തൃശൂർ: കോൺഗ്രസുമായി രാഷ്ട്രീയ നീക്കുപോക്കുകൾ ഉണ്ടാക്കുന്നതിൽ തെറ്റില്ലെന്ന നിലപാട് സ്വീകരിച്ച സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയെ സംസ്ഥാന സമ്മേളനത്തിൽ വിമർശിച്ച് എ എൻ ഷംസീർ എംഎൽഎ. ജനറൽ സെക്രട്ടറിയുടെ നിലപാടിനെ നിശിദമായി വിമർശിച്ച ഷംസീർ അദ്ദേഹത്തിന്റേത് അധികാരത്തിന് വേണ്ടിയുള്ള നിലപാടാണെന്ന് സംശയിച്ചാൽ അതിനെ കുറ്റംപറയാൻ കഴിയില്ലെന്നും പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുചർച്ചയിലാണ് യെച്ചൂരിയെ കടുത്ത ഭാഷയിൽ ഷംസീർ വിമർശിച്ചത്. കോൺഗ്രസുമായി കൂട്ടുകൂടുന്നത് മണ്ടത്തരമാണ്. ഉദ്ഘാടന പ്രസംഗത്തിൽ യെച്ചൂരി സാർവദേശീയ കാര്യങ്ങൾ പരാമർശിച്ചില്ലെന്നും ഷംസീർ കുറ്റപ്പെടുത്തി.

മന്ത്രിമാർക്കെതിരെയും പേഴസണൽ സ്റ്റാഫുകൾക്കെതിരെയും വലിയ വിമർശനമുണ്ടായി. ഇന്നലെ സിപിഐ മന്ത്രിമാർ മണ്ടന്മാരാണ് എന്നാണ് ഉയർന്ന വിമർശനമെങ്കിൽ ഇന്ന് സിപിഎം മന്ത്രിമാരുടെ കഴിവുകേടുകളാണ് പ്രതിനിധികൾ എണ്ണിപ്പറഞ്ഞത്. ജി.എസ്.ടിയെ പിന്തുണച്ച ഐസക്കിന്റെ നിലപാട് അനുചിതമായി. ജി.എസ്.ടിയുടെ ആപത്തുകൾ ഐസക് തിരിച്ചറിഞ്ഞില്ലെന്നും പൊതുചർച്ചയിൽ വിമർശനമുയർന്നു.

ആരോഗ്യവകുപ്പ് നാഥൻ ഇല്ല കളരിയായി മാറി. കടന്നപ്പള്ളിയുടെ ഏക ജോലി ഉദ്ഘടനങ്ങൾ മാത്രമാണ്. ശശീന്ദ്രനും തോമസ് ചാണ്ടിയും പരാജയമായി മാറി.കെ എസ് ആർ ടി സിയുടെ തകർച്ച ഗൗരവത്തിൽ കാണണമെന്ന് ചർച്ചയിൽ ആവശ്യമുയർന്നു. മന്ത്രിമാരുടെ ഓഫീസുകളുടെ പ്രവർത്തനം പലപ്പോഴും കാര്യക്ഷമമല്ല. കാര്യപ്രാപ്തിയില്ലാത്ത മന്ത്രിമാരെ ഒഴിവാക്കണം. ചില മന്ത്രിമാർക്ക് വി.ആർ.എസ് കൊടുക്കണമെന്നും ആവശ്യമുയർന്നു. മന്ത്രിസഭ പുനഃസംഘടനയെ കുറിച്ച് ചർച്ച വേണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. പൊതുചർച്ചയിൽ ഇന്ന് 14 പേർ പങ്കെടുത്തു.

ഭരണം കഴിഞ്ഞ് ഒന്നരം വർഷം കഴിഞ്ഞിട്ടും മന്ത്രിമാർക്ക് പ്രവർത്തനം മെച്ചപ്പെടുത്താൻ സാധിച്ചിട്ടില്ല. അതിന് സാധിക്കുന്നില്ലെങ്കിൽ പകരക്കാരെ ആലോചിച്ചുകൂടെയെന്നു പ്രതിനിധികൾ ചർച്ചയിൽ അഭിപ്രായപ്പെട്ടു. ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ കണ്ണട വിഷയത്തിൽ പോലും കടുത്ത വിമർശനം ഉയർന്നിരുന്നു. ആരോഗ്യ വകുപ്പിൽ ദൈനംദിന കാര്യങ്ങളിൽ കാര്യക്ഷമമായി ഇടപെടാൻ കഴിയുന്നില്ല. മന്ത്രിയുടെ സ്റ്റാഫിലുള്ളവരുടെ പ്രവർത്തനം മോശമാണെന്നും വിമർശനമുണ്ടായി.

സ്വാശ്രയ ഫീസ് വിഷയത്തിലും ആരോഗ്യമന്ത്രിക്കു വിമർശനം നേരിടേണ്ടിവന്നു. ഇടതു സർക്കാർ ഭരിക്കുമ്പോൾ, മികച്ച മാർക്കുണ്ടായിട്ടും യോഗ്യതയുണ്ടായിട്ടും പണമില്ലാത്ത കുട്ടികൾക്ക് പഠിക്കാൻ കഴിയാത്ത സാഹചര്യം തെറ്റായിപ്പോയെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ് ചോദിച്ചു. സിപിഎം സ്വതന്ത്രനായ കെടി ജലിലീനെ മന്ത്രിയാക്കിയതിനെതിരെ തന്നെ വിമർശനം ഉണ്ടായി. അഞ്ച് ജില്ലകളിൽ നിന്നുള്ള പ്രതിനിധികളാണ് വിമർശനം ഉന്നയിച്ചത്. മന്ത്രിയെന്ന നിലയിൽ ജലീലിന്റെ പ്രവർത്തനം മോശമാണ്. ജനപ്രതിനിധികളും ജനവും ഏറ്റവും ആശ്രയിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം കുത്തഴിഞ്ഞനിലയിലാണെന്നും വിമർശനം ഉയർന്നു.

തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ജോലി ഉദ്ഘാടനം ചെയ്യൽ മാത്രമാണെന്നു വിമർശനമുണ്ടായി. വകുപ്പിൽ നടക്കുന്ന കാര്യങ്ങളൊന്നും മന്ത്രി അറിയുന്നില്ല. ഉദ്യോഗസ്ഥർ കൊടുക്കുന്ന ഫയലിൽ ഒപ്പിടുന്നതിനായി മാത്രം ഒരു മന്ത്രി വേണോ എന്നും കടന്നപ്പള്ളി വെറും ഉദ്ഘാടനം ചെയ്യാനുള്ള മന്ത്രിയാണെന്നും വിമർശനം ഉയർന്നു. ആഭ്യന്തര വകുപ്പിനെതിരെയും നിശിദമായ വിമർശമാണ് പ്രതിനിധികൾ ഉന്നയിച്ചത്. കണ്ണൂരിൽ നിന്നുള്ള പ്രതിനിധികളാണ് ഈ വിമർശനം ഉയർത്തിയത്. പൊലീസുകാരിൽ ലീഗുകാരും ആർഎസ്എസുകാരും കോൺഗ്രസുകാരുമുണ്ടെന്നും പരാതിയുമായി ചെല്ലുമ്പോൾ നീതി കിട്ടാത്ത അവസ്ഥയാണുള്ളതെന്നും വിമർശനം ഉയർന്നു.