- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജനറൽ സെക്രട്ടറിയായി പിണറായി എത്തുന്നതിന് തടസ്സം പ്രായപരിധി; 75 വയസ്സെന്ന മാനദണ്ഡത്തിൽ ഇളവ് കിട്ടിയാലേ മുഖ്യമന്ത്രിക്ക് പാർട്ടിയുടെ പരമോന്നത ഘടകത്തിൽ തുടരാനാകൂ; എസ് ആർ പിക്ക് വിശ്രമം ഉറപ്പ്; സിപിഎമ്മിൽ ഒരു ടേം കൂടി ഉറപ്പിക്കാൻ യെച്ചൂരി; കണ്ണൂരിൽ എംഎ ബേബിക്ക് കോളടിക്കുമോ?
ന്യൂഡൽഹി: കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 75 വയസ്സിൽ കൂടാൻ പാടില്ലെന്ന പ്രായപരിധി നടപ്പാക്കാൻ സിപിഎം. തീരുമാനിക്കുമ്പോൾ അവസാനിക്കുന്നത് പ്രകാശ് കാരാട്ടിന്റെ ജനറൽ സെക്രട്ടറി പദത്തിലെത്താനുള്ള സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് കിട്ടുമ്പോൾ എസ് രാമചന്ദ്രൻ പിള്ളയ്ക്കും ഇളവ് ലഭിക്കും. കണ്ണൂരിലാണ് കോവിഡു കാലത്ത് പാർട്ടി കോൺഗ്രസ് നടക്കുക.
നിലവിൽ 80 വയസ്സാണ് പരിധി. പുതിയ തീരുമാനം അടുത്ത പാർട്ടി കോൺഗ്രസിൽ നടപ്പാവും. സമാനമായി സംസ്ഥാനതലങ്ങളിലെ കമ്മിറ്റികളിലും പ്രായപരിധിയിൽ മാറ്റമുണ്ടാവും. കുറഞ്ഞ പരിധി സംസ്ഥാനങ്ങളിൽ തീരുമാനിക്കാം. ഇതോടെ നേതൃനിരയാകെ മാറും. പാർട്ടിയുടെ നേതൃതലങ്ങളിൽ പുതുമുഖങ്ങൾക്ക് കൂടുതൽ അവസരമൊരുക്കാൻ ലക്ഷ്യമിട്ടാണ് പ്രായപരിധി പരിഷ്‌കരിച്ചത്.
മുൻ ജനറൽസെക്രട്ടറി പ്രകാശ് കാരാട്ടിന് 2023-ലേ 75 തികയൂ. പി.ബി.യംഗം വൃന്ദാ കാരാട്ടിനാവട്ടെ, അടുത്ത വർഷം ഒക്ടോബറിലാണ് 75 വയസ്സാവുക. ഈ സാഹചര്യത്തിൽ കാരാട്ടും വൃന്ദയും കേന്ദ്രകമ്മിറ്റിയിൽ തുടരുമെങ്കിലും പാർട്ടി ജനറൽ സെക്രട്ടറി പോലുള്ള നിർണ്ണായക പദവികൾ കിട്ടില്ല. അടുത്ത പാർട്ടി കോൺഗ്രസോടെ ഇരുവരും പാർട്ടി കമ്മറ്റിയിൽ നിന്ന് മാറേണ്ടിയും വരും.
പുതിയ പ്രായപരിധിക്കനുസരിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രകമ്മിറ്റിയിൽ തുടരും. ദേശീയ നേതൃത്വത്തിൽ സജീവമാകുന്നതിന്റെ ഭാഗമായി പിണറായി സിപിഎം ജനറൽ സെക്രട്ടറി പദം ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പുതിയ പ്രായപരിധിയോടെ ഇതും അപ്രസക്തമാകുകയാണ്. 75 വയസ്സുകഴിഞ്ഞ ആരും പാർട്ടി സെക്രട്ടറിയാകില്ല. സീതാറാം യെച്ചൂരിക്ക് ഒരു ടേം കൂടി ജനറൽ സെക്രട്ടറിയായി തുടരാനാകും. എന്നാൽ എംഎ ബേബിയിലൂടെ ഈ പദവിയും കേരളം സ്വന്തമാക്കുമെന്ന സൂചനകളുണ്ട്.
പ്രായ പരിധിയിൽ പിണറായിക്ക് ഇളവു നൽകും. ചിലർക്ക് ഇളവുനൽകുന്ന കാര്യം പാർട്ടി പരിഗണിക്കുമെന്ന് യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾത്തന്നെ ചില ഇളവുകളുണ്ട്. മുഖ്യമന്ത്രി പോലുള്ള പദവികളിലിരിക്കുന്ന നേതാക്കളുടെ കാര്യത്തിലും അത്തരം പരിഗണനയുണ്ടാവുമെന്നും യെച്ചൂരി വ്യക്തമാക്കി. പിണറായിയെ പോലുള്ള നേതാക്കൾ ജനറൽ സെക്രട്ടറിയാകുന്നത് തടയാനാണ് യെച്ചൂരി പ്രായപരിധി 75 ആക്കിയതെന്ന വിമർശനവും ശക്തമാണ്.
ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന പാർട്ടികോൺഗ്രസിനു മുന്നോടിയായി കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പാർട്ടി കോൺഗ്രസിന്റെ തയ്യാറെടുപ്പുകൾ തുടങ്ങിയ പശ്ചാത്തലത്തിലാണ് കേന്ദ്രകമ്മിറ്റിയംഗങ്ങൾക്ക് പുതിയ പ്രായപരിധി നിശ്ചയിച്ചുകൊണ്ടുള്ള ശുപാർശ. സംസ്ഥാനകമ്മിറ്റികളിലേക്ക് പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോൾ 60 വയസ്സിൽ കൂടരുതെന്നാണ് പുതിയ ശുപാർശ. ബംഗാളിൽ ഈ വ്യവസ്ഥ നടപ്പാക്കിയിട്ടുണ്ട്.
കേന്ദ്രകമ്മിറ്റിയംഗങ്ങൾക്ക് 75 വയസ്സെന്ന പരിധികൂടി വരുന്നതോടെ കേരളത്തിൽനിന്ന് എസ്. രാമചന്ദ്രൻ പിള്ള ഒഴിയേണ്ടി വരും. കഴിഞ്ഞ പാർട്ടികോൺഗ്രസിൽ 80 വയസ്സെന്ന പരിധി പിന്നിട്ടിരുന്ന അദ്ദേഹത്തിന് കേരളഘടകത്തിന്റെ ആവശ്യമനുസരിച്ച് പ്രത്യേകം ഇളവനുവദിക്കുകയായിരുന്നു. ഇപ്പോൾ 75 വയസ്സുള്ള കിസാൻസഭ ജനറൽ സെക്രട്ടറി ഹനന്മൊള്ളയും മാറും. ബംഗാളിൽ നിന്നുള്ള ബിമൻബോസും വെട്ടി നിരത്തപ്പെടും.
മറുനാടന് മലയാളി ബ്യൂറോ