ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സഹകരണ ബാങ്കുകളിൽ കള്ളപ്പണം ഉണ്ടെന്ന് കത്തെഴുതിയന്നെ വാർത്ത പുറത്തുവന്നത് സിപിഎമ്മിനെ വെട്ടിലാക്കി. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്ക് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം കത്തെഴുതിയെന്നായിരുന്നു പുറത്തുവന്ന വാർത്ത. ഈ വാർത്തയ്ക്ക് പിന്നാലെ സിപിഎമ്മിനെതിരെ ബിജെപി പ്രചരണം ശക്തമാക്കിയതോടെ വിശദീകരണവുമായി സിപിഐ(എം) നേതാക്കൾ രംഗത്തെത്തി. പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം കത്തെഴുതി എന്ന പ്രചരണം വ്യാജമാണെന്നും യഥാർത്ഥ വിഷയങ്ങളിൽ നിന്നും ഒളിച്ചോടാനാണ് നുണകൾ പ്രചരിപ്പിക്കുന്നതെന്നും പിബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.

ധനമന്ത്രി അരുൺ ജയ്റ്റ്‌ലിക്ക് കത്തെഴുതിയെന്ന വാർത്ത പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിമും നിഷേധിച്ചു. ഒരു ബാങ്കിൽ തൃണമൂൽ നേതാക്കൾ കള്ളപ്പണ നിക്ഷേപം നടത്തിയെന്ന പ്രസ്താവനയെ സാമാന്യവത്കരിക്കരുത്. സഹകരണ ബാങ്കുകളെ സംരക്ഷിക്കാൻ പാർട്ടി ഒറ്റക്കെട്ടായി പോരാടുമെന്നും മുഹമ്മദ് സലീം വ്യക്തമാക്കി.

ജയ്റ്റ്‌ലിക്ക് കത്തെഴുതിയിട്ടില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം പറഞ്ഞു. റായ്ഗഞ്ചിലെ തൃണമൂൽ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ നോട്ട് നിരോധനം വന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ 58 കോടി രൂപ നിക്ഷേപം വന്നു എന്ന് വാർത്താ സമ്മേളന്നതിൽ തെളിവു സഹിതം ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നും മുഹമ്മദ് സലിം പറഞ്ഞു.

അതിന്റെ അടിസ്ഥാനത്തിൽ ആദായനികുതി വകുപ്പ് ആ ബാങ്കിൽ പരിശോധന നടത്തുകയും ചെയ്തു. ഒരു ബാങ്കിന്റെ കാര്യം പേരെടുത്ത് പറഞ്ഞ് ചൂണ്ടിക്കാട്ടിയതിനെ സാമാന്യവൽക്കരിക്കുന്നത് ശരിയല്ല. പാവപ്പെട്ടവരുടെയും കർഷകരുടെയും അത്താണിയായ സഹകരണ ബാങ്കുകളെ സംരക്ഷിക്കാൻ പാർട്ടി ഒറ്റക്കെട്ടായി പോരാടുമെന്നും മുഹമ്മദ് സലീം പറഞ്ഞു. സഹകരണ ബാങ്കുകളുടെ കാര്യത്തിൽ പാർട്ടിയിൽ ഭിന്നതയെന്ന് തരത്തിൽ ചില മാദ്ധ്യമങ്ങൾ നടത്തുന്ന പ്രചരണം ദുരുദ്ദേശപരമാണെന്നും മൂഹമ്മദ് സലീം പറഞ്ഞു.

അതോസമയം സഹകരണ മേഖലയിലെ പ്രശ്‌നം പരിഹരിക്കാമെന്ന കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ വാക്കിൽ വിശ്വാസമില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പ്രതികരിച്ചു. പ്രതിസന്ധിക്കെതിരെ പ്രക്ഷോഭം ശക്തമാക്കും. സഹകരണ ബാങ്കുകളിലെ നിക്ഷേപം വിദേശബാങ്കുകളിൽ എത്തിക്കാനാണ് കേന്ദ്രസർക്കാർ നീക്കമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്ര നിലപാടിനെതിരെ പ്രതിപക്ഷ പാർട്ടികളുമായി ചർച്ചചെയ്ത് സമരപരിപാടികൾക്ക് രൂപം നൽകും. ഇതിനായി ഡൽഹിയിൽ നാളെ വൈകിട്ട് പ്രത്യേകയോഗം ചേരുമെന്നും സിതാറാം യച്ചൂരി വ്യക്തമാക്കി.