തിരുവനന്തപുരം: നഗരത്തെ ത്രസിപ്പിക്കുന്ന റെഡ് വളണ്ടിയർ മാർച്ചും ജനലക്ഷങ്ങളുടെ മഹാറാലിയും പടർത്തുന്ന ആവേശജ്വാലയോടെ സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനം. സെൻട്രൽ സ്റ്റേഡിയത്തിൽ സമാപന സമ്മേളനം പൊളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറിയായി ആനാവൂർ നാഗപ്പനെ തെരഞ്ഞെടുത്തു. 45 അംഗ ജില്ലാ കമ്മിറ്റിയെയും തിങ്കളാഴ്ച സമാപിച്ച ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. ഏഴുപേർ പുതുമുഖങ്ങളാണ് .ആനാവൂർ നാഗപ്പൻ രണ്ടാം തവണയാണ് ജില്ലാ സെക്രട്ടറിയാവുന്നത്.

ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് 2016 മാർച്ചിലാണ് ആനാവൂർ നാഗപ്പനെ ജില്ലാ സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുത്തത്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം, കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ ആനാവൂർ പ്രവർത്തിച്ചുവരുന്നു. കുന്നത്തുകാൽ പഞ്ചായത്ത് പ്രസിഡന്റായും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥി യുവജന മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്തേക്കുവന്ന ആനാവൂർ കർഷകത്തൊഴിലാളി മേഖലയിലാണ് കേന്ദ്രീകരിച്ചത്. എണ്ണമറ്റ ഭൂസമരങ്ങൾക്ക് നേതൃത്വം നൽകി. നെയ്യാറ്റിൻകര താലൂക്കിൽ കുന്നത്തുകാൽ പഞ്ചായത്തിലെ ആനാവൂർ ദീപാസിലാണ് താമസം. ശശികലയാണ് ഭാര്യ. ദീപു, ദീപ എന്നിവർ മക്കൾ.

ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ: ഐ സാജു, എ എ റഹിം, കെ അൻസലൻ എംഎൽഎ, എം ജി മീനാംബിക, വി എസ് പത്മകുമാർ, ശശാങ്കൻ, അഡ്വ. ഷാജഹാൻ.