തൃശൂർ: സിപിഎം സംസ്ഥാന സമ്മേളനം കൊടിയിറങ്ങിയപ്പോൾ മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകില്ലെന്നാണ് സെക്രട്ടറി കോടിയേരി ബാാലകൃഷ്ണൻ പറഞ്ഞത്. എന്നാൽ, ഇത് മന്ത്രിമാർ പ്രവർത്തനം ഊർജ്ജിതമാക്കണമെന്ന താക്കീതാണെന്ന വിലയിരുത്തുന്നവരുമുണ്ട്. അതുകൊണ്ട് തന്നെ മുഖം മിനുക്കൽ നടപടികളുമായി മുന്നോട്ടു പോകാനാണ് മന്ത്രിമാരുടെ നീക്കം. പാർട്ടിയുടെയും സർക്കാറിന്റെയും പ്രതിച്ഛായ വീണ്ടെടുക്കുകയാണ് ലക്ഷ്യം. ഇതിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാമെന്നും സിപിഎം കണക്കുകൂട്ടുന്നു.

സർക്കാരിന്റെ പ്രവർത്തനത്തിലെ പോരായ്മകൾ പരിഹരിക്കുന്നതിനൊപ്പം രാഷ്ട്രീയ വെല്ലുവിളികൾ അതിജീവിക്കുകയുമാണു സമ്മേളനം തീരുമാനിച്ച പ്രതിച്ഛായ തിരിച്ചുപിടിക്കൽ പരിപാടിയുടെ ലക്ഷ്യം. മന്ത്രിസഭാ പുനഃസംഘടനയിലേക്ക് സജീവ ചർച്ചകൾ ഇല്ലെങ്കിലും മന്ത്രിമാരുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ മുഖ്യമന്ത്രി തന്നെ കൂടുതൽ നിർദേശങ്ങൾ നൽകിയേക്കും. ഇത് നടപ്പിലാക്കുക എന്ന ചുമതലയാകും മന്ത്രിമാർക്കുണ്ടാകുക.

മുന്നണി വികസനത്തിന് പച്ചക്കൊടു ലഭിച്ച സാഹചര്യത്തിൽ അത്തരം ചർച്ചകളുമായി അവർ മുന്നോട്ടു പോകും. കെ.എം. മാണി ഉൾപ്പെടെയുള്ളവരെ മുന്നണിയിലേക്കു കൊണ്ടുവരാൻ പാർട്ടി ഇനി രംഗത്തിറങ്ങും. പുനഃസംഘടനയിലൂടെ പ്രതിച്ഛായ തിരിച്ചുപിടിക്കലും മുന്നണി വികസനത്തിലൂടെ തുടർഭരണവുമാണു ലക്ഷ്യം. പാർട്ടി പൂർണമായും മുഖ്യമന്ത്രിയുടെ കൈപ്പിടിയിലാണ്. എതിർശബ്ദം ഒരു വശത്തു നിന്നും ഉയരാത്ത വിധത്തിൽ പിണറായി-കോടിയേരി കൂട്ടുകെട്ട് മുന്നേറുന്നുണ്ട്.

ഇതിനിടെ പ്രതിനിധി സമ്മേളനത്തിൽ കടുത്ത വിമർശനം കേൾക്കേണ്ടി വന്ന മന്ത്രിമാരാണ് കൂടുതൽ ആശങ്കപ്പെടുന്നത്. മന്ത്രിസഭയിൽ നിന്നു ചിലർക്കു സ്വയംവിരമിക്കൽ നൽകി പകരക്കാരെ ഇറക്കണമെന്നായിരുന്നു സമ്മേളനത്തിലെ ചർച്ചയുടെ പൊതുവികാരം. പല മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി എംഎൽഎമാർ ഉൾപ്പെടെ രംഗത്തുവന്നു. ഇതോടെ കൂടുതൽ നിരീക്ഷണം മന്ത്രിമാർക്ക് മേലാകും. ഇത് അവർക്ക് സമ്മർദ്ദങ്ങൾക്ക് ഇടയാക്കുമെന്നതും ഉറപ്പാണ്.

മന്ത്രിമാരുടെ പ്രവർത്തനം നേരത്തേ രണ്ടുതവണ സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. അന്നു ചൂണ്ടിക്കാണിച്ച പോരായ്മകൾ പരിഹരിക്കപ്പെട്ടിട്ടില്ലെന്നു സമ്മേളനത്തിലെ ചർച്ച സൂചിപ്പിക്കുന്നു. കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജനെ തിരിച്ചുകൊണ്ടുവരുന്നതിനൊപ്പം സംഘടനാരംഗത്തുള്ള ചിലരെക്കൂടി മന്ത്രിസഭയിലെടുക്കണമെന്ന് അഭിപ്രായമുയർന്നതോടെ കസേര തെറിക്കാൻ സാധ്യതയുള്ളവരെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നുതുടങ്ങി.

