- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രിൻസിപ്പളിനെ മറികടന്ന് സാമ്പത്തിക ഇടപാടുകളുടെ അടക്കം ചുമതല നേടിയ വൈസ് പ്രിൻസിപ്പൽ; ഒറ്റ ടേം എംഎൽഎയെ വെട്ടി ഇരിങ്ങാലക്കുട പിടിച്ചെടുത്തത് പഴയ സ്‌കൂൾ ലീഡർ; കേരള വർമ്മാ കോളേജിലെ പ്രധാന അദ്ധ്യാപികയ്ക്ക് ഇനി പോരാട്ടക്കാലം; ഭാര്യയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ചരിത്രത്തിൽ ഇടം നേടി വിജയരാഘവനും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് ഉണ്ടായത് അത്യപൂർവ്വ ഭാഗ്യം. ഭാര്യയുടെ സ്ഥാനാർത്ഥിത്വം എകെജി സെന്ററിൽ വിജയരാഘവൻ പ്രഖ്യാപിച്ചു. ഇരിങ്ങലാക്കുടയിലാണ് ആർ ബിന്ദു മത്സരിക്കുന്നത്. പാർട്ടി പശ്ചാത്തലമുള്ള വ്യക്തിയാണ് ബിന്ദു. അത് പരിഗണിച്ചാണ് സീറ്റ് നൽകുന്നത്.
നേരത്തെ മലമ്പുഴയിൽ വിജയരാഘവനെ മത്സരിപ്പിക്കാൻ സിപിഎം ആലോചിച്ചിരുന്നു. എന്നാൽ ബിജെപി ഉയർത്തുന്ന കടുത്ത വെല്ലുവിളി തിരിച്ചറിഞ്ഞ് അത് വേണ്ടെന്ന് വച്ചു. അതിന് ശേഷമാണ് തൃശൂർ കോർപ്പറേഷനിലെ മുൻ മേയർ കൂടിയായ ആർ ബിന്ദുവിന് ഇരിങ്ങാലക്കുടയിൽ സീറ്റ് നൽകാൻ തീരുമാനം. സിറ്റിങ് എംഎൽഎ അരുണനെ മാറ്റിയാണ് ബിന്ദുവിന് സീറ്റ് നൽകുന്നത്. രണ്ട് ടേം എംഎൽഎയാകാത്ത അരുണനെ മാറ്റിയതും ചർച്ചയായിരുന്നു.
അതിശക്തമായ മത്സരമാകും ഇരിങ്ങാലക്കുടയിൽ ഇത്തവണ നടക്കുക. യുഡിഎഫിന് വേണ്ടി തോമസ് ഉണ്ണിയാടനാകും മത്സരിക്കുക. മണ്ഡലത്തിൽ ശക്തമായ വേരുകളുള്ള നേതാവാണ് ഉണ്ണിയാടൻ. മുൻ എംഎൽഎായ ഉണ്ണിയാടനെ തോൽപ്പിച്ചാണ് അരുണൻ ഈ സീറ്റ് പിടിച്ചെടുത്തത്. ബിജെപിക്കായി ജേക്കബ് തോമസാകും മത്സരിക്കുക. കഴിഞ്ഞ തവണ മികച്ച മുന്നേറ്റം ഈ സീറ്റിൽ ബിജെപി നടത്തിയിരുന്നു. അതുകൊണ്ട് ഇരിങ്ങാലക്കുടയിൽ ജേക്കബ് തോമസ് എത്തുമ്പോൾ മത്സരം കടുകട്ടിയാകും.
അതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയായതു കൊണ്ടല്ല ഇരിങ്ങാലക്കുടയിൽ സ്ഥാനാർത്ഥിത്വം ലഭിച്ചതെന്ന് ആർ ബിന്ദു പറയുന്നു. 30 വർഷമായി താൻ പൊതു രംഗത്തുണ്ട്. ഭാര്യയായതു കൊണ്ടാണ് സ്ഥാനാർത്ഥിയായതെന്ന വാദം പുരുഷാധിപത്യ ബോധം കൊണ്ടാണെന്നും ബിന്ദു പ്രതികരിച്ചു. ജനിച്ചു വളർന്ന പട്ടണമാണ് ഇരിങ്ങാലക്കുട. രാഷ്ട്രീയപരിഗണനകൾക്കപ്പുറത്ത് താൻ കുട്ടിയാരുന്നപ്പോൾ തൊട്ട് തന്നെ കാണുന്നവരാണ് ഇരിങ്ങാലക്കുടക്കാരെന്നും ആർ ബിന്ദു പറയുന്നു.
' സ്ത്രീകളെ വെറും ഭാര്യമാരായിട്ട് മാത്രം കാണുന്ന പുരുഷാധിപത്യ ബോധത്തിന്റെ ഭാഗമായിട്ടാണ് അങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നത്. സഖാവ് വിജയരാഘവൻ എസ്എഫ്ഐയിൽ പ്രവർത്തിക്കുമ്പോൾ ഞാനും ആ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുണ്ട്. അവിടന്ന് ഈ നിമിഷം വരെ പാർട്ടിക്കു വേണ്ടിയും വർഗബഹുജന പ്രസ്ഥാനങ്ങൾക്ക് വേണ്ടിയും അദ്ദേഹത്തെ പോലെ തന്നെ എന്നെ കൊണ്ട് കഴിയുന്ന പരമാവധി ഞാൻ ചെയ്തിട്ടുണ്ട്,' ആർ ബിന്ദു പറഞ്ഞു.
ചെറുപ്പത്തിൽ ഇരിങ്ങാലക്കുടയിൽ സ്‌കൂൾ ലീഡറായിരുന്നു രണ്ട് വർഷം. സെന്റ് ജോസസ് കോളേജിൽ പഠിക്കുമ്പോൾ അഞ്ചു വർഷം യൂണിയൻ ഭാരവാഹിയായിരുന്നു. കലാസാഹിത്യ പ്രവർത്തനങ്ങളിലൊക്കെ സജീവമായിരുന്നു. അങ്ങനെ അവിടെയുള്ള ഒരുപാട് മനുഷ്യർ എന്നെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ എല്ലാ പിന്തുണ ലഭിക്കുമെന്ന് താൻ കരുതുന്നെന്നും ഇവർ പറയുന്നു.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കേരള വർമ കോളജിൽ വൈസ് പ്രിൻസിപ്പലായി ആർ . ബിന്ദുവിനെ നിയമിച്ചത് വിവാദത്തിന് ഇടയാക്കിയിരുന്നു. സാമ്പത്തിക ഇടപാടുള്ള വകുപ്പുകളുടെ സ്വതന്ത്ര ചുമതല ഉൾപ്പടെ നിരവധി അധികാരങ്ങൾ കൊടുത്താണ് ബിന്ദുവിനെ നിയമിച്ചത് എന്നായിരുന്നു ആരോപണം. പ്രൊഫ.ആർ.ബിന്ദുവിനെ വൈസ് പ്രിൻസിപ്പൽ ആയി നിയമിച്ചതിൽ പ്രതിഷേധിച്ച് പ്രൊഫ.എ.പി. ജയദേവൻ പ്രിൻസിപ്പൽ പദവിയിൽ നിന്ന് രാജിവെച്ചിരുന്നു. ബിന്ദുവിന് പ്രിൻസിപ്പലിന്റെ ചുമതലയും നൽകി.
മറുനാടന് മലയാളി ബ്യൂറോ