കണ്ണൂർ : ധനമന്ത്രി തോമസ് ഐസകിന് സീറ്റ് നിഷേധിച്ചതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് രൂക്ഷ വിമർശനവുമായി ബെർലിൻ കുഞ്ഞനന്തൻ നായർ. സിപിഎമ്മിനകത്തെ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ അടുത്ത കാലത്ത് പിണറിയിയെ പുകഴ്‌ത്തി പറഞ്ഞ നേതാവാണ് ബെർലിൻ. പിണറായിയെ നേരിട്ട് കാണാൻ ആഗ്രമുണ്ടെന്നും പഴയ വിമർശനങ്ങൾക്ക് മാപ്പു പറയുമെന്നും വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലൊരു വ്യക്തിയാണ് സീറ്റ് നൽകലിൽ വിഭാഗീയത ആരോപിച്ച് രംഗത്തു വരുന്നത്.

പി. ജയരാജനും ജി.സുധാകരനും ഉൾപെടെയുള്ള പ്രമുഖരെ തഴഞ്ഞതുകൊണ്ടുള്ള ഇടതു പക്ഷത്തിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം പാർട്ടിക്ക് ഇത്തവണ തിരിച്ചടിയാകും. വോട്ടുകൾ നഷ്ടപ്പെടും. പി ജയരാജനെ ഒഴിവാക്കിയതിൽ വലിയ അമർഷമുണ്ട്. ഒഴിവാക്കിയത് ശരിയല്ല. അദ്ദേഹത്തെ ഒഴിവാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചതാരാണെന്നും അദ്ദേഹം ചോദിച്ചു. ജി സുധാകരനേയും ഒഴിവാക്കി. ഐസക്ക് ഏറ്റവും നല്ല ധനമന്ത്രിയാണ്. ഒഴിവാക്കരുതെന്ന് കോടിയേരിയെ അടക്കം ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ ജില്ലാകമ്മിറ്റി പറയുന്നതാണ് പരിഗണിക്കേണ്ടെത്.

പിണറായിയുടെ സമ്മതവും അനുമതിയുമില്ലാതെ ആരും സ്ഥാനാർത്ഥിയാകില്ല. സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിച്ചതിനാലാണ് പ്രതിഷേധം തെരുവിലെത്തിയത്. ഐസക്കിനെ തട്ടിയതിന്റെ ഉത്തരവാദിത്തം പിണറായിക്കാണെന്നാണ് തോന്നുന്നത്. വിഭാഗീയത നഷ്ടപ്പെട്ടിട്ടില്ലെന്നതാണ് ഇത് കാണിക്കുന്നതെന്നും ബർലിൻ കുഞ്ഞനന്തൻ നായർ സൂചിപ്പിച്ചു. പരസ്യമായി മാപ്പ് പറഞ്ഞിട്ടും പിണറായി കാണാൻ എത്താത്തതിൽ നിരാശയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായിയെ കാണാൻ ആഗ്രമുണ്ടെന്ന് ബെർലിൻ പറഞ്ഞിട്ടും ഇതുവരെ പിണറായി ഇവിടെ എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ബെർലിന്റെ പുതിയ വിമർശനത്തിനും പ്രസക്തി ഏറെയാണ്.

കണ്ണൂരിൽ പി ജയരാജന് സീറ്റ് നിഷേധിച്ചത് വലിയ ചർച്ചയാണ്. പിജെ ആർമി പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിൽ ഈ പ്രതിഷേധം ശമിച്ചു. ഇതിനിടെയാണ് കട്ടിലിൽ കിടന്ന് ബെർലിൻ വീണ്ടും പാർട്ടിയെ വിമർശിക്കുന്നത്. പിണറായിയോട് അടുക്കാൻ ആഗ്രഹിച്ച കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്റെ പ്രതികരണം പിജെ ആർമിയുടെ പ്രതിഷേധത്തിന് കൂടുതൽ ശക്തി പകരാൻ സാധ്യതയുണ്ട്. അതിനിടെ അച്ചടക്കം ലംഘിച്ചാൽ നടപടി എടുക്കുമെന്ന് കേഡർമാർക്ക് സിപിഎം നിർദ്ദേശം നൽകിയിട്ടുണ്ട്.

