ആലപ്പുഴ: സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് ഇനി നാലു നാളുകൾ കൂടി ബാക്കിനിൽക്കേ സമ്മേളന നഗരി ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിഞ്ഞിരിക്കയാണ്. വലിയ ചുടുകാട് രക്തസാക്ഷി സ്മൃതി മണ്ഡപവും പരിസര പ്രദേശങ്ങളും ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കയാണ്. കാർഷിക സംസ്‌കൃതിയും തൊഴിൽ സംസ്‌ക്കാരവും ഒത്തുചേരുന്ന ചിത്രങ്ങളാണ് വെട്ടുകാട്ടിൽ ഒരുക്കിയിരിക്കുന്നത്.

വിദ്യാർത്ഥി യുവജന തൊഴിലാളി സമരങ്ങളുടെ നിണമണിഞ്ഞ ഇന്നലെകളും ഇന്നും കോറിയിട്ട ചിത്രങ്ങൾ പോരാട്ടങ്ങൾ അവസാനിക്കുന്നില്ലെന്ന ഓർമപ്പെടുത്തലാണ്. കാർഷിക സംസ്‌കൃതി, തനതു തൊഴിൽ സംസ്‌ക്കാരം, ക്രുര പൊലീസ് മർദനത്തിന്റെ കാഴ്ചകൾ, അവകാശപോരാട്ടങ്ങളുടെ അനശ്വര ചിത്രങ്ങൾ എന്നിവ ഉൾപ്പെട്ട ക്യാൻവാസ് ജീവൻ തുടിക്കുന്ന ദൃശ്യങ്ങളാൽ സമ്പന്നമാണ്.

പോരാട്ടങ്ങളുടെ വീരേതിഹാസം രചിച്ച പുന്നപ്രവയലാർ സമരഭൂവിൽ കൈയിൽ വാരിക്കുന്തമേന്തി നിൽക്കുന്ന പോരാളിയുടെ ചിത്രം. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ കാഹളം മുഴങ്ങിയ കാലഘട്ടത്തെയും അതിന്റെ പോരാട്ടവീറിനെയും അടയാളപ്പെടുത്തുന്നു. തലയിൽ കറ്റയും കൈയിൽ അരിവാളുമായി കർഷകത്തൊഴിലാളി, കയറുപിരിക്കുന്നവരും തൊണ്ടു തല്ലുന്നവരും, ഉപജീവനത്തിനായി കടലിനോട് മല്ലിടുന്ന മത്സ്യത്തൊഴിലാളി, നെയ്ത്തുകാരി എന്നിവരുടെ ചിത്രങ്ങൾ ആലപ്പുഴയുടെ സാമൂഹിക സാംസ്കാരിക ചുറ്റുപാടിലേക്കാണ് വെളിച്ചം വീശുന്നത്.

വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ഉയിരുകൊടുത്ത് പോരാടിയ രാജീവന്റെയും മധുവിന്റെയും ഷിബുലാലിന്റെയും ബാബുവിന്റെയും റോഷന്റെയും ചിത്രങ്ങൾ, കൂത്തുപറമ്പിലെ പൊലീസ് നരനായാട്ടിന്റെ രക്തം പടർന്ന ചിത്രം. പിന്നെയും പിന്നെയും തുടർന്ന പൊലീസ് ക്രൂരതയുടെ മനസുവിങ്ങുന്ന ചിത്രങ്ങൾ. ജലപീരങ്കിയെ എതിരിടുന്ന ലാഘവത്തിൽ വെടിയുണ്ടകളെ നേരിട്ട ധീര യോദ്ധാക്കളുടെ ഇന്നലെകൾ. കത്തിയാളുന്ന പ്രതിഷേധങ്ങളെ ജലപീരങ്കികൊണ്ട് കെടുത്തിക്കളയാമെന്ന വ്യാമോഹത്തിന്റെ വർത്തമാനകാലം. എല്ലാം ചായക്കൂട്ടുകളിൽ ഒരുക്കിയിരിക്കുന്നു.

വിലനിയന്ത്രണം കാറ്റിൽപറത്തി അടുക്കള പൂട്ടിക്കുന്ന സർക്കാരുകൾക്കെതിരെ പൊതുനിരത്തിൽ അടുപ്പുകൂട്ടിയ സമരം. ഭൂസമരത്തിന്റെ അവസാനിക്കാത്ത അലയൊലികൾ എല്ലാം ചിത്രങ്ങളായി സംവദിക്കുന്നു. വരയിലും വർണ്ണത്തിലും ഇവയൊക്കെ ഒരുക്കിയത് എറണാകുളം കടമക്കുടി സ്വദേശി സാജൻ സി ജോണിന്റെ നേതൃത്വത്തിൽ ഷിജു, അരവിന്ദ്, മനു, സിദ്ധിഖ്, ജിനിൽ, വിനു എന്നിവരാണ്.