- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bharath
- /
- Tamil Nadu
ചെങ്കടലായി മാറി കിഴക്കിന്റെ വെനീസ്; സംസ്ഥാന സമ്മേളന പ്രതിനിധികളെ സ്വാഗതം ചെയ്യാനൊരുങ്ങി ആലപ്പുഴ; പതാക ജാഥ 19ന് ജില്ലയിലെത്തും
ആലപ്പുഴ: മറ്റൊരു വീരേതിഹാസമൊരുക്കാൻ തയ്യാറെടുക്കുകയാണ് ആലപ്പുഴ. ചെമ്പട്ടു പുതച്ച കിഴക്കിന്റെ വെനീസ് സംസ്ഥാന സമ്മേളന പ്രതിനിധികളെ സ്വീകരിക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പുകളിലാണ്. സിപിഐ എം സംസ്ഥാനസമ്മേളനം ഐതിഹാസികമാക്കി ചരിത്രത്തിൽ ഇടംനേടാനുള്ള ശ്രമത്തിലാണ് ആലപ്പുഴ. നാലുദിവസംനീളുന്ന സമ്മേളനം പ്രസ്ഥാനത്തിന്റെ മുന്നേറ്റത്ത
ആലപ്പുഴ: മറ്റൊരു വീരേതിഹാസമൊരുക്കാൻ തയ്യാറെടുക്കുകയാണ് ആലപ്പുഴ. ചെമ്പട്ടു പുതച്ച കിഴക്കിന്റെ വെനീസ് സംസ്ഥാന സമ്മേളന പ്രതിനിധികളെ സ്വീകരിക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പുകളിലാണ്. സിപിഐ എം സംസ്ഥാനസമ്മേളനം ഐതിഹാസികമാക്കി ചരിത്രത്തിൽ ഇടംനേടാനുള്ള ശ്രമത്തിലാണ് ആലപ്പുഴ.
നാലുദിവസംനീളുന്ന സമ്മേളനം പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിൽ നാഴികക്കല്ലാക്കി മാറ്റാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ആയിരക്കണക്കിനു പ്രവർത്തകർ. ഇരുപത്തിയാറു വർഷത്തിനുശേഷം ആലപ്പുഴനഗരം ആതിഥ്യമരുളുന്ന സംസ്ഥാനസമ്മേളനം ചരിത്രവിജയമാക്കാനുള്ള ഒരുക്കം എവിടെയും ആവേശത്തോടെയും തകൃതിയായും നടക്കുന്നു. പുന്നപ്ര-വയലാർ രണസ്മരണകൾ ഇരമ്പിയാർക്കുന്ന ആലപ്പുഴ ചുവന്നുതുടുത്തിരിക്കുകയാണ്.
പാറിപ്പറക്കുന്ന ചെങ്കൊടികളും നഗരവീഥികളാകെ രക്തവർണക്കടലാസുകളുടെ തോരണവും ആലപ്പുഴയെ ചെങ്കടലാക്കി മാറ്റിയിരിക്കുകയാണ്. സംസ്ഥാനസമ്മേളനത്തിൽ പങ്കെടുക്കുന്നതിനു സിപിഐ എം നേതാക്കൾ ആലപ്പുഴയിൽ എത്തിത്തുടങ്ങി. ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദാ കാരാട്ട്, എസ് രാമചന്ദ്രൻപിള്ള എന്നിവർ 19ന് നെടുമ്പാശ്ശേരി വഴി ആലപ്പുഴയിലെത്തും.
അവർക്ക് വിമാനത്താവളത്തിലും ആലപ്പുഴയിലും ജി സുധാകരൻ, സജി ചെറിയാൻ, സി ബി ചന്ദ്രബാബു, സി എസ് സുജാത, അഡ്വ. ബി രാജേന്ദ്രൻ, മനു സി പുളിക്കൽ, ആർ നാസർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. പിബി അംഗം എ കെ പത്മനാഭൻ 20നു രാവിലെ പത്തിന് എത്തിച്ചേരും. സംസ്ഥാനത്തെ കേന്ദ്രകമ്മിറ്റിയംഗങ്ങൾ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങൾ എന്നിവരെയും സ്വീകരിക്കും.
