നൽകിയതെന്നും പെൺകുട്ടി സഹപ്രവർത്തകരോടു പറഞ്ഞു.

പരാതി നൽകിയ പെൺകുട്ടിയെ ആദ്യം പിൻതിരിപ്പിക്കാൻ സി ഡിറ്റിലെ ഉന്നതർ ശ്രമിച്ചുവെന്നാണ വിവരം. എന്നാൽപിൻവലിക്കില്ലന്ന് മനസിലായതോടെ ഫെബ്രുവരി ആദ്യം സിഡിറ്റ് രജിസ്റ്റാർ പരാതിതൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാൻ ചുമതലപ്പെട്ട സമിതിക്ക് മുൻപാകെ കൈമാറി. സമിതിക്ക് മേലും ഉന്നത രാഷ്ട്രീയ സമ്മർദ്ദം ഉണ്ടായിരുന്നുവെന്നാണ് വിവരം. എന്തായാലും ഒരാഴ്ച നീണ്ട സിറ്റിങ് പൂർത്തിയാക്കി നടപടി നിർദ്ദേശിച്ച് സമിതി ഒരു മാസം മുൻപ് റിപ്പോർട്ട് നൽകി. എന്നിട്ടും നടപടി എടുക്കാനോ പരാതി പൊലീസിന് കൈമാറാനോ സിഡിറ്റ് അധികൃതർ തയ്യാറാകാതിരുന്നത് രാഷ്ട്രീയം സമ്മർദ്ദം കൊണ്ടാണ്. പ്രതികൂട്ടിൽ നിൽക്കുന്ന സബ്‌നേഷ് കടുത്ത സിപിഎം പ്രവർത്തകനും കണ്ണൂർ സ്വദേശിയുമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് നാം മുന്നോട്ടിന്റെ പ്രൊഡക്ഷൻ ചുമതല സബ്‌നേഷിനെ ഏൽപ്പിച്ചത്.

കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്താണ് കണ്ണൂരിലെ ഒരു ഉന്നത സി പി എം നേതാവിന്റെ ശുപാർശയിൽ സബ്‌നേഷ് ജോലിക്ക കയറുന്നത്. ജോലിയിൽ കയറി ഒരു വർഷത്തിനിടെ സ്വാഭാവ ദൂഷ്യവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നുവെങ്കിലും ആരും രേഖാമൂലം പരാതി നൽകാത്തതിനാൽ സബ്‌നേഷിനെതിരെ നടപടി വന്നില്ല. ഇത്തവണ പരാതിക്കാരി ഉറച്ചു നിന്നപ്പോൾ സിഡിറ്റിലെ ഉന്നതർ നടപടിക്ക് നിർബന്ധിതമായി. അപ്പോഴും സബ്‌നേഷിനെ പൊലീസ് കേസിൽ പ്രതിയാക്കാതിരിക്കാനാണ് ശ്രമം.