തിരുവനന്തപുരം: കണ്ണൂരിലെ അണികൾക്ക് ആവേശമാകാൻ പി ജയരാജനെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചേക്കും. എന്നാൽ പാർട്ടി ജില്ലാ സെക്രട്ടറിയായ എംവി ജയരാജൻ മത്സരിക്കില്ല. തിരുവനന്തപുരം സീറ്റ് ജനാധിപത്യ കേരളാ കോൺഗ്രസിൽ നിന്ന് ഏറ്റെടുക്കുന്നതും പരിഗണനയിലാണ്. ആന്റണി രാജുവിന് സീറ്റ് നിഷേധിച്ച് എ സമ്പത്തിനെ സ്ഥാനാർത്ഥിയാക്കാനാണ് ആലോചന. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോറ്റ സിപിഎമ്മിലെ വൻ നിര മത്സരിക്കാൻ ഉണ്ടാകുമെന്നാണ് സൂചന.

രണ്ടു ടേം പൂർത്തിയാക്കിയതിന്റെ പേരിൽ കണ്ണൂരിലെ പാർട്ടി കോട്ടകളിൽ നിന്നു ചിലരെ സിപിഎം മാറ്റിയാൽ ജയരാജനു വഴി തെളിയും. പി.കെ. ശ്രീമതിയെയും മത്സരിപ്പിച്ചേക്കും. എം.ബി രാജേഷ്, പി.കെ.ബിജുവും സ്ഥാനാർത്ഥികളാകാൻ സാധ്യത ഏറെയാണ്. മലമ്പുഴയിലോ തൃത്താലയിലോ രാജേഷ് മത്സരിച്ചേക്കും. കോങ്ങാടും തരൂരും ബിജുവിന് സാധ്യതയുള്ള മണ്ഡലമാണ്. പി.രാജീവ് കളമശേരിയിൽ മത്സരിക്കാനും സാധ്യതയുണ്ട്. കൊല്ലത്ത് കെ.എൻ.ബാലഗാപാൽ എത്തുമെന്നാണ് അഭ്യൂഹം. മുകേഷ് വീണ്ടും മത്സരിച്ചാൽ മറ്റൊരു മണ്ഡലത്തിൽ ബാലഗോപാൽ നിൽക്കും.

കോടിയേരി ബാലകൃഷ്ണനും എംഎ ബേബിയും മത്സരിക്കുമോ എന്നതും ചർച്ചകളിൽ സജീവമാണ്. പിണറായി വിജയന് പുറമേ ഈ രണ്ട് പോളിറ്റ് ബ്യൂറോ അംഗങ്ങളേയും പാർട്ടി പരിഗണിച്ചേക്കും. മക്കളുമായി ബന്ധപ്പെട്ട വിവാദവും അസുഖവും കോടിയേരിക്ക് തടസ്സമാണ്. എംഎ ബേബിക്ക് മത്സരിക്കാനും താൽപ്പര്യമില്ല. എന്നാൽ തോമസ് ഐസക് മത്സരിക്കാത്ത സാഹചര്യമുണ്ടായാൽ എംഎ ബേബിക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമാകേണ്ടി വരും. അങ്ങനെ എങ്കിൽ കൊല്ലം സീറ്റിലേക്കാകും പരിഗണിക്കുക. എല്ലാം പിണറായി വിജയനാകും തീരുമാനിക്കുക.

ആറ്റിങ്ങലിൽ തോറ്റ ശേഷവും കാബിനറ്റ് പദവിയോടെ ഡൽഹിയിലെ സർക്കാർ പ്രതിനിധിയാക്കിയ എ.സമ്പത്തിനെ തിരുവനന്തപുരം സീറ്റിൽ പരീക്ഷിക്കും. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ച എസ്എഫ്‌ഐ ദേശീയ അധ്യക്ഷൻ സാനുവും മത്സരിച്ചേക്കും. പൊന്നാനി ഉൾപ്പെടെ ജില്ലയിലെ ഏതു മണ്ഡലത്തിലും സാനു എത്തും. സ്പീക്കർ ശ്രീരാമകൃഷ്ണന് സീറ്റ് കൊടുത്തില്ലെങ്കിൽ പൊന്നാനിയിലാകും സാനു മത്സരിക്കുക. കേരളത്തിൽ സിപിഎം ചിഹ്നത്തിൽ ഏറ്റവും കൂടുതൽ തവണ മത്സരിച്ചതിന്റെ റെക്കോർഡ് ഉടമ വി എസ്.അച്യുതാനന്ദൻ ഇത്തവണ മത്സരത്തിനില്ലെന്നതും വസ്തുതയാണ്.

മലമ്പുഴയിൽ വിഎസിന്റെ പിൻഗാമി ആരാകുമെന്നതും ചർച്ചകളിലുണ്ട്. വി എസ് മത്സരിക്കില്ലെന്ന് ഉറപ്പാണ്. സിപിഎം ഒരുവട്ടംപോലും തോൽവിയറിഞ്ഞിട്ടില്ലാത്ത മലമ്പുഴയിൽ സ്ഥാനാർത്ഥിയാകാൻ താൽപര്യമുള്ള അരഡസനോളം നേതാക്കളെങ്കിലുമുണ്ട്. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.എൻ. കൃഷ്ണദാസ്, എം.ബി. രാജേഷ് എന്നിവർക്കാണു മുൻതൂക്കം. പ്രാദേശികതലത്തിൽ നിന്നുള്ളവരെ പരിഗണിച്ചാൽ ജില്ലാ കമ്മിറ്റി അംഗം പി.എ. ഗോകുൽദാസ്, പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് എന്നിവർക്കും സാധ്യതയുണ്ട്. എംബി രാജേഷിന് നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് തന്നെ രാജേഷ് മലമ്പുഴയിൽ എത്താൻ സാധ്യത ഏറെയാണ്.

നിയമസഭാതിരഞ്ഞെടുപ്പിൽ പാർട്ടി നിർദ്ദേശിച്ചാൽ അമ്പലപ്പുഴയിൽ തന്നെ മത്സരിക്കുമെന്നു മന്ത്രി ജി.സുധാകരൻ. കായംകുളത്ത് മത്സരിക്കാനില്ലെന്നും അവിടെയുള്ള പാർട്ടിക്കാർ കാലുവാരികളാണെന്നും മന്ത്രി പറഞ്ഞതും ചർച്ചകളിലുണ്ട്. 'വീണ്ടും മത്സരിക്കണമെന്ന ആഗ്രഹമില്ല. പക്ഷേ, പാർട്ടി തീരുമാനിച്ചാൽ അമ്പലപ്പുഴയിൽ മത്സരിക്കും. പുതിയ ആൾക്കാർ മത്സരിക്കാൻ വരുന്നതിൽ അഭിപ്രായവ്യത്യാസമില്ലെന്നും സുധാകരൻ പറയുന്നു.

പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകും. ആ മന്ത്രിസഭയിൽ പൊതുമരാമത്തു മന്ത്രിയാകുമോയെന്നു പറയാനാകില്ല. തല്ലിക്കൊന്നാലും കായംകുളത്ത് മത്സരിക്കാൻ താൽപര്യമില്ല. 2001ൽ കാലുവാരികളാണു കായംകുളത്ത് എന്നെ തോൽപിച്ചത്. ആ കാലുവാരികൾ ഇന്നും കായംകുളത്തുണ്ട്' മന്ത്രി പറഞ്ഞു.