തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയി കോടിയേരിക്കെതിരായ സാമ്പത്തിക ആരോപണങ്ങൾ സർക്കാറിന്റെയും പാർട്ടിയുടെയും പ്രതിച്ഛായയെ ബാധിക്കുന്ന വിധത്തിൽ കാര്യങ്ങളെത്തിയതോടെ മറുപടിയുമായി സിപിഎം രംഗത്ത്. ബിനോയിക്കെതിരായ ആരോപണങ്ങൾ തള്ളിയ സിപിഎം കോടിയേരിക്കും മകനും പൂർണ പിന്തുണ നൽകി. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ കോടിയേരി തെളിവുകൾ നിരത്തി വ്യക്തമാക്കിയതോടെയാണ് സിപിഎം വിശദീകരണവുമായി രംഗത്തെത്തിയത്. സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപണങ്ങൾ പൂർണമായും തള്ളി.

2003 മുതൽ ദുബായിൽ ജീവിച്ചു വരുന്ന ബിനോയിക്കെതിരെ ദുബായിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനം ഉന്നയിച്ചുവെന്ന് പറയപ്പെടുന്ന ആരോപണത്തെ അടിസ്ഥാനപ്പെടുത്തി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, സിപിഐ എമ്മിനുമെതിരെ ഒരു വിഭാഗം മാധ്യമങ്ങൾ ഉയർത്തുന്ന ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

ബിനോയിക്കെതിരെ സാമ്പത്തിക ഇടപാടിന്റെ പേരിൽ ഒരു കേസും ഇന്ത്യയിലൊരിടത്തും നിലവിൽ ഇല്ല. തന്റെ പേരിൽ ദുബായിലും ഏതെങ്കിലും തരത്തിലുള്ള കേസുകളോ, യാത്രാവിലക്കോ നിലവിൽ ഇല്ലെന്ന് ബിനോയ് തന്നെ വ്യക്തമാക്കിയതാണ്. മറിച്ചാണെന്ന് തെളിയിക്കുന്ന ഒരു രേഖയും ഒരു മാധ്യമവും ഉദ്ധരിച്ചിട്ടില്ല. ദുബായിൽ നടന്ന സാമ്പത്തിക ഇടപാട് സംബന്ധിച്ച് പരാതികൾ ഉള്ളതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒരു വിദേശരാജ്യത്ത് നടന്നൂവെന്ന് പറയപ്പെടുന്ന സാമ്പത്തിക ഇടപാടിൽ കേരള സർക്കാരിനോ, കേരളത്തിലെ സിപിഎംനോ യാതൊന്നും ചെയ്യാനില്ല.

ഈ വസ്തുതകൾ മറച്ചുവെച്ച് കോടിയേരി ബാലകൃഷ്ണനും സിപിഎംനുമെതിരെ അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുകയും അതിൽ ചർച്ച സംഘടിപ്പിക്കുകയും ചെയ്യുന്നത് ദുരുദ്ദേശപരമാണ്. രണ്ട് കക്ഷികൾ തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച ഏതെങ്കിലും തർക്കമുണ്ടെങ്കിൽ അത് സിപിഐ എം നെ അടിക്കാനുള്ള വടിയായി ഉപയോഗിച്ചത് രാഷ്ട്രീയ ഗൂഢാലോചനയാണ്. മാധ്യമങ്ങൾ ഉന്നയിച്ച പ്രശ്‌നങ്ങളിൽ യാതൊരു ബന്ധവുമില്ലാത്ത, കോടിയേരി ബാലകൃഷ്ണന് എതിരെ ഉന്നയിക്കുന്ന ബാലിശമായ ആരോപണങ്ങൾ തള്ളിക്കളയണമെന്ന് സെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നതായും സിപിഎം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം ഫേസ്‌ബുക്കിലൂടെയും സിപിഎം വിഷയം വിശദീകരിച്ചു. ബിനോയി കോടിയേരിക്കെതിരെ മാധ്യമങ്ങൾ പടച്ചുവിട്ടത് കള്ളക്കഥകളാണെന്ന് പറഞ്ഞു കൊണ്ടാണ് വിശദികരണം. ദുബായ് പൊലീസ് നൽകിയ ക്ലിയറൻസ് സർട്ടിഫിക്കറ്റുകളും സിപിഎം ഫേസ്‌ബുക്ക് പോസ്റ്റിൽ ഉൾപ്പെടുത്തി. സിപിഐഐം ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

