- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ സംസ്ഥാന സമിതി ഓഫീസ് നായനാരുടെ പേരിലോ? എകെജിക്കും ഇഎംഎസിനും തലസ്ഥാനത്ത് ഉചിതമായ സ്മാരകങ്ങളുണ്ടെന്ന് വിലയിരുത്തലിൽ സിപിഎം; കേരള യൂണിവേഴ്സിറ്റിയുടെ സ്ഥലത്താണ് ഓഫീസെന്ന പേരു ദോഷം ഒഴിവാക്കാൻ കെട്ടിട നിർമ്മാണം; കണ്ണായ സ്ഥലത്ത് ഒരു സെന്റ് വാങ്ങൽ ഇരുപത് ലക്ഷത്തിനും
തിരുവനന്തപുരം: സിപിഎമ്മിന്റെ സംസ്ഥാനകമ്മിറ്റി ഓഫീസ് എ.കെ.ജി. സെന്ററിൽനിന്ന് മാറ്റുന്നത് പുതിയ പഠന ഗവേഷണ കേന്ദ്രത്തിന് വേണ്ടി. പാർട്ടിക്ക് പുതിയ ആസ്ഥാനമന്ദിരം അതിവേഗം പണിയും. എ.കെ.ജി. സെന്ററിന് അടുത്തായി വാങ്ങിയ 32 സെന്റ് സ്ഥലത്ത് നിർമ്മാണ പ്രവർത്തനം ഉടൻ തുടങ്ങും.
എ.കെ.ജി. പഠനഗവേഷണ കേന്ദ്രം എന്ന ട്രസ്റ്റിന്റെ ഉടമസ്ഥതയിൽ ഗവേഷണകേന്ദ്രമായി എ.കെ.ജി. സെന്റർ നിലനിർത്താനും പാർട്ടി ഓഫീസ് പുതിയ കെട്ടിടത്തിലേക്കു മാറ്റാനുമാണ് തീരുമാനം. പാർട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ കോടിയേരി ബാലകൃഷ്ണന്റെ പേരിലാണ് ഭൂമി വാങ്ങിയത്. തിരുവനന്തപുരം സബ് രജിസ്ട്രാർ ഓഫീസിലാണ് ഭൂമി രജിസ്ട്രേഷൻ നടത്തിയത്. 6.4 കോടിരൂപയാണ് ഇതിന് കാണിച്ച വില. സെന്റിന് 20 ലക്ഷം രൂപയാണ് കണക്കിൽ കാട്ടിയിരിക്കുന്നത്. ഇതിന് അപ്പുറത്തേക്ക് ഇവിടെ വിപണി വിലയുണ്ടെന്നതാണ് വസ്തുത.
കോടിയേരി ഉൾപ്പെടെയുള്ള പാർട്ടിയിലെ മുതിർന്നനേതാക്കൾ താമസിക്കുന്ന ഫ്‌ളാറ്റുകളും ഇതിനടുത്താണ്. എ.കെ.ജി.യുടെ സ്മാരകമായിത്തന്നെയാണോ സംസ്ഥാനകമ്മിറ്റി ഓഫീസും നിർമ്മിക്കുകയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഓഫീസിന്റെ പ്ലാനും തയ്യാറാക്കുന്നതേയുള്ളൂ. പാർട്ടി ഓഫീസുകൾക്കുപുറമേ, തിരുവനന്തപുരം വിളപ്പിൽശാലയിൽ ഇ.എം.എസ്. പഠനഗവേഷണ കേന്ദ്രവും കണ്ണൂരിൽ നായനാർ അക്കാദമിയും സിപിഎമ്മിന്റെ പ്രധാന കേന്ദ്രങ്ങളാണ്.
പാട്യം ഗോപാലൻ ഗവേഷണകേന്ദ്രം പോലെ ജില്ലാ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവ വേറെയുമുണ്ട്. അതിനാൽ, സംസ്ഥാന കമ്മിറ്റി ഓഫീസ് ആരുടെ സ്മാരകമാക്കണമെന്നത് സംസ്ഥാനനേതൃത്വം പിന്നീട് തീരുമാനിക്കും. 1977-ലാണ് എ.കെ.ജി. പഠനഗവേഷണ കേന്ദ്രത്തിന് സർക്കാർ ഭൂമി അനുവദിക്കുന്നത്. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴായിരുന്നു ഇത്. 34.4 സെന്റ് ഭൂമിയാണ് സർക്കാർ വിട്ടുനൽകിയത്. ഇവിടെയാണ് എ.കെ.ജി. സെന്റർ സ്ഥാപിച്ചത്. ഇതാണ് പിന്നീട് പാർട്ടി സംസ്ഥാന സെന്ററായി മാറിയത്.
അതുകൊണ്ടു തന്നെ നിലവിലെ കെട്ടിടം എകെജിയുടെ പേരിൽ തന്നെ നിലനിർത്തും. പുതിയ സംസ്ഥാന കമ്മറ്റി ഓഫീസിന് ഇകെ നയനാറിന്റെ പേരിൽ നൽകുമെന്നാണ് സൂചന. സംസ്ഥാന സമിതിയുടെ കീഴിലാണ് വിളപ്പിൽശാലയിലെ ഇഎംഎസ് പഠന കേന്ദ്രം. എകെജിക്കും ഇഎംഎസിനും സമുചിതമായ സ്മാരകങ്ങൾ തലസ്ഥാനത്തുണ്ട്. നായനാരുടെ പേരിൽ പാലിയേറ്റീവ് കെയറിന്റെ കെട്ടിടവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ നേതാക്കളുടെ പേരല്ലാതെ മറ്റെന്തെങ്കിലും കമ്മ്യൂണിസ്റ്റ് സൂചകങ്ങൾ സംസ്ഥാന സമിതിക്ക് നൽകാനും ആലോചനയുണ്ട്.
കെട്ടിടം പണി പൂർത്തിയായ ശേഷമേ പേരിലെ ചർച്ചകളിലേക്ക് സിപിഎം കടക്കൂ. അത്യാധുനിക സംവിധാനങ്ങൾ എല്ലാം പുതിയ കെട്ടിടത്തിൽ ഉണ്ടാകും. എകെജി സെന്ററിന് തൊട്ടു മുന്നിലായതു കൊണ്ട് തന്നെ മറ്റ് ബുദ്ധിമുട്ടുകളൊന്നും ആർക്കും ഇതു കാരണം ഉണ്ടാകില്ല. കേരള സർവ്വകലാശാലയിൽ നിന്ന് അനുദിച്ചു കിട്ടിയ ഭൂമിയിലാണ് പാർട്ടി ആസ്ഥാനമെന്ന പഴി പലപ്പോഴും ഉയരുന്നുണ്ട്. ഇത് മറകടക്കാൻ കൂടിയാണ് പുതിയ നീക്കം.
മറുനാടന് മലയാളി ബ്യൂറോ