കണ്ണൂർ: പാർട്ടിക്ക് വേണ്ടി എങ്ങനെ പണമുണ്ടാക്കണമെന്നും അണികൾക്ക് തൊഴിൽ നൽകാൻ സഹകരണ സംഘങ്ങൾ എങ്ങനെ കെട്ടിപ്പെടുത്തണം എന്നുമുള്ള കാര്യം കണ്ണൂരിലെ സി.പി.എം സഖാക്കളെ പോലെ മറ്റാർക്കും അറിയില്ല. അതുകൊണ്ട് തന്നെ പണം വരുന്ന വഴിയെ കുറിച്ച് ശരിക്കും ബോധവും അവർക്കുണ്ട്്. ഏറ്റവും ഒടുവിൽ രാജ്യത്ത് ഇസ്ലാമിക് ബാങ്കിംഗിന് ഇതുവരെ അംഗീകാരമായിട്ടില്ലെങ്കിലും സഹകരണ രംഗത്ത് പലിശഹിത ഇസ്ലാമിക ബാങ്കിന് കണ്ണൂരിൽ തുടക്കം കുറിച്ചിരിക്കയാണ് സി.പി.എം. ഇക്കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഡിവൈഎഫ്ഐ. ജില്ലാ പ്രസിഡന്റ് എം.ഷാജർ കോ-ഓഡിനേറ്ററും കോൺഗ്രസ്സിൽനിന്ന് രാജിവെച്ച മുൻ ഡി.സി.സി. സെക്രട്ടറി ഒ.വി.ജാഫർ ചെയർമാനുമായ ന്യൂനപക്ഷ സാംസ്‌കാരിക കോ-ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാജ്യത്തെ ആദ്യ പലിശരഹിത സഹകരണ ബാങ്കിന് തുടക്കമിടുന്നതെന്നാണ് വാർത്ത.

കണ്ണൂർ ജില്ലയിലെ 21 ന്യൂനപക്ഷ സാംസ്‌കാരിക സമിതികൾ ഉൾപ്പെട്ടതാണ് കോ ഓർഡിനേഷൻ കമ്മിറ്റി. മുസ്ലിം ന്യൂനപക്ഷത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെയും ട്രസ്റ്റുകളുടെയും സംയുക്തസമിതിയാണിത്. പലിശ സംവിധാനത്തിന് മതപരമായി എതിർപ്പുള്ള സംഘടനകൾ ഒത്തുചേർന്നാണ് സഹകരണ സംഘത്തിന് തുടക്കം കുറിക്കുന്നത്. സിപിഎമ്മിന്റെ പിന്തുണയോടെയാണ് പ്രവർത്തനം. പല മുസ്ലിം രാജ്യങ്ങളിലും ഇസ്ലാമിക ബാങ്കുകൾ നന്നായി പ്രവർത്തിച്ച് വരുന്നുണ്ട്. നിക്ഷേപത്തിന് പലിശ എന്ന സംവിധാനം ഇത്തരത്തിലുള്ള ബാങ്കിന്റെ രീതിയല്ല. കേരളത്തിൽ ഇസ്ലാമിക ബാങ്ക് തുടങ്ങാനുള്ള പദ്ധതി നേരത്തെ ഉണ്ടായിരുന്നെങ്കിലും നടന്നില്ല.

കോ-ഓർഡിനേഷൻ കമ്മിറ്റിക്ക് കീഴിലുള്ള വ്യക്തികളുടെയും സ്ഥാപനത്തിന്റെയും നിക്ഷേപങ്ങൾ സ്വീകരിച്ച് തുടങ്ങുന്ന സഹകരണ സംഘം ആ പണം ചെറുകിട ഹോട്ടൽ പോലുള്ള സംരംഭങ്ങൾ മുടക്കി മറ്റുള്ളവർക്ക് തൊഴിലും വരുമാനവും ഉണ്ടാക്കുകയാണ് ലക്ഷ്യം. ലാഭവിഹിതത്തോടൊപ്പം പലിശരഹിത കടങ്ങളും അംഗങ്ങൾക്ക് നൽകാൻ പറ്റും. ഇസ്ലാമിക സഹകരണ ബാങ്കിന്റെ സാധ്യതയെ കുറിച്ച് നന്നായി പഠിച്ചശേഷമാണ് പദ്ധതി തുടങ്ങുന്നതെന്ന് എം.ഷാജർ പറഞ്ഞു. സഹകരണവകുപ്പിന്റെ അംഗീകാരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക ബാങ്ക് തുടങ്ങാനുള്ള ആവശ്യം റിസർവ് ബാങ്കിനോട് ഉന്നയിച്ച ഏക സംസ്ഥാനം കേരളമാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് ഈ നിർദ്ദേശം റിസർവ് ബാങ്കിന് മുന്നിൽ വെച്ചെങ്കിലും അതിൽ നിയമപ്രശ്നങ്ങൾ ഉള്ളതിനാൽ തള്ളുകയായിരുന്നു. 2011-ൽ അന്നത്തെ ധനമന്ത്രി ഡോ.തോമസ് ഐസകും ഇസ്ലാമിക ബാങ്ക് തുടങ്ങുന്ന കാര്യം ബജറ്റിൽ പറഞ്ഞിരുന്നു. പക്ഷേ, നടന്നില്ല.

നിലവിലെ നിയമമനുസരിച്ച് ഇസ്ലാമിക ബാങ്ക് തുടങ്ങാനാകില്ലെന്നും ഇതിനായി കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവരേണ്ടി വരുമെന്നും റിസർവ് ബാങ്ക് അറിയിച്ചിരുന്നു. അതേസമയം സഹകരണ സംവിധാനത്തിൽ പലിശരഹിത ബാങ്ക് നടപ്പാക്കാൻ പറ്റുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. സംസ്ഥാന സർക്കാരിന് അക്കാര്യത്തിൽ തീരുമാനമെടുക്കാവുന്നതാണ്.

ബാങ്കിങ് മേഖലയുമായി ബന്ധപ്പെടാത്ത ഇസ്ലാംമത വിശ്വാസികളെ ആകർഷിക്കാനാണ് ഇത്തരം സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നത്. ന്യൂനപക്ഷങ്ങൾക്കുള്ള സർക്കാർ ആനുകൂല്യങ്ങളെ കുറിച്ച് അറിയാൻ എല്ലാ ഏരിയാ കമ്മിറ്റികളിലും ഹെൽപ് ഡെസ്‌ക് ആരംഭിക്കാനും തീരുമാനമുണ്ട്. അന്തരിച്ച സി.പി.എം നേതാക്കളുടെ പേരിൽ ജില്ലയിലെ എല്ലാ ഏരിയകളിലും സിപിഎമ്മിനു സാംസ്‌കാരിക സമിതികളുണ്ട്. ഇവയുടെ നേതൃത്വത്തിൽ മാപ്പിളകലകളെ പ്രോത്സാഹിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചു മുസ്ലിം സമുദായത്തിനിടയിൽ സ്വാധീനം വർധിപ്പിക്കാനുള്ള കർമപദ്ധതിക്കു രണ്ടു വർഷം മുൻപു സി.പി.എം തുടക്കമിട്ടിരുന്നു. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ സെമിനാറുകളും സംഘടിപ്പിച്ചു. ഇതിനു പിന്നാലെയാണ് ഇസ്ലാമിക് ബാങ്കിങ്ങും നടപ്പാക്കുന്നത്.