തിരുവനന്തപുരം: ഒടുവിൽ ലൗ ജിഹാദിനെ സിപിഎമ്മും അംഗീകരിക്കുന്നുവോ? നർക്കോട്ടിക് ജിഹാദും ലൗ ജിഹാദുമൊന്നും പറയാതെ കാര്യം വിശദീകരിക്കുകയാണ് സിപിഎം. പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായി സിപി എം. സി പി എം. സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി പാർട്ടി നേതാക്കൾക്ക് നൽകിയ കുറിപ്പിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.

അതായത് ലൗ ജിഹാദ് ഉണ്ടെന്ന് പറയാതെ അക്കാര്യം സമ്മതിക്കുകയാണ് സിപിഎം. ക്രൈസ്തവ ജനവിഭാഗങ്ങൾ വർഗീയമായ ആശയങ്ങൾക്ക് കീഴ്‌പ്പെടുന്ന രീതി സാധാരണ കണ്ടുവരാറില്ലെന്നും കുറിപ്പിലുണ്ട്. അടുത്തകാലത്തായി കേരളത്തിൽ കണ്ടുവരുന്ന ചെറിയൊരു വിഭാഗത്തിലെ വർഗീയ സ്വാധീനത്തെ ഗൗരവത്തിൽ കാണണം. മുസ്ലിംകൾക്കെതിരെ ക്രിസ്ത്യൻ ജനവിഭാഗത്തെ തിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. അങ്ങനെ ക്രൈസ്തവരെ പേരെടുത്ത് വിമർശിക്കുന്നതിനൊപ്പം മറ്റ് പ്രവണതകളേയും സിപിഎം എതിർക്കുകയാണ്.

യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നും ക്ഷേത്ര വിശ്വാസികളെ ബിജെപിയുടെ പിന്നിൽ അണി നിരത്താൻ ശ്രമം നടക്കുന്നുവെന്നും സി പി എം. വിശദീകരിക്കുന്നു. താലിബാൻ പോലുള്ള സംഘടനകളെ പോലും പിന്തുണയ്ക്കുന്ന ചർച്ചകൾ കേരളീയ സമൂഹത്തിൽ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണെന്നും കുറിപ്പിൽ പരാമർശിക്കുന്നു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ബിജെപി രാഷ്ട്രീയശക്തി നേടുന്നത് തടയണമെന്ന നിർദേശവും സിപിഎം നൽകുന്നു

ക്ഷേത്രവിശ്വാസികളെ വർഗീയവാദികളുടെ പിന്നിൽ അണിനിരത്തുന്ന രീതി ഇല്ലാതാക്കാൻ ആരാധനാലയങ്ങൾ ഇടപെടണം. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കണം. വിശ്വാസികളെ വർഗീയവാദികളുടെ കയ്യിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണമെന്നും കുറിപ്പിൽ നിർദ്ദേശം നൽകുന്നു. പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് പരാമർശം ചർച്ച ചെയ്യുമ്പോഴാണ് യുവതികളെ തീവ്രവാദികളാക്കാൻ ബോധപൂർവ്വ ശ്രമങ്ങൾ നടക്കുന്നുവെന്ന് ബിഷപ്പ് വിശദീകരിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് എകെജി സെന്ററിൽ ചേരുന്നുണ്ട്. പാലാ ബിഷപ്പിന്റെ പ്രസ്താവനയും തുടർന്നുള്ള വിദ്വേഷ പ്രചാരണങ്ങളും വിവാദമായ സാഹചര്യത്തിൽ ഈ വിഷയത്തിൽ സർക്കാർ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചേക്കും. ഇതിനിടെയാണ് സിപിഎമ്മിലെ രേഖയും പുറത്തു വരുന്നത്. സിപിഎം പാർട്ടി സമ്മേളനങ്ങളിൽ ഇതെല്ലാം ചർച്ചയാകും. സെക്രട്ടറിയേറ്റിൽ പല സുപ്രധാന തീരുമാനവും ഉണ്ടായേക്കും. മറ്റ് പാർട്ടികളിൽ നിന്ന് നേതാക്കൾ സിപിഎമ്മിലേക്ക് വരുന്ന സാഹചര്യത്തിൽ ഇവരെ ഏത് നിലയിൽ ഒപ്പം നിർത്തണം എന്നതിലും പാർട്ടിക്കുള്ളിൽ ചർച്ച നടക്കും.

കോൺഗ്രസ് വിട്ട് വരുന്ന നേതാക്കൾക്കടക്കം മികച്ച സ്ഥാനങ്ങൾ നൽകി കൂടുതൽ പേരെ എത്തിക്കാനാണ് ജില്ലാ തലങ്ങളിലടക്കം ചർച്ചകൾ നടക്കുന്നത്. തെരഞ്ഞെടുപ്പ് അവലോകനങ്ങളെ തുടർന്നുള്ള സിപിഐ-കേരള കോൺഗ്രസ് തർക്കം ഇടതുമുന്നണിക്ക് തലവേദനയാകുന്ന സാഹചര്യവും സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്‌തേക്കും. തെരഞ്ഞെടുപ്പ് വീഴ്ചകളിൽ ഇതുവരെ ജില്ലാ കമ്മിറ്റികളിൽ കൈക്കൊണ്ട നടപടികൾ, വിവിധ ജില്ലാ കമ്മിറ്റികളുടെ ചുമതല വഹിക്കുന്ന നേതാക്കൾ റിപ്പോർട്ട് ചെയ്യും.

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്ചകളിൽ ജി സുധാകരനെതിരായ കണ്ടെത്തലുകളടങ്ങിയ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇതുവരെ ചർച്ചകൾ തുടങ്ങിയിട്ടില്ല.