19ന് ഉച്ചകഴിഞ്ഞ് പ്രതിനിധികൾ എത്തിത്തുടങ്ങും. റെയിൽവേ സ്റ്റേഷനിലും, കെഎസ്ആർടിസി സ്റ്റാന്റിലും പ്രതിനിധികളെ സ്വീകരിക്കാൻ ബൂത്തുകൾ തുറന്ന് വളണ്ടിയർമാരും സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളുമുണ്ടാകും. വാഹനങ്ങളിൽ പ്രതിനിധികളെ താമസസ്ഥലത്തെത്തിക്കും. താമസസ്ഥലത്തും ഓരോ ജില്ലാ, ഏരിയ കമ്മിറ്റി അംഗങ്ങളെയും രണ്ടുമുതൽ അഞ്ചുവരെ വളണ്ടിയർമാരെയാകും നിയോഗിക്കുക.
സംസ്ഥാനസമ്മേളന നഗറിലേക്ക് കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്റെ നേതൃത്വത്തിൽ കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽനിന്നും എത്തുന്ന പതാകജാഥയ്ക്കു 19ന് ജില്ലയിൽ ഉജ്വലവരവേൽപ്പു നൽകും. രാവിലെ പത്തിനു ജില്ലയുടെ വടക്കേ അതിർത്തിയായ അരൂരിൽ പതാകജാഥ എത്തും. സ്വാഗതസംഘം ജനറൽ സെക്രട്ടറി ജി സുധാകരൻ എംഎൽഎ രക്തപതാക ഏറ്റുവാങ്ങി ആലപ്പുഴ ജില്ലാസെക്രട്ടറി സജി ചെറിയാനെ ഏൽപ്പിക്കും. തുടർന്ന് അത്‌ലീറ്റുകളുടെ നേതൃത്വത്തിൽ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിലേക്ക് പ്രയാണമാരംഭിക്കും.
ആയിരക്കണക്കിനു ബഹുജനങ്ങൾ പങ്കെടുക്കും. തുടർന്നു നൂറുകണക്കിനു അത്‌ലീറ്റുകളുടെ അകമ്പടിയോടെ പതാക ജാഥ ആലപ്പുഴയിലേക്ക് പ്രയാണമാരംഭിക്കും. അരൂർ ഏരിയയിലെ 1000 ചുവപ്പ് സേനാംഗങ്ങൾ സല്യൂട്ട് നൽകും. വയലാർ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി ചേർത്തലയിൽ എത്തും. ഉച്ചഭക്ഷണത്തിനുശേഷം കഞ്ഞിക്കുഴി, മാരാരിക്കുളം വഴി ആലപ്പുഴ ടൗണിൽ പ്രവേശിക്കും.
വൈഎംസിഎ പാലത്തിലെത്തുന്ന പതാക ജാഥയെ വൻ ജനാവലിയുടെയും ചുവപ്പു സേനാംഗങ്ങളുടെയും അകമ്പടിയോടെ മുല്ലയ്ക്കൽ തെരുവുവഴി 5.30 ന് ഇ എം എസ് സ്റ്റേഡിയത്തിൽ എത്തിക്കും. തുടർന്നു സ്വാഗതസംഘം ജനറൽസെക്രട്ടറി ജി സുധാകരൻ എംഎൽഎ പൊതുസമ്മേളനഗറിൽ പതാക ഉയർത്തും. കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് അധ്യക്ഷനാകും. ജാഥാ ക്യാപ്റ്റന്മാരായ ഇ പി ജയരാജൻ, ആനത്തലവട്ടം ആനന്ദൻ എന്നിവർ സംസാരിക്കും. ആലപ്പുഴ ഏരിയ കമ്മിറ്റിയിലേയും, പുന്നപ്ര വടക്ക്, തെക്ക് ഗ്രാമപഞ്ചായത്തുകളിലെ നാലു ലോക്കൽ കമ്മിറ്റികളിലെയും ചുവപ്പ് സേനാംഗങ്ങൾ സല്യൂട്ട് നൽകും. ആലപ്പുഴ, അമ്പലപ്പുഴ ഏരിയ കമ്മറ്റികളിലെ നാലായിരത്തോളം പാർട്ടി അംഗങ്ങൾ പങ്കെടുക്കും.