പാലക്കാടും കാസർഗോഡും കണ്ണൂരും അടങ്ങുന്ന ശക്തി കേന്ദ്രങ്ങളിൽ പോലും സിപിഎം സ്ഥാനാർത്ഥി നിർണ്ണയം വിവാദത്തിലാണ്. തോമസ് ഐസക്കിനും ജി സുധാകരനും സീറ്റ് നിഷേധിച്ചത് ആലപ്പുഴയിൽ കലഹമാണ്. ആലപ്പുഴ തണ്ണീർമുക്കം മുൻ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. പി.എസ്. ജ്യോതിസ് സിപിഎം നിലപാടുകളിൽ പ്രതിഷധിച്ച് പാർട്ടി വിട്ട് എൻഡിഎ സ്ഥാനാർത്ഥിയായി. രണ്ട് ദിവസം മുമ്പ് വരെ സിപിഎമ്മിനുവേണ്ടി പ്രവർത്തിക്കുകയും, ഉറപ്പാണ് എൽഡിഎഫ് എന്ന് തന്റെ ഫേസ്‌ബുക് പ്രൊഫൈലിലൂടെ എന്ന് പ്രചാരണം നടത്തുകയും ചെയ്ത ആൾ ഇപ്പോൾ ബിഡിജെഎസ് സ്ഥാനാർത്ഥി ആയത് പാർട്ട് വൻ തിരിച്ചടി ആയിട്ടുണ്ട്. ജില്ലയിലെ പാർട്ടിയുടെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു ജ്യോതിസ്. അതുകൊണ്ട് തന്നെ തണ്ണീർമുക്കത്ത് സിപിഎം വിരുദ്ധ വികാരവും ഉടലെടുത്തിട്ടുണ്ട്.

ഇത് കൂടാതെ പൊന്നാനിയിൽ പി. നന്ദകുമാറിനെ സ്ഥാനാർത്ഥിയാക്കാനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനം റിപ്പോർട്ട് ചെയ്ത മണ്ഡലം കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു. പങ്കെടുത്തവരിൽ ഭൂരിപക്ഷവും ടി.എം. സിദ്ദീഖ് സ്ഥാനാർത്ഥി ആകണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും തള്ളി. പാലക്കാട്ടെ കോങ്ങാട് മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റ് കെ. ശാന്തകുമാരിയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ 8 ലോക്കൽ കമ്മിറ്റികളിൽ നിന്നു പ്രതിഷേധം ഉയർന്നു. മഞ്ചേശ്വരത്ത് കെ.ആർ ജയാനന്ദയെ സ്ഥാനാർത്ഥിയാക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം തീർക്കാൻ ഇന്നലത്തെ മണ്ഡലം കമ്മിറ്റി യോഗത്തിനും കഴിഞ്ഞില്ല. മലമ്പുഴയിലെ സ്ഥാനാർത്ഥി എ. പ്രഭാകരനെതിരെ 'സേവ് കമ്യൂണിസ'ത്തിന്റെ പേരിൽ പോസ്റ്ററുകൾ പതിച്ചു.

ആലപ്പുഴയിൽ പി.പി. ചിത്തരഞ്ജനെതിരെ വ്യാപക പോസ്റ്റർ പ്രചാരണം നടക്കുകയാണ്. കേസുകളിൽ പ്രതിയായായതിന്റെ പേരിൽ നടപടി നേരിട്ട ഏരിയ സെക്രട്ടറി സക്കീർ ഹുസെന്റെ ഗോഡ്ഫാദറാണ് പി. രാജീവെന്നും അദ്ദേഹത്തെ വേണ്ടെന്നും ആവശ്യപ്പെട്ട് കളമശ്ശേരിയിലും പോസ്റ്റർ ഉയർന്നു. രാജു എബ്രഹാമിന് സീറ്റ് നിഷേധിച്ച ഇടപെടൽ റാന്നിയിലും ചർച്ചയാണ്. ഇതിനിടെയാണ് പരസ്യ വിമർശനവുമായി ബെർലിനും എത്തുന്നത്.