കോഴിക്കോട്: ഇരട്ടച്ചങ്കൻ കേരളം ഭരിക്കുമ്പോൾ തുടർഭരണത്തിൽ കുറഞ്ഞതൊന്നും സിപിഎം. ആഗ്രഹിക്കുന്നില്ല. മഹാമാരിയായ നിപ്പ വെറസിനെ നേരിട്ടതും മഹാപ്രളയത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്തതും ഏറെ രോമാഞ്ചത്തോടെയാണ് സിപിഎം.അനുഭാവികൾ പോലും എടുത്തു പറയുന്നത്.ശേഷിക്കുന്ന രണ്ടര വർഷമൊന്ന് മനസ്സ് വച്ചാൻ ചരിത്രം വഴിമാറുമെന്നാണ് സിപിഎം.പക്ഷം.ക്യത്യമായി പറഞ്ഞാൽ വി എസ്സിന്റെ സമയത്ത് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടുപോയ തുടർഭരണം പിണറായിലൂടെ തിരിച്ചെടുക്കാൻ കഴിയുമെന്ന് സഖാക്കൾ കട്ടായം പറയുന്നു.

അതിനുള്ള ആദ്യപടിയായി ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിപിഎം പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. പാർട്ടിയുടെ ബഹുജന അടിത്തറ കൂടുതൽ വിപുലപ്പെടുത്തനായി നൂനപക്ഷ പിന്തുണ കൂടുതൽ ഉറപ്പ് വരുത്താനാണ് നീക്കം. വർഗീയതക്കെതിരെ ശക്തമായ നിലപാടെടുത്ത് ന്യൂനപക്ഷങ്ങൾക്കിടയിൽ കൂടുതൽ മുന്നേറാൻ സാധിക്കണം. എന്നാൽ ചില നിലപാടുകളുടെ പേരിലും ശത്രുക്കളുടെ തെറ്റായ പ്രചരണ കോലാഹലങ്ങളിലും പാർട്ടി കൂടുതൽ ക്ഷീണിപ്പിക്കപ്പെടുകയും പ്രതിരോധത്തിലാടൂന്നതായുമാണ് നേത്യത്വത്തിന്റെ വിലയിരുത്തൽ.

ന്യൂനപക്ഷ സാന്നിധ്യം 30 ശതമാനത്തിന് മുകളിൽ ഉയർത്തുകയെന്ന തീരുമാനം കർശനമാക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ പാർട്ടിയുടെ എല്ലാഘടകങ്ങളിലേക്കും കൂടുതൽ ന്യൂനപക്ഷ സമുദായങ്ങളെ കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. ലബാർ മേഖലയിൽ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.ഭൂരിപക്ഷത്തിനെ പിണക്കാതെ തന്നെ ന്യൂനപക്ഷ മേഖലയിൽ കൂടുതൽ കരുത്ത് തെളിയിക്കണം.അതിന് കടുകടുത്ത നിലപാട് സ്വീകരിക്കണമെന്നും പാർട്ടി നേതാക്കൾ അടക്കം പറയുന്നു.

പുതിയ രാജ്യസഭാ അംഗം എളമരം കരീമിന്റെ നേത്യത്വത്തിലാണ് പാർട്ടിയിലെ ന്യൂനപക്ഷ സാന്നിധ്യം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത്.അതിന്റെ ഭാഗമായി വിവിധ ഗ്രാമങ്ങളിൽ കൂട്ടായ്മകൾ രൂപീകരിക്കാനും പദ്ധതിയുണ്ട്.ചില സ്ഥലങ്ങളിൽ ഇത്തരം കൂട്ടായ്മകളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു പാർട്ടിയോട് മാനസികമായി പിന്തുണക്കുന്നവരെ പങ്കെടുപ്പിച്ച് കൂട്ടായ്മകൾ രൂപീകരിക്കുകയും വിവിധ പദ്ധതികൾ നടപ്പിലാക്കുകയും അതിലൂടെ പാർട്ടിയുമായി അടുക്കകയും ചെയ്യുകയെന്ന ദൗത്യമാണ് ഇത്തരം കൂട്ടായ്മകൾക്കുള്ളത്.ആദ്യ ഘട്ടത്തിൽ പാർട്ടി നേതാക്കൾ പൂർണ്ണമായും സജീവമായും രംഗത്തുണ്ടാവില്ല. തിരഞ്ഞെടുപ്പ് സമയങ്ങളിൽ ഇത്തരം കൂട്ടായ്മകൾ ഏറെ ഗുണകരമാകുമെന്നും നേതാക്കൾ പറയുന്നു. പൊതു വേദിയാകുമ്പോൾ ആരും ഇതിലേക്ക് കടന്ന് വരുമെന്നും പാർട്ടി കരുതുന്നു.

നാദാപുരത്ത് രണ്ട് വർഷം മുമ്പ് സിപിഎം.പ്രവർത്തകർ ഷിബിൻ വധിക്കപ്പെട്ടതിനെ തുടർന്ന് നൂറോളം മുസ്ലിം സമുദായത്തിൽപ്പെട്ടവരുടെ വീടുകൾ അക്രമിക്കപ്പെട്ടിരുന്നു.വീടുകൾ അഗ്നിക്കിരയാക്കി പണവും സ്വർണവും കൊള്ളയടിച്ചത് മൂലം പാർട്ടിക്കുണ്ടായ ക്ഷീണം ചില്ലറയൊന്നുമല്ല.നാദാപുരം മേഖലയിൽ ന്യൂനപക്ഷ വിഭാഗങ്ങൾ സിപിഎമ്മിൽ തുലോം കുറവാണ്.എന്നാൽ സിപിഎം.വിരുദ്ധർ സിപിഎമ്മിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനം എന്ന നിലക്കും നാദാപുരം അക്രമം കേരളത്തിലും പ്രത്യേകിച്ച് മലബാറിലും വൻ പ്രചാരം നൽകിയിരുന്നു.അടുക്കാൻ ശ്രമിച്ച ന്യൂനപക്ഷങ്ങൾ പോലും അകന്ന ചരിത്രമാണ് ഇത്തരത്തിലുള്ള അക്രമങ്ങളിലൂടെ പാർട്ടിക്കുണ്ടായത്.

ഇത്തരത്തിലുള്ള പ്രചരണങ്ങളുടെ മുനയൊടുക്കാനും ആർ.എസ്.എസിന്റെ വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് സിപിഎമ്മാണെന്ന വാദത്തിന് അടിവരയിടുന്ന പ്രചരണം നടത്താനാണ് പാർട്ടി തീരുമാനം.അഭിമന്യു കൊലപാതകമടക്കമുള്ള വിഷയങ്ങളിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ എസ്.ഡി.പി.ഐ.യോട് ഉണ്ടായ അമർഷം ഏറെ ഗുണകരമാകുമെന്ന ചിന്തയും സിപിഎമ്മിനുണ്ട്.