ടിപി ചന്ദ്രശേഖരന്‍ വധ കേസില്‍ തെളിവുകള്‍ എല്ലാം തന്നെ സിപിഎമ്മിനെതിരെ തിരിയുമ്പോഴും സംശയത്തിന്റെ ആനുകൂല്യം അല്‍പ്പമെങ്കിലും നല്‍കണം എന്നു വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ ആയിരുന്നു ഞങ്ങള്‍. ഭരിക്കുന്നത് കോണ്‍ഗ്രസ് ആയതുകൊണ്ടും കാലുമാറി കോണ്‍ഗ്രസില്‍ എത്തിയ ശെല്‍വരാജിനെ നെയ്യാറ്റിന്‍കരയില്‍ വിജയിപ്പിക്കേണ്ടത് കോണ്‍ഗ്രസിന്റെ ആത്മാഭിമാനത്തിന്റെ പ്രശ്‌നം ആയത് കൊണ്ടും പിസി ജോര്‍ജിനെ പോലൊരു മാന്യന്‍ യുഡിഎഫിന്റെ നായകന്‍മാരില്‍ ഒരാള്‍ ആയതുകൊണ്ടുമാണ് ഈ ആനുകൂല്യം നല്‍കാന്‍ നിഷ്പക്ഷരായ ജനങ്ങള്‍ തയ്യാറായത്.

എന്നാല്‍ സിപിഎം നേതൃത്വം ഇങ്ങനെയൊരു കാടത്തം കാട്ടാന്‍ ഇടയില്ല എന്നു കരുതിയ സാധാരണക്കാരായ എല്ലാ മനുഷ്യരെയും നിരാശപ്പെടുത്തുന്ന പ്രതികരണമാണ് ആ പാര്‍ട്ടിയുടെ ഒരു ഗുണ്ടാ നേതാവില്‍ നിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണി നടത്തിയ പ്രസ്താവന ആത്മാഭിമാനമുള്ള ഏതൊരു മലയാളിയുടെയും ചോര തിളപ്പിക്കുന്നതാണ്. സിപിഎം പ്രതിയോഗികളെ ഇതിന് മുമ്പ് പലതവണ കൊന്നിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും യാതൊരു ഉളുപ്പുമില്ലാതെയാണ് മണി പ്രഖ്യാപിച്ചത്. മണിയുടെ തട്ടകത്തില്‍ സിപിഎംകാര്‍ വെട്ടിയും കുത്തിയും കഴുത്തറത്തും കൊന്നവരുടെ കാര്യം പേര് സഹിതം മണി വിവരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് പ്രതിഫലിച്ചത് ഒരു രാഷ്ട്രീയ നേതാവിന്റെ ഭാവം ആയിരുന്നില്ല. പ്രത്യുത നിഷ്ഠൂരമായ ഒരു കൊലയാളിയുടെ ആത്മ സംതൃപ്തി അടയുന്ന മുഖമായിരുന്നു.

പിസി ജോര്‍ജും കെ സുധാകരനും ഒക്കെ ആള്‍ക്കൂട്ടത്തെ കാണുമ്പോള്‍ ഹാലിളകി നാവിന് ഉളുപ്പില്ലാതെ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും എംഎം മണി എന്ന ഈ കുട്ടി നേതാവ് നടത്തിയ പ്രസംഗം സിപിഎം എന്ന പാര്‍ട്ടി പിന്തുടര്‍ന്ന അതിഭീതിതമായ കഠാര രാഷ്ട്രീയത്തിന്റെ മുഖം മൂടി വലിച്ചെറിയുകയാണ്. സിപിഎമ്മിനെ വിമര്‍ശിച്ചാല്‍ ഞങ്ങള്‍ കൊന്നുകളയും എന്ന് ഉന്നതനായ ഒരു നേതാവ് പ്രഖ്യാപിക്കുമ്പോള്‍ ആ പാര്‍ട്ടിയുടെ പരിസര പ്രദേശത്ത് കൂടി അബദ്ധത്തില്‍പോലും പോവാന്‍ ഇടയാവരുതേ എന്ന് ഒരു സാധാരണക്കാരന്‍ കരുതിയാല്‍ അവനെ എങ്ങനെ കുറ്റം പറയാന്‍ പറ്റും?

ടിപി വധത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സിപിഎം ഒഴിഞ്ഞ് മാറാന്‍ നോക്കുമ്പോള്‍ അത് അത്ര എളുപ്പമല്ല എന്ന് മണിയുടെ നിലപാട് തെളിയിക്കുന്നു. പാര്‍ട്ടിയുടെ സംസ്ഥാന നേതാവായ മണിക്ക് ഇങ്ങനെ പറയാന്‍ ധൈര്യം ഉണ്ടെങ്കില്‍ അന്ധമായ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന സാധാരണക്കാര്‍ക്ക് എങ്ങനെ ചെയ്യാന്‍ മടി ഉണ്ടാകുമെന്ന് നാം കരുതണം? ഇത് പാര്‍ട്ടിയുടെ നിലപാടാണെങ്കില്‍ മണിയുടെ പ്രസ്താവന നിഷേധിക്കുക മാത്രമല്ല, ഇത്തരം ഒരു ക്രിമിനലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും വേണം. ഇതിന് സഖാവ് പിണറായി വിജയന്‍ തയ്യാറല്ലെങ്കില്‍ അദ്ദേഹം പാര്‍ട്ടി ഭരണം നിയന്ത്രിക്കുമ്പോള്‍ തന്നെ ഈ പാര്‍ട്ടി കാലഹരണപ്പെട്ട് പോകുന്ന കാഴ്ചയായിരിക്കും മലയാളികള്‍ക്ക് കാണേണ്ടി വരിക.