'മനോ'ഹരമായ മറ്റൊരു കള്ളം കൂടി പൊളിയുന്നു. പതിവ് കമ്മ്യൂണിസ്റ്റ് വിരോധം വച്ച് സമ്മേളന കാലയളവിൽ മലയാള മാധ്യമ തമ്പുരാക്കന്മാർ പടച്ചുവിടുന്ന കള്ളക്കഥയിലെ അവസാനത്തെ ഏടായിരുന്നു ഇന്നലെ മാധ്യങ്ങൾ ആവേശത്തോടെ ചർച്ചയാക്കിയ കോടിയേരിയുടെ മകന്റെ പേരിലുള്ള സാമ്പത്തിക ക്രമക്കേട് എന്ന ആരോപണം.

ഇത് അടിസ്ഥാനമില്ലാത്ത കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ് ദുബായ് പൊലീസ് ബിനോയ് കോടിയേരിയുടെ പേരിൽ ഇന്ന് നൽകിയ പൊലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ്. ഈ സർട്ടിഫിക്കറ്റ് നൽകുന്നത് വരെയുള്ള തിയ്യതിയിൽ ബിനോയ് കോടിയേരിയുടെ പേരിൽ യാതൊരു കേസും ദുബായിൽ നിലവിലില്ലെന്ന് ദുബായ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ആക്ടിങ്ങ് ഡയറക്ടർ ജനറൽ സലീം ഖലീഫ അലി ഖലീഫ അൽ റുമൈത്തി നൽകിയ സർട്ടിഫിക്കറ്റിൽ പറയുന്നു.

ബിനോയി കോടിയേരിക്കെതിരേ ദുബായിയിൽ അഞ്ച് കേസുകൾ ഉണ്ടെന്നും അയാൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. എന്നാൽ, ബിനോയിക്കെതിരേ യുഎഇയിൽ ഒരിടത്തും കേസില്ലെന്നും പാർട്ടി വിശദീകരണത്തിൽ പറയുന്നു. ബിസിനസ് സംബന്ധമായി തർക്കങ്ങളെ തുടർന്ന് പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നൽകിയെന്നാണ് വാർത്തകൾ. എന്നാൽ, ഇത്തരത്തിൽ ഒരു പരാതി ലഭിച്ചിട്ടില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.

ദുബായിൽ സിവിൽ-ക്രിമിനൽ കേസുകൾ ഇല്ലെന്ന് സർട്ടിഫിക്കറ്റുകൾ

അതേസമയം 13 കോടിയുടെ സാമ്പത്തിക ക്രമക്കേട് ആരോപിക്കപ്പെട്ട ബിനോയ് കോടിയേരിക്ക് ദുബായ് പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചു. ബിനോയ് കോടിയേരി യുടെ അപേക്ഷയിലാണ് ദുബായ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. ബിനോയിക്കെതിരെ ക്രിമിനൽ കേസില്ലെന്നാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റിൽ പറയുന്നത്. ബിനോയ് കോടിയേരി ഈ സർട്ടിഫിക്കറ്റ് നൽകുന്നത് വരെ നല്ല സ്വഭാവത്തിന് ഉടമയാണെന്നാണ് പൊലീസ് രേഖയിൽ വ്യക്തമാക്കുന്നത്. സെൻട്രൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷനാണ് ബിനോയ് കോടിയേരിക്ക് ക്ലീൻചിറ്റ് നൽകിയിരിക്കുന്നത്. ബിനോയി കോടിയേരിക്കെതിരെ കേസുകളൊന്നുമില്ലെന്ന് ദുബായ് കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ബിനോയിക്കെതിരെ ഒരു കേസും ഇതുവരെ വന്നിട്ടില്ലെന്ന് ദുബായ് കോടതി രേഖകളും വ്യക്തമാക്കുന്നു.

