കോഴിക്കോട്:മക്കൾ വിവാദത്തിൽ പ്രതിരോധത്തിലായിട്ടും, സിപിഎം സംസ്ഥാന നേതൃത്വത്തിൽ കോടിയേരി ബാലകൃഷ്ണന് എതിരില്ല.തൃശൂരിൽ തുടങ്ങുന്ന സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായുള്ള അവെയ്‌ലബിൾ പോളിറ്റ്ബ്യൂറോയും സെക്രട്ടറിയേറ്റിലും, സംസ്ഥാന സെക്രട്ടറിയായി ഒരു ടേം കൂടി കോടിയേരി ബാലകൃഷ്ണന് അനുവദിക്കണമെന്ന ധാരണയാണ് ഉണ്ടായത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ പിന്തുണയാണ് കോടിയേരിക്ക് തുണയായത്. തൃശൂരിലെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന എട്ട് കേന്ദ്രനേതാക്കളിൽ ജനറൽ സെക്രട്ടറി യെച്ചൂരി ഒഴികെയുള്ള ഏഴുപേരും കോടിയേരിക്ക് ഒപ്പമാണ്. മക്കൾക്ക് നേരെയുണ്ടായ ആരോപണങ്ങളിൽ മക്കളാണ് പരിഹരിക്കേണ്ടതും അഭിപ്രായം പറയേണ്ടതെന്നും അതിൽ കോടിയേരിയെ വലിച്ചിഴക്കേണ്ട കാര്യമില്‌ളെന്ന പിണറായിയുടെ നിലപാടാണ് സംസ്ഥാന സെക്രട്ടറിയേറ്റും അംഗീകരിച്ചത്. ഇതോടെ സമ്മേളനത്തിന്റെ പ്രധാന അജണ്ട എൽ.ഡി.എഫ് വികസനവും സംസ്ഥാന ഭരണവും തന്നെയായി മാറിയിരിക്കയാണ്. കെ.എം മാണിയെ എൽ.ഡി.എഫിൽ എടുക്കാൻ കഴിയുമോ എന്നതിന് ഈ സമ്മേളനത്തോടെ വ്യക്തതവരും.

ജില്ലാഘടകങ്ങളിൽനിന്ന് വന്ന റിപ്പോർട്ടുകളും കോടിയേരിക്ക് തുണയായി. കോടിയേരിയുടെ സെക്രട്ടറിയെന്ന രീതിയിലുള്ള ഇടപെടുലുകൾ വിജയിച്ചെന്നാണ് വിവിധ ജില്ലാസമ്മേളനങ്ങൾ വിലയിരുത്തിയത്. എറ്റുമുട്ടലിന് പോവാതെ ഉൾപാർട്ടി പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കുകയെന്ന കോടിയേരിയുടെ ശൈലിക്ക് സിപിഎം അണികളിൽ വലിയ പിന്തുണയാണ് കിട്ടിയത്. വെട്ടൊന്ന് മുറി രണ്ട് എന്ന രീതിയിലുള്ള പിണറായി വിജയന്റെയും മറ്റും ശൈലിയിൽനിന്ന് നേർ വിപരീതമായിരുന്നു കോടിയേരിയുടെ സമീപനം.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളെ പരോക്ഷമായ തള്ളിക്കൊണ്ട് കോടിയേരി മുൻകൈയെടുത്ത് നടത്തിയ അനുരഞ്ജന ശ്രമങ്ങളാണ്,ജിഷ്ണു പ്രണോയ് സംഭവങ്ങളെ തുടർന്ന് കോഴിക്കോട് വളയത്തും ഒഞ്ചിയം മോഡൽ 'കുലംകുത്തികൾ' ഉണ്ടാകുമെന്ന് സ്വപ്നം കണ്ടിരുന്ന ബിജെപിയെയും കോൺഗ്രസിനെയും നിരാശരാക്കിയത്.ജിഷ്ണു പ്രണോയിയുടെ വീട് സന്ദർശിക്കാനും കാര്യങ്ങൾ നേരിട്ട് നിഷ്പക്ഷമായി പഠിക്കാനും കോടിയേരി നടത്തിയ ശ്രമമാണ്, വലിയ പൊട്ടിത്തെറിയിൽനിന്ന് പാർട്ടിയെ രക്ഷിച്ചത്.

