നിലമ്പൂർ: നിലമ്പൂർ എംഎ‍ൽഎ പിവി അൻവറിനെതിരെ പ്രകടനം നടത്തിയതിന്റെ പേരിൽ പുറത്താക്കിയ സിപിഎം പ്രവർത്തകനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട പാർട്ടി പ്രവർത്തകനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചു. കോടാലിപൊയിൽ കോളനിയിലെ പുതിയറ മുജീബി (44)നും കുടുംബത്തിനും നേരെയാണ് ലോക്ഡൗൺ ദിനമായ ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ആക്രമണമുണ്ടായത്. മുജീബിന്റെ ഭാര്യ ഹാജിറ (39) മക്കളായ ബാസിൽ (16). നിഷ്മ (9) എന്നിവർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിക്കാതെ അക്രമിസംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മുജീബിന്റെ ബന്ധുക്കളെത്തി വൈകുന്നേരം മൂന്നരയോടെയാണ് ഇവരെ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.വി അൻവറിനെ നിലമ്പൂരിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയാക്കിയതിനെതിരെ പ്രകടനം നടത്തിയ മൂന്നു പാർട്ടിപ്രവർത്തകരെ കോടാലിപൊയിലിൽ നിന്നും പുറത്താക്കിയിരുന്നു. ഇവരിൽ രണ്ടു പേരെ ഇക്കഴിഞ്ഞ മാർച്ചിൽ പാർട്ടിയിൽ തിരിച്ചെടുത്തു. ഒരേ കുറ്റം ചെയ്തവിരിൽ ഒരാളെ മാത്രം പുറത്തുനിർത്തുന്നത് ശരിയല്ലെന്നു കാണിച്ച് മുജീബടക്കമുള്ള പാർട്ടി പ്രവർത്തകർ പോത്തുകൽ ലോക്കൽ കമ്മിറ്റിക്കും എടക്കര ഏരിയാ കമ്മിറ്റിക്കും പരാതി നൽകിയിരുന്നു.

പരാതി സംബന്ധിച്ച് കഴിഞ്ഞ ദിവസം ഏരിയാ കമ്മിറ്റി ചർച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. ഇതിനു പിന്നാലെയാണ് ഇന്നലെ മുജീബിന്റെ വീടുകയറി കുടുംബത്തിനു നേരെ ആക്രമണമുണ്ടായത്. എംഎ‍ൽഎയുടെ സഹായിയായ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് മുജീബ് പറഞ്ഞു. അതേസമയം മുജീബ് അക്രമിച്ചെന്നാരോപിച്ച് ആനപ്പട്ടത്ത് ഷാനവാസ് നിലമ്പൂർ സ്വകാര്യാശുപത്രിയിൽ ചികിത്സതേടി.