എതിരഭിപ്രായം പറയുന്നവനെ കൊന്ന് കളയും എന്നതാണ് ഈ പാര്‍ട്ടിയുടെ നിലപാട് എങ്കില്‍ അതില്‍ പ്രവര്‍ത്തിക്കാന്‍ മാനവും മര്യാദയുമുള്ള ആരുണ്ടാവും? വിഎസ് അച്യുതാനന്ദനെപ്പോലുള്ള നിലപാടുകളില്‍ വിട്ടു വീഴ്ച ചെയ്യാത്ത നേതാക്കള്‍ പാര്‍ട്ടിയുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞു പുറത്ത് കടക്കാന്‍ നില്‍ക്കുമ്പോള്‍ മണിയെപ്പോലെയുള്ളവരെ കൈയ്യയടിയോടെ കൊണ്ട് നടന്നാല്‍ ഈ പാര്‍ട്ടി കാലഹരണപ്പെടും എന്നതിന് മറ്റു സിദ്ധാന്തങ്ങള്‍ ഒന്നും ആരും തേടി പോവേണ്ടതില്ല.

വിഎസ് അച്യുതാനന്ദന്റെ ജനകീയ അടിത്തറയില്‍ മതി മറന്ന് പരസ്യമായി അദ്ദേഹത്തിനോട് കൂറ് പ്രഖ്യാപിച്ചു ഏറെ നാള്‍ കൂടെ നടന്ന നേതാവാണ് ഈ മണി എന്ന് മറക്കരുത്. ഇടുക്കിയിലെ തോട്ടം മുതലാളിമാരുടെ അച്ചാരം പറ്റി തൊഴിലാളികളെ ഒറ്റു കൊടുക്കുന്ന അനേകം നേതാക്കളില്‍ ഒരാളാണ് മണി എന്ന് പലരും ഉന്നയിച്ച ആരോപണങ്ങള്‍ ആരോപിക്കാന്‍ ഞങ്ങളുടെ കൈയ്യില്‍ തെളിവുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ അത് ചെയ്യുന്നില്ല. എന്നാല്‍ ഇന്ന് വിഎസും മണിയുമാണ് തൊട്ടുകൂടാത്തവരായിരിക്കുന്നത് മൂന്നാറില്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരും ബന്ധുക്കാരും നടത്തിയ ഭൂമി കയ്യേറ്റത്തിനെതിരെ തിരിഞ്ഞത് മൂലമാണ്. വിഎസിന്റെ ശരീരഭാഷയും പെരുമാറ്റവും വരെ സ്വന്തമായി കൊണ്ട് നടക്കുന്ന മണിയുടെ ഇന്നത്തെ ഏറ്റവും വലിയ ശത്രു വിഎസ് ആണ്.

ഇടുക്കി ജില്ലയിലെ പല കൊലപാതകങ്ങളും നടത്തിയത് സിപിഎം ആണെന്ന് പരസ്യമായി പ്രഖ്യാപിച്ചതുകൊണ്ട് തന്നെ അധികം അനേ്വഷണം ഒന്നുമില്ലാതെ മണിയെ പോലീസിന് അറസ്റ്റ് ചെയ്യാവുന്നതാണ്. മണിയെ അറസ്റ്റ് ചെയ്തിട്ട് തെളിവുകള്‍ ശേഖരിച്ച് മണിയും കൂട്ടരും ജീവന്‍ എടുത്തവരുടെ കുടുംബത്തിന് നീതി തേടി കൊടുക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ക്ക് മുന്‍കൈ എടുക്കാം. ഇത് കാട്ടു നീതിയാണ്.

ഈ കാട്ടു നീതി വച്ച് പൊറുപ്പിക്കാന്‍ ഏത് ഫാരീസ് അബൂബക്കര്‍ ഇടപെട്ടാലും സമ്മതിക്കരുത്. നമ്മുടെ ജനാധിപത്യം സംരക്ഷിക്കാന്‍ മണിയെപ്പോലെയുള്ളവരെ തുറങ്കില്‍ അടയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അതാണ് ഇത് ഒരു തരം മാനസിക രോഗത്തില്‍ നിന്ന് ഉണ്ടായതാണെങ്കില്‍ പിടിച്ച് തലയില്‍ നെല്ലിക്ക തളം വയ്ക്കണം.