കാര്യങ്ങൾ പഠിച്ചശേഷം 'ഇത്രയും പാർട്ടിക്കാരായ ഒരു കുടുംബത്തെ നിങ്ങളായിട്ട് പാർട്ടിവിരുദ്ധരാക്കരുതെന്ന്' ശക്തമായ സ്വരത്തിൽ പ്രാദേശിക നേതൃത്വത്തിലെ ചിലരോട് കോടിയേരിക്ക് പറയേണ്ടിവന്നു.ഈ രീതിയിൽ സംസ്ഥാനത്തൊട്ടാകെ ഓരോ പ്രാദേശിക വിഷയങ്ങളിലും ഇടപെട്ടതുകൊണ്ടുതന്നെ ജില്ലാസമ്മേളനങ്ങളിൽ സംസ്ഥാന സെക്രട്ടറിയുടെ പ്രവർത്തനത്തിൽ വലിയ മതിപ്പാണ് രേഖപ്പെടുത്തിയത്. ഇതും കോടിയേരിക്ക് സംസ്ഥാന തലത്തിൽ തുണയായിട്ടുണ്ട്.

അതിനിടെ സംസ്ഥാന ഭരണം കൂടുതൽ കാര്യക്ഷമാക്കുന്നതിനുള്ള മാർഗനിർദേശങ്ങളും,എൽ.ഡി.എഫിന്റെ ബഹുജനാടിത്തറ ശക്തിപ്പെടുത്താനായി മുന്നണി വികസനം അടക്കമുള്ളകാര്യങ്ങളും സംസ്ഥാന സമ്മേളനത്തിൽ പ്രധാന ചർച്ചയാവുമെന്ന് കോടിയേരി ബാലകൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രതിനിധികൾക്ക് എന്തു വിഷയവും ഉന്നയിക്കാമെന്നും, സ്വതന്ത്രമായ വിമർശനവും സ്വയം വിമർശനവുമാണ് സിപിഎമ്മിന്റെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിലൂടെ മാണിയുടെ വിഷയം തന്നെയാകും സമ്മേളനത്തിലെ പ്രധാന ചർച്ചാ വിഷയമെന്ന് വ്യക്തമാവുകയാണ്.

മാണിയെ മുന്നണിയിൽ എടുക്കരുതെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ കേന്ദ്രനേതൃത്വത്തിന് കത്തെഴുതിയിട്ടുണ്ട്.എന്നാൽ വി എസ് പക്ഷം ഇല്ലാതായ സാഹചര്യത്തിൽ സമ്മേളനത്തിൽ അദ്ദേഹത്തിന്റെ നിലപാടുകൾക്ക് എത്ര പ്രസ്‌കതമാവുമെന്ന് വ്യക്തമല്ല. നിലവിൽ സീതാറാം യെച്ചൂരിയല്ലാതെ വി.എസിനൊപ്പം ഒരു കേന്ദ്രനേതാവുമില്ല. വി.എസിനെ സംസ്ഥാന കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ് ആക്കണമെന്നാണ് പി.ബിയോഗത്തിൽ ഉയർന്ന ധാരണ.

അതേസമയം എൽ.ഡി.എഫ് വികസനത്തിന് പാർട്ടി നേരത്തെ തന്നെ അനുമതി നൽകിയതാണെന്നാണ് ഔദ്യോഗികപക്ഷത്തെ നേതാക്കൾ പറയുന്നത്. മുൻകാലങ്ങളിൽ ഐ.എൻ.എൽ, പി.ഡി.പി അടക്കമുള്ള കക്ഷികളെകൂട്ടി മുന്നണി വികസിപ്പിക്കാനുള്ള നീക്കങ്ങൾ വി.എസിന്റെ എതിർപ്പിൽ തട്ടി തകരുകയായിരുന്നു. പുതിയ സാഹചര്യത്തിൽ, തൃശൂർ സമ്മേളനം മാണിക്കാണ് നിർണ്ണായകമാവുന്നത്. മാണിയോടുള്ള സിപിഎമ്മിന്റെ മൃദുസമുപനം പരസ്യമായി വ്യക്തമാക്കുന്ന രീതിയിലായിരുന്നു മുതിർന്ന നേതാക്കളായ ഇ.പി ജയാരജന്റെയും, എ.വിജയരാഘവന്റെയും കഴിഞ്ഞ ദിവസത്തെ പ്രതികരണങ്ങൾ.

മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ഔദ്യോഗിക പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള നിലയിലാണ് നിലവിൽ ജില്ലാസമ്മേളനങ്ങളിലെ അടക്കം അവസ്ഥ.അതുകൊണ്ടുതന്നെ പിണറായിയുടെ നിലപാടാണ് സമ്മേളനത്തിലും നിർണ്ണായകമാവുക.