ബിനോയിക്കെതിരെ യാതൊരുവിധ കേസുകളും നിലവിൽ ഇല്ലെന്ന് ദുബായ് പൊലീസും വ്യക്തമാക്കിയിരുന്നു. ജനുവരി 25ന് ദുബായ് പൊലീസ് പ്രസിദ്ധീകരിച്ച ക്ലിയറൻസ് സർട്ടിഫിക്കറ്റിലാണ് ബിനോയിക്കെതിരെ ഇതുവരെ കേസുകളോ പരാതികളോ നിലനിൽക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. ദുബായ് പൊലീസ് കുറ്റാന്വേഷണവിഭാഗമാണ് സർട്ടിഫിക്കറ്റ് അനുവദിച്ചിരിക്കുന്നത്.

നേരത്തെ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് ബിനോയ് കോടിയേരി രംഗത്തെത്തിയിരുന്നു. നിലവിൽ തനിക്കെതിരെ കേസില്ലെന്ന് ബിനോയ് വ്യക്തമാക്കിയിരുന്നു. ദുബായിൽ പോകാൻ വിലക്കില്ലെന്നുമാണ് ബിനോയ് വിശദീകരിച്ചത്. നവംബർ മാസത്തിൽ സിവിൽ കേസിന്റെ ആവശ്യത്തിനായി ദുബായ് കോടതിയിൽ പോയിരുന്നതായും ബിനോയ് മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. ഇത്തരത്തിലുള്ള കേസ് 2017ൽ തന്നെ ഒത്തുതീർപ്പാക്കിയതാണെന്നായിരുന്നു ബിനോയിയുടെ വിശദീകരണം.

മകൻ ബിനോയ് കോടിയേരിയുടെ പണമിടപാട് സംബന്ധിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിശദീകരിച്ചതും പ്രസ്തുത സർട്ടിഫിക്കറ്റ് ചൂണ്ടിക്കാട്ടിയാണ്. മകനെതിരെ നിലവിൽ ദുബായിൽ കേസൊന്നുമില്ലെന്നും, ദുബായിൽ പോകാൻ തടസ്സങ്ങളൊന്നുമില്ലെന്നും, സാമ്പത്തിക ഇടപാടുകളെല്ലാം നേരത്തെ പരിഹരിച്ചതാണെന്നും കോടിയേരി വ്യക്തമാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ദുബൈയിൽ 13 കോടിയുടെ പണം തട്ടിപ്പ് നടത്തിയെന്ന് പരാതിയുമായി വിദേശ കമ്പനിയാണ് രംഗത്തെത്തിയത്. ദുബൈയിലെ ജാസ് ടൂറിസം എൽ.എൽ.സി എന്ന കമ്പനി ഉടമ യു.എ.ഇ സ്വദേശി ഹസൻ ഇസ്മാഈൽ അബ്ദുല്ല അൽമർസൂക്കിയുടേതാണ് സിപിഎം നേതൃത്വത്തിന് നൽകിയ പരാതി.

നേരത്തെ മകന്റെ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സിപിഐ.എം നേതാവുമായി ചർച്ചകൾ നടത്തിയിരുന്നെന്നും പണം തിരിച്ച് നൽകാമെന്ന് നേതാവ് ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ലെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. പണം തിരികെ നൽകിയില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നായിരുന്നു കമ്പനിയുടെ വാദം. ഒരു ഔഡി കാർ വാങ്ങുന്നതിന് 53.61 ലക്ഷം ഈടുവായ്പയും ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 7.7 കോടി രൂപയും നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടിൽ നിന്നു നൽകിയെന്നാണ് ദുബായ് കമ്പനി പറയുന്നത്.

ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപ് തിരിച്ചുനൽകുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തുകയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. ആ സമയത്ത അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമേ 36.06 ലക്ഷമായിരുന്നെന്നും ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്കെന്നും റിപ്പോർട്ട് പറയുന്നു. തിരിച്ചടവിനത്തിൽ കഴിഞ്ഞ മെയ് 16 നു നൽകിയ രണ്ടു കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. നേതാവിന്റെ മകൻ ഒരു വർഷത്തിലേറെയായി ദുബായിൽനിന്നു വിട്ടുനിൽക്കുന്നതായാണ് വാർത്തകൾ.