കണ്ണൂർ: സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സംഘടനാപരമായി ഏറ്റവുമധികം ശക്തിയുള്ള മേഖലയാണ് കണ്ണൂർ ജില്ല. അതുകൊണ്ട് തന്നെ ഇവിടത്തെ ചെറിയ കാര്യങ്ങൾ പോലും പാർട്ടി ഗൗരവത്തോടെ കാണും. ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തിൽ സംഘടനാ സംവിധാനം മെച്ചപ്പെടുത്തിക്കൊണ്ട് മുന്നോട്ടു പോകുകയാണ് പാർട്ടി. ഇതിനിടെ പാർട്ടിയെ വെട്ടിലാക്കി അഴിമതി ആരോപണവും പുറത്തായി. സിപിഎമ്മിന്റെ ഉടമസ്ഥതയിലുള്ള സഹകരണ ആശുപത്രി സ്വകാര്യ വ്യക്തിക്ക് വിൽപ്പന നടത്തി പണം പോക്കറ്റിലാക്കിയ സംഭവത്തിൽ സിപിഎം സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ അടക്കമുള്ളവർക്കെതിരെ നടപടി കൈക്കൊണ്ടത് പാർട്ടിയെ പ്രതിരോധധത്തിലാക്കി.

സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ട് മൂന്ന് നേതാക്കൾക്കെതിരെയാണ് പാർട്ടി നടപടി കൈക്കൊണ്ടത്. ടി.കൃഷ്ണനെ കൺട്രോൾ കമ്മിഷൻ ചെയർമാൻ സ്ഥാനത്തു നിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്‌ത്താനും ജില്ലാ കമ്മിറ്റി അംഗം വി.ജി.പത്മനാഭനെ താക്കീതു ചെയ്യാനും പേരാവൂർ ഏരിയ കമ്മിറ്റി അംഗം കെ.പി.സുരേഷ്‌കുമാറിനെ കോളയാട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കാനും സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. നടപടി സംബന്ധിച്ച വിവരം സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു.

കണ്ണൂർ ജില്ലയിലെ പേരാവൂരിൽ 2010ലാണു ജനങ്ങളിൽ നിന്ന് ഓഹരി പിരിച്ചു സഹകരണ ആശുപത്രി ആരംഭിച്ചത്. നഷ്ടത്തിലാണെന്നു പറഞ്ഞു മൂന്നു വർഷം മുൻപു 4.10 കോടി രൂപയ്ക്ക് ആശുപത്രി സ്വകാര്യവ്യക്തിക്കു വില്ക്കുകയായിരുന്നു. സംഘം നേരിട്ടു നടത്തിയ വിൽപന സഹകരണ വകുപ്പു റദ്ദാക്കിയതിനെ തുടർന്നു പിന്നീടു ലേലം നടത്തിയാണ് ഇടപാട് നടത്തിയത്. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അനുമതിയില്ലാതെ നടന്ന വിൽപനയിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. മൂന്ന് നേതാക്കൾ ചേർന്നാണ് തീരുമാനം കൈക്കൊണ്ടത് എന്നതായിരുന്നു ആക്ഷേപം.

ആശുപത്രി ഭരണസമിതിയുടെ മുൻ പ്രസിഡന്റുമാരായ ടി.കൃഷ്ണനും വി.ജി.പത്മനാഭനും ആശുപത്രി നടത്തിപ്പിനു വേണ്ടി സിപിഎം ജില്ലാ കമ്മിറ്റി നിയോഗിച്ച സബ് കമ്മിറ്റി അംഗങ്ങളായിരുന്നു. വിൽപന നടക്കുന്ന സമയത്തു സുരേഷ്‌കുമാർ ആയിരുന്നു പ്രസിഡന്റ്. ആശുപത്രി 4.10 കോടി രൂപയ്ക്കു വിറ്റതായാണു രേഖകളെങ്കിലും യഥാർഥ വിൽപന നടന്നത് 5.20 കോടി രൂപയ്ക്കാണെന്നും രേഖകളിലില്ലാത്ത ഈ തുക കൈകാര്യം ചെയ്തതിൽ ക്രമക്കേടു നടന്നിട്ടുണ്ടെന്നുമായിരുന്നു പ്രധാന ആരോപണം. ഈ പണം പാർട്ടിയിലേക്ക് എത്തിയില്ലെന്ന ആരോപണത്തോടെയാണ് വിവാദം സജീവമാകുന്നത്.

വ്യാജസർട്ടിഫിക്കറ്റ് കേസിൽ പിടിയിലായ വിവാദസംരംഭകനു വേണ്ടിയാണ് ആശുപത്രി തിരക്കിട്ടു വിൽപന നടത്തിയതെന്നും ആരോപണമുയർന്നു. ലേലത്തിൽ പങ്കെടുക്കാനെത്തിയ കർണാടകയിലെ വ്യവസായ ഗ്രൂപ്പിനു ലേലത്തിൽ നിന്നു വിട്ടുനിൽക്കാൻ 38 ലക്ഷം രൂപ നൽകിയതായും ആരോപണമുണ്ടായി. ആശുപത്രി വിൽപനയിൽ ഗുരുതര വീഴ്ചയുണ്ടായതായി പാർട്ടിയുടെ അന്വേഷണ കമ്മിഷൻ അംഗങ്ങളായ ജയിംസ് മാത്യു എംഎൽഎ, പി.ഹരീന്ദ്രൻ എന്നിവർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് അച്ചടക്ക നടപടി.

വർഷങ്ങളോളം സിപിഎം സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗമായിരുന്ന ടി.കൃഷ്ണൻ 2015ൽ ആലപ്പുഴയിലെ സംസ്ഥാന സമ്മേളനത്തിലാണു ചെയർമാനായത്. ഈ വർഷം തൃശൂർ സമ്മേളനത്തിൽ വീണ്ടും ചെയർമാനായി. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റാണ്. ബോക്‌സ് സിപിഎം സംസ്ഥാന നേതൃത്വം കൈമാറുന്ന പരാതികൾ പരിശോധിക്കാനും, കീഴ്ഘടകങ്ങൾ എടുക്കുന്ന അച്ചടക്ക നടപടികൾക്കെതിരായ അപ്പീൽ പരിഗണിക്കാനുമുള്ള സമിതിയാണു കൺട്രോൾ കമ്മിഷൻ.

അതേസമയം കണ്ണൂരിലെ പാർട്ടിയിൽ നിന്നും അഴിമതിയുടെ വാർത്ത പുറത്തുവന്നത് സിപിഎമ്മിനെ ക്ഷീണിപ്പിച്ചിട്ടുണ്ട്. പണം ഇടപാടിലെ ക്രമക്കേടാണ് നടന്നതെന്നതിനാൽ പൊലീസ് നടപടി വേണമെന്ന ആവശ്യം ഒരു വശത്തും നിന്നും ശക്തമായി ഉയരുന്നുമുണ്ട്. ഇക്കാര്യം രാഷ്ട്രീയ എതിരാളികളും ഉന്നയിക്കാനുള്ള സാധ്യത കൂടുതലാണ് താനും.