കൊച്ചി : ഭരണ തുടർച്ചയ്ക്ക് വീടുവീടാന്തരം കയറി വോട്ട് ചോദിക്കാനാണ് സിപിഎം തീരുമാനം. ഇതിന് വേണ്ടത് പ്രവർത്തകരും നേതാക്കളുമാണ്. ഇതിന് വേണ്ടി മുഴുവൻ സമയ പ്രചാരണത്തിനിറങ്ങാൻ പാർട്ടിയുടെ ബൂത്ത് സെക്രട്ടറിമാർക്കു സിപിഎം. നിർദ്ദേശം. ജോലിയുള്ളവർ അവധിയെടുത്ത് രംഗത്തിറങ്ങാനാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ സർക്കുലർ. ഇക്കാലയളവിൽ അലവൻസ് അനുവദിക്കും. അതിനുള്ള പണം അതത് ബൂത്ത് കമ്മിറ്റി കണ്ടെത്തണം.

കേഡർ പാർട്ടിയാണ് സിപിഎം. ഈ സംവിധാനം ലോക്‌സഭയിൽ പ്രവർത്തിച്ചില്ല. വലിയ തോൽവിയും കിട്ടി. അതുകൊണ്ട് തന്നെ ഇത്തവണ പഴുതുകൾ അടയ്ക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് സംഘടനയെ ശക്തമാക്കി ഭരണ തുടർച്ചയ്ക്കുള്ള പദ്ധതികൾ തയ്യാറാക്കിയത്. കൃത്യമായി പ്രവർത്തനം നടക്കുന്നുണ്ടെന്ന് ഉറപ്പിക്കാൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച ഉറച്ച വോട്ടുകൾക്കു പുറമേ കൂടുതൽ വോട്ടുകൾ കിട്ടുന്നതിന് 35 വീടുകൾ വീതം തെരഞ്ഞെടുത്ത് ഓരോ ബൂത്തുകമ്മിറ്റിയും വോട്ടർമാരെ മുഖാമുഖം കാണണം. വിവിധ മേഖലകളിലുള്ളവരെ സമീപിച്ച് ശേഖരിക്കുന്ന വിവരങ്ങൾ മണ്ഡലം കമ്മിറ്റികൾക്കു കൈമാറണം. അങ്ങനെ വോട്ടുറപ്പിക്കാനാണ് തീരുമാനം. വ്യക്തമായ പദ്ധതികൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. സർക്കാരിന്റെ ഭരണ നേട്ടമാകണം ചർച്ച ചെയ്യേണ്ടത്. വികസനത്തിലെ മുന്നേറ്റവും വിഷയമാക്കണം.

ഒരു പാർട്ടിയംഗം 10 വീടുകളുടെ ചുമതലയാണ് വഹിക്കേണ്ടത്. വീടുകളിൽ ലഘുലേഖകൾ എത്തിക്കുകയും സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിവരിക്കുകയും ചെയ്യണം. ക്ഷേമപദ്ധതികളുടെ ഗുണം ലഭിക്കാത്തവരുണ്ടെങ്കിൽ കണ്ടെത്തി പരാതികൾ കുറിച്ചെടുത്ത് അതത് ബൂത്ത് കൺവീനറെ ഏൽപ്പിക്കണം. ഓരോ ബൂത്തിലും ഇതിനായി നാലു സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. ക്ഷേമ പദ്ധതികൾക്ക് പിന്നിൽ പിണറായി ആണെന്ന് ഏവരേയും ബോധ്യപ്പെടുത്തണം. ഓരോ വോട്ടും നിർണ്ണായകമാണെന്നാണ് സിപിഎം നിലപാട്.

സാമൂഹിക പെൻഷനും മറ്റും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് മറ്റൊരു നിർദ്ദേശം. മേഖലതിരിച്ച് പാർട്ടിയുടെ വർഗബഹുജന സംഘടനകൾ, പ്രഫഷണലുകൾ, ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവരുടെ യോഗങ്ങൾ പ്രത്യേകം വിളിക്കണം. ഒരു ബൂത്തിൽ ശരാശരി ആയിരം വോട്ടുണ്ടെന്നാണു കണക്ക്. ഒരു ബൂത്തിൽ നാൽപത് പാർട്ടി അംഗങ്ങളെങ്കിലും ഉണ്ടാകും.

ഇവർ പൂർണസമയ പ്രവർത്തനത്തിൽ മുഴുകണമെന്നാണ് നിർദ്ദേശം. തൊഴിലുടമകളുമായി ബന്ധപ്പെട്ട് അംഗങ്ങളുടെ സാന്നിധ്യം തെരഞ്ഞെടുപ്പ് രംഗത്ത് ഉറപ്പാക്കാനാണ് സിപിഎം. ലക്ഷ്യമിടുന്നത്. പ്രചാരണത്തിന് ഇറങ്ങാത്തവരെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ ഒഴിവാക്കാനും തീരുമാനമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കാതെ മാറിനിന്നവർക്ക് നേരത്തേ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.