തിരുവനന്തപുരം : ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചലും ഉണ്ടായ വിവിധ ദുരന്ത പ്രദേശങ്ങളിൽ അടിയന്തര സന്നദ്ധപ്രവർത്തനത്തിന് മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർത്ഥിച്ചു.

ന്യൂനമർദ്ദ മഴയേയും ഉരുൾപൊട്ടലിനേയും തുടർന്ന് തെക്കൻ കേരളത്തിൽ പലയിടത്തും രൂക്ഷമായ സ്ഥിതിയാണ്. എല്ലാ സഹായത്തിനും പാർട്ടി പ്രവർത്തകർ മുന്നിട്ടിറങ്ങണം. ഒട്ടേറെ മേഖലകളിൽ കൃഷി നാശമുണ്ടായിട്ടുണ്ട്. റോഡുകൾ തകർന്നു. സ്ഥിതിഗതികൾ സാധാരണ ഗതിയിലാകുന്നതുവരെ ജനങ്ങൾ മലയോരമേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണം.

പുഴകളുടെ കരകവിഞ്ഞൊഴുക്കും വെള്ളക്കെട്ടും തുടരുകയാണ്. തീരപ്രദേശത്തേക്ക് ഈ വെള്ളം ഒഴുകിയെത്തുന്നതോടെ അവിടങ്ങളിലും കടുത്ത ജാഗ്രത ആവശ്യമാണെന്നും സിപിഐ. എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.