സമ്മേളനത്തിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീലിനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കുമാണ്. ആരോഗ്യ വകുപ്പ് കുത്തഴിഞ്ഞു കിടക്കുകയാണെന്ന് പ്രതിനിധികൾ വിമർശിച്ചു. ഉദ്യോഗസ്ഥ ഭരണമാണ് വകുപ്പിൽ. മന്ത്രിക്ക് ദൈനംദിന കാര്യങ്ങളിൽ കാര്യക്ഷമമായി ഇടപെടാൻ കഴിയുന്നില്ല. മന്ത്രിയുടെ സ്റ്റാഫിലുള്ളവരുടെ പ്രവർത്തനം മോശമാണെന്നും വിമർശനമുണ്ടായി.

സ്വാശ്രയ ഫീസ് വിഷയത്തിലും ആരോഗ്യമന്ത്രിക്കു വിമർശനം നേരിടേണ്ടിവന്നു. ഇടതു സർക്കാർ ഭരിക്കുമ്പോൾ, മികച്ച മാർക്കുണ്ടായിട്ടും യോഗ്യതയുണ്ടായിട്ടും പണമില്ലാത്ത കുട്ടികൾക്ക് പഠിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുന്നതു സർക്കാരിനു ഭൂഷണമാണോയെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ് ചോദിച്ചു. ഇവിടെ ഇരിക്കുന്ന നേതാക്കൾ എസ്എഫ്‌ഐയിലൂടെ വളർന്നു വന്നവരാണ്. സ്വാശ്രയ വിഷയത്തിൽ ആരോഗ്യവകുപ്പ് സ്വീകരിച്ച നിലപാടുകളിലൂടെ സംഘടനയുടെ പ്രതിച്ഛായക്ക് കോട്ടമുണ്ടായി. ക്രിയാത്മക ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും ജെയ്ക് പറഞ്ഞു. തൃശൂർ ജില്ലയിലെ പ്രതിനിധികളും തിരുവനന്തപുരത്തെ പ്രതിനിധികളും ആരോഗ്യമന്ത്രിയെ വിമർശിച്ചു.

സിപിഎം സ്വതന്ത്രനായിരുന്ന കെ.ടി.ജലീലിനെ മന്ത്രിയാക്കിയതിനെ അഞ്ചു ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ വിമർശിച്ചു. മന്ത്രിയെന്ന നിലയിൽ ജലീലിന്റെ പ്രവർത്തനം മോശമാണ്. ജനപ്രതിനിധികളും ജനവും ഏറ്റവും ആശ്രയിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം കുത്തഴിഞ്ഞനിലയിലാണ്. ഉദ്യോഗസ്ഥരുടെ പെരുമാറ്റം മോശമാണ്. അവരെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ല. പദ്ധതികളുടെ പ്രവർത്തനം താളംതെറ്റി. ശത്രുക്കളോട് പെരുമാറുന്നതുപോലെയാണ് ഉദ്യോഗസ്ഥർ പെരുമാറുന്നതെന്നും ഭരണമില്ലാത്തപ്പോൾ പോലും ഈ അവസ്ഥ ഉണ്ടായിട്ടില്ലെന്നും വിമർശനമുയർന്നു.

സർക്കാരിന്റെ പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കുകയാണു പാർട്ടിയുടെ അടുത്ത ദൗത്യം. കുളം- തോട് നവീകരണം മുതൽ കിടപ്പുരോഗികളെ ചികിൽസിക്കാൻ വരെ പദ്ധതിയുണ്ട്. ജനങ്ങളും പാർട്ടിയും തമ്മിലുള്ള ബന്ധം ഇല്ലാതാകുന്നുവെന്നും പാവപ്പെട്ടവരുടെ പാർട്ടി അല്ലാതാവുന്നെന്നും നേതൃത്വം തിരിച്ചറിയുന്നു.

കണ്ണൂരിൽ ഷുഹൈബ് കൊല്ലപ്പെട്ട സംഭവം പാർട്ടിക്കുണ്ടാക്കിയ പ്രതിസന്ധി ചില്ലറയല്ല. കേസന്വേഷണം പുരോഗമിക്കുംതോറും പാർട്ടി അതിൽ നിന്നു കൈകഴുകാൻ നന്നേ വിയർക്കും. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പു വരും. ചെങ്ങന്നൂർ നിലനിർത്താനായില്ലെങ്കിൽ ഭരണപരാജയമെന്ന പഴി കേൾക്കേണ്ടിവരും. അതു കൂടി മുന്നിൽ കണ്ടാണ് മാണിയെ മുന്നണിയിൽ എത്തിക്കാനുള്ള നീക്കം നടക്കുന്നത്.