തിരുവനന്തപുരം: ഇന്ത്യയിൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് സിപിഐഎമ്മുകാർ സിന്ദാബാദ് വിളിക്കുന്ന കാലം ഏറെ അകലെയല്ലെന്നു കോൺഗ്രസ് പ്രവർത്തക സമിതിഅംഗം എ കെ ആന്റണി. വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പ് ബിജെപിക്ക് എതിരായ ഐക്യനിരയുടെ തുടക്കമാകുമെന്നും ആന്റണി തിരുവനന്തപുരത്തു പറഞ്ഞു. ചമ്പാരൻ സത്യഗ്രഹത്തിന്റെ നൂറാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.

ആർഎസ്എസിനെ ചെറുക്കാൻ തങ്ങൾക്കു മാത്രമേ കഴിയൂ എന്ന നിലയിലാണ് സിപിഐഎം ഇപ്പോൾ പ്രചാരണം നടത്തുന്നത്. അത് തെറ്റാണ്. ബിജെപിക്കും ആർഎസ്എസിനും എതിരേ ശക്തമായ നിലപാടെടുക്കാൻ കോൺഗ്രസിനു മാത്രമേ കഴിയൂ. ബംഗാളിൽ ഉൾപ്പെടെ സി.പി.എം തകർച്ച നേരിടുകയാണ്. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ നേരത്തെ ഉയർത്തിയ വിമർശനങ്ങൾ ആന്റണി ആവർത്തിച്ചു. കോൺഗ്രസിന് നേതാക്കൾ മാത്രം പോരെന്ന് അദ്ദേഹം ആവർത്തിച്ചു. ബൂത്ത് തലത്തിൽ ജനവിശ്വാസമുള്ള പ്രവർത്തകർ ഉണ്ടാകണമെന്ന് ആന്റണി അഭിപ്രായപ്പെട്ടു.

കോൺഗ്രസിൽ നേതാക്കൾ മാത്രം പോരാ അണികളും വേണമെന്നും ആന്റണി പറഞ്ഞു. തിരിച്ചടികൾ സ്വാഭാവികമാണ്. കോൺഗ്രസ് തിരിച്ചുവരും. അതിനായി ജനകീയ സമരങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കണം. നേതാക്കൾ പ്രസംഗങ്ങൾ നടത്തിപ്പോയിട്ടു കാര്യമില്ല. സമരങ്ങൾ ഏറ്റെടുത്താൽ മാത്രം പോരാ. സമരരംഗത്തുമുണ്ടാകണം. ചമ്പാരൻ സമരം ഇക്കാലത്തും മാകൃകയാണെന്നും ആന്റണി പറഞ്ഞു.