തൃശ്ശൂർ: സിപിഎം നേതാക്കളുടെ മക്കളുമായി ബന്ധപ്പെട്ട വാർത്തകളാണ് അടുത്തകാലത്തായി മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളായി ബിനോയി, ബിനീഷ് കോടിയേരിമാരുടെ സാമ്പത്തിക ഇടപാടുകളായിരുന്നു വിവാദമായത്. ബിനോയി നടത്തിയ കോടികളുടെ ഇടപാടുകൾ വലിയ കാര്യമല്ലെന്ന വിധത്തിലാണ് സഹോദരൻ ബിനീഷ് അവതരിപ്പിച്ചത്. ഇത് കൂടാതെ നിയമസഭയിലുള്ള എംഎൽഎമാരിൽ കോടീശ്വരന്മാരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത് ഇടതു പക്ഷത്തിന്റെ എംഎൽഎമാരാണ്. ഇവരെ കെട്ടിയിറക്കി സീറ്റ് നൽകിയതും സിപിഎം തന്നെയായിരുന്നു.

ഇപ്പോൾ തൃശ്ശൂരിൽ സമ്മേളനം നടക്കുമ്പോൾ പാവങ്ങൾ സിപിഎമ്മിനെ കൈവിടുന്നു എന്ന ബോധം അണകൾക്കുണ്ടെന്ന് വ്യക്തമാക്കി പ്രവർത്തന റിപ്പോർട്ട്. പാവങ്ങളിൽ മഹാ ഭൂരിപക്ഷവും പാർട്ടിക്കൊപ്പമുണ്ടായിരുന്നതാണ്. എന്നാൽ അതിൽ മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നുവെന്നും സിപിഎം പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ഇ മാറ്റം ഗൗരവമായി പരിശോധിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. കാലങ്ങൾ മുന്നോട്ടുപോകുന്നതനുസരിച്ച പാർട്ടി അംഗങ്ങളുടെ എണ്ണം വർധിക്കുന്നുണ്ട്. എന്നാൽ ഗുണനിലവാരം അത്രയ്ക്ക് വർധിക്കുന്നില്ല. സിപിഎം ഒരു സ്വതന്ത്ര ശക്തിയായി വളരുന്നില്ല എന്നും പ്രവർത്തന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

പാവങ്ങളുമായി പാർട്ടി അകലുന്നു എന്ന റിപ്പോർട്ട് അവതരിപ്പിച്ചതാകട്ടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആണെന്നതും കൗതുകമായി. ബിനോയി കോടിയേരിയുടെ സാമ്പത്തിക ഇടപാടുകൾ തീർക്കാൻ എവിടെ നിന്നും പണം കിട്ടിയെന്ന ചോദ്യം ശക്തമായി ഉയരുന്ന വേളയിൽ തന്നെയാണ് പാവങ്ങൾ സിപിഎമ്മിൽ നിന്നും അകലുന്നു എന്ന റിപ്പോർട്ട് സിപിഎം സമ്മേളനത്തിൽ അവതരിപ്പിച്ചത്. പാവങ്ങളിൽ മഹാഭൂരിപക്ഷവും പാർട്ടിക്കൊപ്പം ഉണ്ടായിരുന്നതാണ്. എന്നാൽ അതിൽ വലിയ തോതിലുള്ള മാറ്റം വന്നുകൊണ്ടിരിക്കുന്നു. ഇത് ഗൗരവമുള്ള പ്രശ്നമായി കാണണം എന്നാണ് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നത്.

ബിജെപിയുടെ സ്വാധീനം വൻതോതിൽ വർധിച്ചുവരുന്നത് ഭീഷണിയാണ്. മതനിരപേക്ഷ പ്രചാരണവും ഒപ്പം തന്നെ ശാസ്ത്ര സാങ്കേതിക വിദ്യ അടക്കമുള്ള കാര്യങ്ങൾ പ്രചരിപ്പിച്ചും വർഗ സമരങ്ങൾ സംഘടിപ്പിച്ചും ബിജെപിയുടെ സ്വാധിനം ചെറുക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. എൽഡിഎഫിൽ സിപിഎം കഴിഞ്ഞാൽ സംസ്ഥാനമാകെ സ്വാധീനമുള്ള പാർട്ടി സിപിഐ ആണ്. മറ്റുപാർട്ടികൾക്കെല്ലാം അവരുടെ സ്വാധീനം ചില കേന്ദ്രങ്ങളിൽ മാത്രമാണ്. അതുകൊണ്ട് മുന്നണിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തിയേ മതിയാകൂ എന്നും റിപ്പോർട്ടിൽ പറയുന്നു.

പാർട്ടിയിൽ സ്ഥാനമാനങ്ങൾ നേടാൻ വ്യക്തിപരമായി കാണിക്കുന്ന ആഗ്രഹങ്ങൾ പാർട്ടിയുടെ സംഘടനാ തത്വങ്ങളുടെ ലംഘനമായി കലാശിക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. നേതൃത്വത്തിലുള്ള ഇത്തരം പ്രവണതകൾ താഴോട്ട് കിനിഞ്ഞിറങ്ങിയെന്ന പരാമർശവുമുണ്ട്. ഇതിന്റെ ദൂഷ്യങ്ങൾ ചില പ്രദേശങ്ങളിൽ നിലനിൽക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

2016ലെ തിരഞ്ഞെടുപ്പിലും സ്ഥാനമാനങ്ങൾ നേടിയെടുക്കാനുള്ള ശ്രമങ്ങൾ ചില പ്രശ്നങ്ങൾക്ക് വഴിവെച്ചു. ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ പാർട്ടി മുമ്പ് നൽകിയ സഹായങ്ങളും അംഗീകാരങ്ങളും അണികൾ മറക്കുകയാണ്. പാർട്ടിയെ ആകത്തന്നെ വെല്ലുവിളിക്കാനായി സ്ഥാനമാനങ്ങൾ നൽകാത്ത അവസരത്തെ ഇവർ ഉപയോഗിക്കുന്നു. പാർട്ടിയെ തകർക്കാനായി ഉപയോഗിക്കുന്നു. ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല. ബൂർഷ്വാ പാർട്ടികളിലേപ്പോലെയുള്ള ഇത്തരം പ്രവണതകൾ വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും പ്രവർത്തന റിപ്പോർട്ട് അടിവരയിട്ട് പറയുന്നു.

ക്ഷേമ പെൻഷനുകൾ വീടുകളിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കണം. കാലതാമസമില്ലാതെ പെൻഷനുകൾ വിതരണം ചെയ്യാൻ നടപടി വേണം. പി.എഫ്, വികലാംഗ പെൻഷൻ, അഗതി, സ്വയം പര്യാപ്തത ക്ഷേമ പെൻക്ഷൻ കാർക്ക് രണ്ടാമത് ഒരു സോഷ്യൽ സെക്യൂരിറ്റി പെൻഷന് അവകാശമുണ്ടാകും. രണ്ടാമത്തെ പെൻഷൻ 600 രൂപയായിരിക്കും. ഇപ്പോൾ 600 രൂപ പെൻഷൻ ലഭിക്കുന്നവർക്ക് രണ്ടാമത്തെ പെൻഷൻ ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.