തിരുവനന്തപുരം: സർവ്വകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നും ഗവർണ്ണറെ മാറ്റിയേക്കും. ഇതിന് സിപിഎം തത്വത്തിൽ തീരുമാനം എടുത്തു. മന്ത്രിസഭയുടെ അംഗീകാരത്തോടെ ഇതിനുള്ള ബില്ലുകൾ സർക്കാർ നിയമസഭയിൽ അവതരിപ്പിക്കും. ഓർഡിനൻസിലൂടെ മാറ്റില്ല. പകരം നിയസഭയുടെ അംഗീകാരത്തോടെ ഗവർണ്ണറെ മാറ്റും.

രാഷ്ട്രപതി റാം നാഥ് കോവിന്ദിനു ഡി ലിറ്റ് നൽകണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശം കേരള സർവകലാശാല നിരസിച്ചത് പുതി വിവാദമായിട്ടുണ്ട്. സർക്കാരിനും സിൻഡിക്കറ്റിനും താൽപര്യമില്ലെന്ന മറുപടി വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻ പിള്ള രേഖാമൂലം ചാൻസലർ കൂടിയായ ഗവർണർക്കു നൽകി. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ താൽപ്പര്യമില്ലെന്ന വിചിത്ര മറുപടി ഗവർണ്ണറെ ഞെട്ടിച്ചിട്ടുണ്ട്. സിവിൽ സർവ്വീസിൽ പോലും മികവ് കാട്ടിയ വ്യക്തിത്വമാണ് രാഷ്ട്രപതി. അത്തരത്തിലൊരു വിദ്യാഭ്യാസ പരമായും രാഷ്ട്രീയമായും ഉന്നതിയിൽ നിൽക്കുന്ന വ്യക്തിക്ക് ഡി ലിറ്റ് നൽകില്ലെന്നത് രാജ് ഭവനെ അക്ഷരാർത്ഥത്തിൽ ചൊടിപ്പിച്ചു.

ഗവർണ്ണർ പറഞ്ഞതു കൊണ്ട് മാത്രമാണിതെന്ന് രാജ്ഭവനും വിലയിരുത്തുന്നു. തിരിച്ചടി എന്നപോലെ സംസ്‌കൃത സർവകലാശാലയിൽ സർക്കാർ നിർദ്ദേശിച്ചവർക്കു ഡി ലിറ്റ് നൽകാനുള്ള തീയതി ഗവർണറും മരവിപ്പിച്ചു. മുൻ വിസി ഡോ.എൻ.പി.ഉണ്ണി, നടി ശോഭന, ഡോ.ടി.എം.കൃഷ്ണ എന്നിവർക്കു ഡി ലിറ്റ് നൽകാനാണു സംസ്‌കൃത സർവകലാശാല തീരുമാനിച്ചത്. ഇതു സംബന്ധിച്ച സിൻഡിക്കറ്റ് യോഗത്തിന്റെ നിർദ്ദേശം ഗവർണർ അംഗീകരിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഭിന്നത രൂക്ഷമായി. ഈ സാഹചര്യത്തിലാണ് ഗവർണ്ണറെ മാറ്റുന്നത്.

താൻ ചാൻസലർ പദവി വഹിക്കുമ്പോൾ രാജ്യത്തിന്റെ അഭിമാനത്തിനു ക്ഷതം ഉണ്ടാക്കുന്ന തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായെന്നു ഗവർണർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു. കേരള വിസിയെ വിളിച്ചു വരുത്തിയാണു രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകണമെന്നു ഗവർണർ നിർദ്ദേശിച്ചത്. ഇക്കാര്യം രേഖാമൂലം നൽകുകയും ചെയ്തു. മുൻപ് കെ.ആർ.നാരായണനു ഡി ലിറ്റ് അനുവദിച്ച കീഴ്‌വഴക്കമുണ്ട്. ഗവർണറുടെ നിർദ്ദേശം വൈസ് ചാൻസലർ, സിൻഡിക്കറ്റ് അംഗങ്ങളെ അറിയിച്ചു. അവർ ഭരണ നേതൃത്വത്തിന്റെ അഭിപ്രായം തേടി. രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകാൻ താൽപര്യം ഇല്ലെന്നായിരുന്നു മറുപടി. തുടർന്നാണു വിസി ഗവർണറെ നേരിൽ കണ്ട് രേഖാമൂലം വിവരം അറിയിച്ചത്.

അതേസമയം, സിൻഡിക്കറ്റ് യോഗം ചേരാതെയാണു തീരുമാനം എടുത്തത്. സിൻഡിക്കറ്റ് ചേർന്നാൽ അംഗങ്ങളായ 6 സർക്കാർ പ്രതിനിധികൾക്ക് അവിടെ സർക്കാരിന്റെ അഭിപ്രായം പറയേണ്ടി വരുമായിരുന്നു. അത് ഒഴിവാക്കാൻ യോഗം തന്നെ വേണ്ടെന്നുവച്ചെന്നാണ് ആക്ഷേപം. സംസ്‌കൃത സർവകലാശാലയിൽ ഡി ലിറ്റ് നൽകാനുള്ള നടപടി ഇതിനു സമാന്തരമായാണ് നടന്നത്. ഇന്നലെ തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ഗവർണർ ഇന്ന് കൊച്ചിയിലേക്ക് പോകും. പാലക്കാട്ടുള്ള മുഖ്യമന്ത്രി ചൊവ്വാഴ്ചയേ തിരുവനന്തപുരത്തു മടങ്ങി എത്തൂ. അടുത്ത നിയമസഭാ സമ്മേളനത്തിൽ പുതിയ നിയമം എന്ന നിലയിലേക്കാണ് സർക്കാർ പോക്ക്.